വിഴിഞ്ഞത്ത് വികസനത്തിന്റെ സൈറൺ മുഴങ്ങുമ്പോൾ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള ആദ്യ കപ്പൽ കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്ത് അടുത്തതോടെ കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിൽ അന്താരാഷ്ട്ര തലത്തിൽ വിഴിഞ്ഞത്തിന്റെ പേര് മുൻപന്തിയിൽ എഴുതിച്ചേർക്കാൻ പോകുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്‌നതുല്യമായ നേട്ടമാണ്. പ്രതിസന്ധികൾ ഒരുപാട് നീന്തിക്കയറി ഒടുവിൽ തീരത്തണയുമ്പോഴുള്ള ആശയും ആവേശവുമെല്ലാമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ കേരളം അനുഭവിക്കുന്നത്. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് നിർമ്മാണ ജോലികൾ പൂർത്തിയാകാനുണ്ടെങ്കിലും ദീർഘകാലമായി കണ്ടു കൊണ്ടിരിക്കുന്ന ഒരു സ്വപ്‌നം അതിന്റെ പരിസമാപ്തിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
എന്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തി എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. കൊച്ചു കേരളം ആഗോള ചരക്കു നീക്ക ഭൂപടത്തിന്റെ താക്കോൽ സ്ഥാനത്ത് ഇടം പിടിക്കാൻ പോകുന്നു. ഏകദേശം 7500 കിലോമീറ്റർ തീരദേശ മേഖലയുള്ള ഇന്ത്യയിൽ സ്വകാര്യ മേഖലയിലുള്ള ഒരു തുറമുഖം ഉൾപ്പെടെ 13 മേജർ തുറമുഖങ്ങളും 180 ഓളം മൈനർ തുറമുഖങ്ങളും ഉണ്ടായിട്ടും അന്താരാഷ്ട്ര കപ്പൽ പാതയിൽ നിർണ്ണായക സാന്നിധ്യമുണ്ടായിട്ടും ആഗോള ചരക്കു ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കാൻ ഇന്ത്യക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ആ പേര് ദോഷമാണ് വിഴിഞ്ഞം തുറമുഖം മാറ്റിയെടുക്കാൻ പോകുന്നത്. വിഴിഞ്ഞത്തിന് എന്ത് പ്രസക്തി എന്ന ചോദ്യത്തിന് ഈ ഒരു ഉത്തരം മാത്രം മതി.
വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങളെ പൂർണ്ണമായും ആശ്രയിച്ചുകൊണ്ടാണ് ഇന്ത്യയിൽ നിന്ന് കടൽ വഴിയുള്ള അന്താരാഷ്ട്ര ചരക്കു നീക്കം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സിംഗപ്പൂർ, ദുബായിലെ ജെബൽ അലി, ശ്രീലങ്കയിലെ കൊളംബോ തുടങ്ങിയ തുറമുഖങ്ങളാണ് കടൽ വഴിയുള്ള അന്താരാഷ്ട്ര ചരക്കു നീക്കത്തിൽ ഇന്ത്യയുടെ പ്രധാന ആശ്രയം. വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നതോടെ ആ സ്ഥിതി പൂർണ്ണമായും മാറും. അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിന്റെ പ്രധാന ഹബ്ബായി മാറാൻ വിഴിഞ്ഞത്തിന് കഴിയും.
വിഴിഞ്ഞത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ചില കണക്കുകൾ തന്നെ അതിനുള്ള ഉത്തരം തരും. ഇന്ത്യയുടെ വ്യാപാരത്തിന്റെ 95 ശതമാനവും, കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 70 ശതമാനവും കടൽ മാർഗമാണ് നടക്കുന്നത്. എന്നാൽ അന്താരാഷ്ട്ര ചരക്കുഗതാഗത സാധ്യതകളെ ചൈനയും ശ്രീലങ്കയും സിംഗപ്പൂരുമൊക്കൊയാണ് വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നത്. 2020 ൽ ഇന്ത്യയിലെ തുറമുഖങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കണ്ടെയ്‌നറുകളുടെ എണ്ണം 17 ദശലക്ഷം ടി ഇ യു (ട്വന്റി ഫുട്ട് ഇക്വലന്റ് യൂണിറ്റ് ) ആണ്. എന്നാൽ ഇതേ കാലയളവിൽ ചൈനയിലെ തുറമുഖങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെട്ടത് 245 ദശലക്ഷം ടി ഇ യു കണ്ടെയ്‌നറുകളാണ്. അതായത് ഇന്ത്യയുടെ സാധ്യതകൾ അയൽ രാജ്യങ്ങൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിൽ നിന്ന് മനസ്സിലാകുക.
2024 ഡിസംബറിൽ വിഴിഞ്ഞം തുറമുഖം ചരക്കു നീക്കത്തിന് സജ്ജമാകുമെന്നാണ് അധികൃതർ പറയുന്നത്. 2027 ആകുമ്പോഴേക്കും പൂർണ്ണ തോതിൽ തുറമുഖത്തിന്റെ ഉപയോഗം സാധ്യമാകും. 2015 ഓഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖം സംബന്ധിച്ച കരാർ ഒപ്പിട്ടതെങ്കിലും 2017ൽ മാത്രമാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത്. വിവാദങ്ങളും പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമെല്ലാം നിർമ്മാണ വേളയിൽ വലിയ തോതിലുള്ള തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. അതെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ ഏറെ സമയം എടുത്തതാണ് ഉദ്ദേശിച്ച വേഗതയിലേക്ക് പ്രവർത്തനങ്ങൾ എത്താതിരുന്നതിന് കാരണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സജ്ജമാകുന്നത്. കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാറിന്റെയും അദാനി പോർട്‌സിന്റെയും സംയുക്ത പദ്ധതിയാണിത്. ആദ്യ ഘട്ട നിർമ്മാണ ചെലവ് 7,700 കോടി രൂപയാണ്. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ തന്നെ വലിയ ജോലി സാധ്യതയാണ് മുന്നിലുള്ളത്.
