വടകര - ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് വളയത്ത് നിന്ന് നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ജില്ലാ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുനിര പൂവംവയല്‍ എല്‍.പി സ്‌കൂളിലെ 18 നാലാം തരം വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ബസ് ഡ്രൈവറും പാചകക്കാരിയുമാണ് ആശുപത്രിയിലുള്ളത്. വെള്ളിയാഴ്ച സ്‌കൂളില്‍ ' പാഠഭാഗം ഊണന്റെ മേളം' എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ചോറ് ഒഴികെ മറ്റുള്ളവ വീടുകളില്‍ നിന്ന് പാചകം ചെയ്ത് എത്തിച്ചതാണ്. ഇങ്ങിനെ കൊണ്ടു വന്ന ഏതോ ഭക്ഷണ സാധനത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് അനുമാനം.
ഇന്നു രാവിലെ മുതലാണ് ഛര്‍ദ്ദിയും പനിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികള്‍ വളയം പി എച്ച് സിയില്‍ എത്തി തുടങ്ങിയത്. സമയം കഴിയുന്തോറും കുട്ടികള്‍ ഏറുകയും കൂടുതല്‍ ക്ഷീണിതരാകുകയും ചെയ്തതോടെ വടകര ഗവ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ല. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഉള്‍പ്പെടെ സ്‌കൂളിലെത്തി പരിശോധന നടത്തി. വീടുകളിലും പരിശോധന നടത്തും. ജനപ്രതിനിധികളും അധ്യാപകരും ആശുപത്രിയിലെത്തി.