തൃശൂര്‍- കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 87.75 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടിയതായി ഇ.ഡി. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 117 വസ്തുവകകളും 11 വാഹനങ്ങളുമാണ് ഇത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍നിന്നാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 92 അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളും ഇ.ഡി കണ്ടുകെട്ടി. പിടിച്ചെടുത്ത സ്വത്തുക്കള്‍ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ബാങ്ക് വഴി നല്‍കാനാണ് ഇ.ഡിയുടെ തീരുമാനം.
പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരെയാണ് കേസില്‍ ഇ.ഡി ഇതുവരെ അറസ്റ്റ് ചെയ്തത്. കേസില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി.വി സുഭാഷിനെ ഇ.ഡി ചോദ്യം ചെയ്തു.