Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിലെ മലയാളികൾ

യുദ്ധഭൂമിയായ ഇസ്രായിലിൽനിന്ന് ഇന്ത്യക്കാരെ  ഒഴിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ വേഗത്തിലാക്കണം. ഗുരുതരമായ സ്ഥിതിവിശേഷമാണ് അവിടെ നിലനിൽക്കുന്നത്. 'ഓപ്പറേഷൻ അജയ്'എന്ന് പേരിട്ടിട്ടുള്ള ദൗത്യത്തിന് ആവശ്യമെങ്കിൽ വ്യോമസേനാവിമാനങ്ങളും ഉപയോഗിക്കുമെന്ന കേന്ദ്രസർക്കാർ നിലപാട് അഭിനന്ദനീയമാണ്. 
ഇസ്രായിലിൽ 18000ത്തോളം ഇന്ത്യക്കാരാണുള്ളത്. ഇവരിൽ ഏഴായിരത്തോളം പേർ മലയാളികളുമാണ്. ആക്രമണത്തിൽ പരിക്കേറ്റ മലയാളിയായ കെയർഗീവർ ഷീജയുടെ നില മെച്ചപ്പെട്ടുവെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. മലയാളികളുൾപ്പെട്ട 220 അംഗങ്ങളുമായി ഇന്നലെ രാവിലെ ഇസ്രായിലിൽനിന്നുള്ള ആദ്യവിമാനം ഇന്ത്യയിലെത്തി. കൂടുതൽ പേർ ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കാം. 
ഇസ്രായിലിൽ കഴിയുന്നവരുടെ കാര്യമോർത്ത് വീട്ടുകാരും നാട്ടുകാരും ഒരുപോലെ ആശങ്കാകുലരാണ്. വേദനാജനകമായ വാർത്തകളാണ് ഫലസ്തീനിൽനിന്നും ഇസ്രായി ലിൽനിന്നും വന്നുകൊണ്ടിരിക്കുന്നത്. 
കേരള പ്രവാസികാര്യ വകുപ്പ് കേന്ദ്രസർക്കാരിനൊപ്പം കൈകോർത്ത് പ്രവർത്തിക്കേണ്ടസമയമാണിത്. പ്രവാസി ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി നിലവിൽ വന്ന വകുപ്പാണിത്. 
വിദേശരാജ്യങ്ങളിലും  ഇതരസംസ്ഥാനങ്ങളിലും  താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന കേരളീയരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. 1996ൽ നിലവിൽ വന്ന വകുപ്പിന്റെ ഫീൽഡ് ഏജൻസിയായി നോർക്ക റൂട്ട്സ് നിലവിലുണ്ട്.
വിദേശ രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങളിലേക്ക്  ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത് അയക്കുവാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജൻസി കൂടിയാണ് നോർക്ക. 
നിലവിൽ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും യു.കെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലേക്കും  റിക്രൂട്ട്മെന്റ് നടത്തിവരുന്നുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ  ടെക്നീഷ്യൻമാർ,  ഗാർഹിക ജോലിക്കാർ ഉൾപ്പെടെ 2500 ൽ അധികം പേരെ  ഇതിനോടകം റിക്രൂട്ട്  ചെയ്തിട്ടുണ്ട്. ഇതൊരു ചെറിയ സംഖ്യ മാത്രമാണ്. ഇതിന്റെ എത്രയോ ഇരട്ടിയാണ് നോർക്ക വഴിയല്ലാതെ വിദേശത്തേക്ക് പോയവർ.
ഇസ്രായിലിലേക്ക് പോയവരുടെ കാര്യത്തിൽ നോർക്കക്ക് യാതൊരു പങ്കുമില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വനിതകളുടെ കാര്യത്തിലെങ്കിലും വിദേശ രാജ്യത്തേക്ക് തൊഴിൽ തേടിപ്പോകുന്നത് നോർക്കവഴി മാത്രമെ പാടുള്ളുവെന്ന നിയമം വരണം. സ്ത്രീ സുരക്ഷക്കിതാവശ്യമാണ്. ഇസ്രായിലിൽ നമ്മുടെ സ്ത്രീകളെവിടെയാണെന്നോ, എന്തു തൊഴിലാണ് ചെയ്യുന്നതെന്നോ അറിയാനാവാത്ത നിലയാണിപ്പോഴുള്ളത്. ഇതിനി ആവർത്തിക്കാൻ പാടില്ല.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ പിന്തുണക്കുന്നതിൽ നോർക്കയുടെ പങ്ക് തെളിയിക്കപ്പെട്ടതാണ്. സുഡാനിൽ ആഭ്യന്തര കലാപം ഉണ്ടായതിനെ തുടർന്ന്  നടത്തിയ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെത്തിയ കേരളീയരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. മണിപ്പൂരിൽ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും നിലനിന്ന  സാഹചര്യത്തിൽ 63 വിദ്യാർഥികളെ നോർക്ക റൂട്ട്സ് നാട്ടിൽ തിരിച്ചെത്തിച്ചു. മോഖ ചുഴലിക്കാറ്റിനെ തുടർന്ന് ആൻഡമാൻ  നിക്കോബാറിൽ കുടുങ്ങിയ മലയാളി വിനോദയാത്രാസംഘത്തെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിച്ചു. ഇതിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ ഇസ്രായിലിൽ കുടുങ്ങിയവരുടെ കാര്യത്തിലും നടത്തി വരികയാണ്.
