Sorry, you need to enable JavaScript to visit this website.

മംഗൽപാടി പഞ്ചായത്തിൽ ജീവനക്കാരില്ല; ഉദ്യോഗസ്ഥനെ ബന്ദിയാക്കി പ്രതിഷേധം

കാസർകോട്- മംഗൽപാടി പഞ്ചായത്തിൽ ജീവനക്കാരില്ലാത്തത്തിനാൽ സ്ഥിതി സങ്കീർണമായി. പ്രശ്‌നം ചർച്ച ചെയ്യാൻ പഞ്ചായത്ത് ഓഫീസിലെത്തിയ ജോയിന്റ് ഡയറക്ടറെ മുഴുവൻ മെമ്പർമാരും ചേർന്ന് ഓഫീസിനകത്ത് പൂട്ടിയിട്ട് ബന്ദിയാക്കി. ജോയിന്റ് ഡയറക്ടർ സുമേഷിനെതിരെയായിരുന്നു പ്രതിഷേധം. 
കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ നാല് അംഗങ്ങൾ ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. പിന്നീട് ജോയിന്റ് ഡയറക്ടർ വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ളിൽ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് തുറന്ന് കൊടുത്തത്. പഞ്ചായത്ത് ഓഫീസിൽ 16 ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ ആകെയുള്ളത് ആറ് പേർ മാത്രമാണ്. ഇതിൽ തന്നെ ഒരു ഓഫീസ് അസിസ്റ്റന്റ് അപകടത്തിൽപെട്ട് കൈയൊടിഞ്ഞ് മെഡിക്കൽ അവധിയിലാണ്. ആറ് ക്ലാർക്കുമാർ വേണ്ടിടത്ത് ഒരാളാണ് ഉണ്ടായിരുന്നത്. പുതുതായി മൂന്ന് പേരെ മുനിസിപ്പാലിറ്റികളിൽ നിന്ന് ഇവിടേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് പഞ്ചായത്തിന്റെ സോഫ്റ്റ് വെയറിനെ കുറിച്ച് അറിയാത്തത് കൊണ്ട് നിലവിലെ ക്ലാർക്കാണ് ട്രെയിനിംഗ് നൽകുന്നത്.
ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു ജൂനിയർ സൂപ്രണ്ടിനെ നിയമിച്ചിട്ടുണ്ടെങ്കിലും സോഫ്റ്റ് വെയർ വശമില്ലാത്തതിനാൽ ഇദ്ദേഹവും ട്രെയിനിംഗിലാണ്. കെട്ടിട വിഭാഗത്തിൽ കൃഷി വകുപ്പിൽ നിന്നും ഒരാൾ ഡെപ്യൂട്ടേഷനിൽ ഇവിടെ ക്ലാർക്കായി ജോലി ചെയ്തിരുന്നെങ്കിലും ഈ ജീവനക്കാരൻ അനധികൃതമായി അവധി എടുത്തിരിക്കുകയാണെന്നും വാർഡ് അംഗങ്ങൾ പറയുന്നു. അഞ്ച് മാസത്തോളമായി ഇയാളുടെ സേവനവും ലഭിക്കുന്നില്ല. ജീവനക്കാരന്റെ അഞ്ച് മാസത്തെ ശമ്പളം പോലും തടഞ്ഞു വെച്ചിരിക്കുകയാണ്. 
സെക്രട്ടറിയും ഒരു ക്ലാർക്കും മാത്രമാണ് ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നത്. അഞ്ച് മാസമായി ജീവനക്കാർ ഇല്ലാത്തത് മൂലം പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തങ്ങൾ പോലും തടസപ്പെട്ടിരിക്കുകയാണ്. പെൻഷൻ, ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ലൈഫ് ഭവന പദ്ധതി തുടങ്ങിയ നൂറു കണക്കിന് അപേക്ഷകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. അപേക്ഷയുമായി എത്തുന്നവർക്ക് മുന്നിൽ പേരിന് മാത്രമുള്ള ജീവനക്കാർ നിസ്സഹായരാണ്. റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം, പൊതുമരാമത്ത്, പട്ടികജാതി വികസനം, മീൻ തൊഴിലാളി വികസനം തുടങ്ങി പഞ്ചായത്തിന്റെ എല്ലാ പദ്ധതികളും സ്തംഭിച്ച 
അവസ്ഥയിലാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏത് ഉദ്യോഗസ്ഥനെയും ഇവിടെ ഒരു വർഷ കാലാവധി അവസാനിക്കും മുമ്പ് സ്ഥലം മാറ്റുന്ന അവസ്ഥയാണുള്ളതെന്ന് പഞ്ചായത്ത് സമിതി അംഗങ്ങൾ കുറ്റപ്പെടുത്തി. ഒഴിവുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ നിയമിക്കണമെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ-പ്രതിപക്ഷ ഭേദമന്യേ ആകെയുള്ള 23 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

Latest News