തുറമുഖം പൂർണ്ണ തോതിൽ സജ്ജമാകുന്നതോടെ സമുദ്ര വ്യാപാര രംഗത്തെ ഇന്ത്യയുടെ പങ്കാളിത്തം ഏറെ വർധിക്കും. ഇത് ഇന്ത്യൻ സമ്പദ് ഘടനയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമാകും. 10,000 മുതൽ 20,000 ടിഇയു കണ്ടെയ്‌നർ ശേഷിയുള്ള മദർ ഷിപ്പുകൾ അടുക്കാൻ കഴിയുന്ന തുറമുഖങ്ങൾ രാജ്യത്ത് ഇല്ലാത്തതിനാലണ് വിദേശ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നത്. ഇന്ത്യയിലെ തുറമുഖങ്ങളിൽ നിന്നും ചെറുകപ്പലുകളിലാണ് കണ്ടെയ്‌നറുകൾ വിദേശത്തെ പ്രമുഖ തുറമുഖങ്ങളിലേക്ക് അയക്കുന്നതും ഇറക്കുന്നതും.
ഈ ചരക്ക് കൈമാറ്റത്തിനായി പ്രതിവർഷം 3,000 കോടിയിലധികം രൂപയാണ് ഇന്ത്യ ചെലവിടുന്നത്. ഇന്ത്യയിൽ വലിയ തുറമുഖങ്ങളില്ലാത്തതിനാൽ അന്യ രാജ്യങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കുന്നതിന് വേണ്ടി വരുന്ന ചെലവാണിത്. വിഴിഞ്ഞത്ത് നിന്ന് ചരക്കു നീക്കം ആരംഭിക്കുന്നതോടെ ഈ ചെലവ് ഒഴിവാക്കാൻ കഴിയും. വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കുമ്പോൾ ചരക്കുനീക്കത്തിൽ ഉണ്ടാകുന്ന കാലതമാസവും വലിയ പ്രതിസന്ധിയാണ്.
ഇതിനിടയിൽ ഉത്പന്നത്തിന്റെ വിലയിൽ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും രാജ്യത്തിന്റെ വ്യാപാര, വാണിജ്യ സാധ്യതകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇവിടെയാണ് ഇന്ത്യയുടെ സ്വന്തം മദർ പോർട്ട് എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തിയേറുന്നത്. ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്ന കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ആഗോള കപ്പൽ പാതയിൽ നിന്ന് കേവലം 10 നോട്ടിക്കൽ മൈൽ ദൂരം മാത്രമേ വിഴിഞ്ഞം തുഖമുഖത്തേക്ക് ഉള്ളൂവെന്നതും അന്താരാഷ്ട്ര വ്യാപാരത്തിന് ഏറെ അനുകൂലമായ ഘടകമാണ്. തുറമുഖത്തിന്ന് 18 മീറ്ററിലധികം സ്വാഭാവിക ആഴുമുണ്ടെന്നതും വലിയ സവിശേഷതയാണ്.
അയൽ രാജ്യങ്ങളായ ചൈനയും ശ്രീലങ്കയുമെല്ലാം സമുദ്ര വ്യാപാര രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ വിഴിഞ്ഞം പോലുള്ള ഒരു തുറമുഖത്തിന്റെ അഭാവമാണ് ഈ മേഖലയിൽ നേട്ടം കൊയ്യാൻ ഇന്ത്യയ്ക്ക് സാധിക്കാതെ പോയതിന് കാരണം. വിഴിഞ്ഞം തുറമുഖം പൂർണ്ണ സജ്ജമായാൽ ഇന്ത്യയുടെ സമുദ്ര വ്യാപാരത്തിന്റെ 70 ശതമാനവും ഇത് വഴി നടത്താനാകും. ലോകത്തെ ഏറ്റവും വലിയ കപ്പലിന് പോലും തീരത്ത് അടുക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും.
എട്ടു വർഷം മുൻപാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ കരാർ ഒപ്പിട്ടതെങ്കിലും യാഥാർത്ഥത്തിൽ ഏഴര പതിറ്റാണ്ടു മുൻപ് തന്നെ തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നു.
1944 ൽ തിരുവിതാംകൂർ രാജാവ് ചിത്തിരത്തിരുന്നാൾ ബാലരാമ വർമ്മയാണ് വിഴിഞ്ഞത്ത് തുറമുഖം സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള സാധ്യതകൾ അന്വേഷിച്ചത്. അതിന് വേണ്ടി സർവ്വേ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാറുകളൊന്നും അടുത്തകാലം വരെ ഇതിന്റെ സാധ്യതകളെയും അത് യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ചുമൊന്നും കാര്യമായ നീക്കങ്ങൾ നടത്തിയില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണെങ്കിലും വിഴിഞ്ഞം തുറുമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കേരളം നിർണ്ണായക പങ്ക് വഹിക്കാൻ പോകുകയാണ്.