ഇസ്രായിലിൽനിന്ന് മടങ്ങിയെത്തുന്ന മലയാളികളെ  സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും  എയർപോർട്ടിൽ  ഹെൽപ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. മലയാളികളെ സഹായിക്കുന്നതിനായി ന്യൂദൽഹി കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. 
ഇസ്രായിലിൽ നിന്ന് കേരളത്തിലേക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ   വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിത്. ലിങ്ക്: https://keralahouse.kerala.gov.i/repatriation-of-keralites-from-israel
ഹമാസ്- ഇസ്രായിൽ യുദ്ധം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. ഇനിയുള്ള ഓരോ മണിക്കൂറും നിർണായകമാണ്. ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രായിൽ തടസപ്പെടുത്തിയതോടെ കൂടുതൽ നിരപരാധികളുടെ ജീവനവിടെ പൊലിയുമെന്നുറപ്പായി. പാർപ്പിടം നഷ്ടപ്പെട്ട ലക്ഷങ്ങൾ തെരുവിലാണ്. 
സിറിയയിലെ വിമാനത്താവളത്തിന് നേരെ ഇസ്രായിൽ ആക്രമണം ഉണ്ടായതോടെ യുദ്ധം വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പശ്ചിമേഷ്യ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. 
 ലോകത്തിന്റെ ഏതു ഭാഗത്തു യുദ്ധം നടന്നാലും അതിന്റെ ബുദ്ധിമുട്ടുകൾ ലോക ജനതയാകെ അനുഭവിക്കേണ്ടതായി വരുമെന്നതാണ് കഷ്ടം. അതുകൊണ്ടുതന്നെ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ലോകശക്തികളിലൊന്നും ഇസ്രായിലിന്റെ സുഹൃദ്‌രാജ്യമെന്ന നിലയിലും ഇന്ത്യയും സമാധാന പരിശ്രമങ്ങൾക്ക് മുൻകൈയെടുക്കേണ്ടതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലവും നാട്ടിലെത്തിയാൽ തൊഴിൽ സാധ്യത കുറവാണെന്നതുകൊണ്ടും ജീവൻ പോയാലും ഇസ്രായിലിൽതന്നെ തുടരാൻ നിർബന്ധിതരാകുന്നവരാണേറെയും. ഇത് നമ്മുടെ സർക്കാരുകൾക്ക് കൂടി പാഠമാകേണ്ടതാണ്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനുള്ള വികസന പദ്ധതികളാണ് ഇവിടെ മുന്നോട്ടുവെക്കേണ്ടത്. എന്നാൽ കുറഞ്ഞ തൊഴിൽ അവസരങ്ങൾ ഉള്ള വികസന മാതൃകകളാണ് നമ്മൾ ഇപ്പോഴും പിന്തുടരുന്നതെന്നത് ഖേദകരമാണ്. 150 കോടി ജനങ്ങളുള്ള രാജ്യമെന്ന നിലയിൽ തൊഴിലവസരങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. 
നിയമപരവും, ഗുണമേന്മയുള്ളതുമായ പ്രവാസത്തിന് യുവജനങ്ങളെ പ്രാപ്തരാക്കാനും  ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും സാന്ത്വനവും പുനരധിവാസവും ഒരുക്കുന്നതടക്കമുള്ള അർഥപൂർണമായ പ്രവർത്തനങ്ങൾ  നടത്തുന്നതിനൊപ്പം പ്രവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവാരാനുള്ള നടപടികളും അർത്ഥവത്തായി നടക്കണം. 
ജനക്ഷേമ വികസനമാകണം നമ്മുടെ മുദ്രാവാക്യം. കേരളീയർക്ക് കേരളത്തിൽതന്നെ മാന്യമായ ജോലി ലഭിക്കുന്ന നിലയുണ്ടാകണം. ഓരോ യുദ്ധവും ഇതാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. 
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഏറ്റവും വേഗത്തിലവസാനിപ്പിക്കുകയും ഫലസ്തീൻ പ്രശ്‌നത്തിൽ ശാശ്വതമായൊരു പരിഹാരം ഉണ്ടാവുകയും വേണം. ഇതാണ് ലോകം ആഗ്രഹിക്കുന്നത്.

Latest News