തലശ്ശേരി- പോലീസ് ജീപ്പ് തടഞ്ഞെന്നാരോപിച്ച് കേസെടുത്ത യുവാവിനെ പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതി. ഈ നാട്ടിൽ ജീവിക്കാനനുവദിക്കുകയില്ലെന്ന് ചൊക്ലി പോലീസ് ഭീഷണിപ്പെടുത്തിയതായി പോലീസ് പ്രതി ചേർക്കപ്പെട്ട സനൂപ് പരാതിപ്പെട്ടു. ചൊക്ലി പോലീസിന്റെ ഭീഷണിക്കെതിരെയും തനിക്കെതിരെയിട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടും കോടതിയെ സമീപിക്കുമെന്നും കൊച്ചിയങ്ങാടിയിലെ നന്നാറത്ത് വീട്ടിൽ സനൂപ് (38)പറഞ്ഞു.
നിർത്തിയിട്ട ബൈക്കിനു മേലെ ഇരുന്ന സനൂപിനെ ഹെൽമെറ്റ് ഇല്ലെന്ന് പറഞ്ഞാണ് പോലീസ് 500 രൂപ ഫൈൻ അടിച്ചത്. തുടർന്ന് എസ്.ഐ സീറ്റ് ബൽറ്റിടാത്ത കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നുള്ള വാക്കേറ്റത്തിൽ സനൂപിന്റെയും സുഹൃത്തുക്കളുടെയും പേരിൽ പോലീസ് വാഹനം തടഞ്ഞെന്ന കേസും ചാർജ് ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായ വേളയിലാണ് പോലീസ് തന്നെ നാട്ടിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിപ്പെട്ടത.്
പോലീസിന്റെ കൃത്യനിർവഹണം തടസെപ്പടുത്തുകയോ പോലീസ് വാഹനം തടയുകയോ താൻ ചെയ്തിട്ടില്ലെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നും അക്കാര്യങ്ങൾ മൊബൈൽ ഫോണിൽ വൈാറലായ ദൃശ്യങ്ങൾ കണ്ടാൽ എല്ലാവർക്കും മനസിലാകുമെന്നും സനൂപ് പറഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്റ്റേഷൻ ജാമ്യത്തിനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ ഓഫീസറായ സി.ഐയാണ് ഭീഷണിപ്പെടുത്തിയതെന്നും സി.പി.എം പ്രവർത്തകൻ കൂടിയായ സനൂപ് കൂട്ടിച്ചേർത്തു. നിന്നെ ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും, ഒന്നും ഇവിടെ തീർന്നില്ലെന്നും സി.ഐ പറഞ്ഞതായും സനൂപ് ആരോപിച്ചു. സി.ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും സനൂപ് കൂട്ടിച്ചേർത്തു.
പോലീസ് സീറ്റ് ബെൽറ്റ് ഇടാത്തതിനെ തുടർന്നായ തർക്കമാണ് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലേക്ക് നയിച്ചത്. സനൂപ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് കേസ്. ഇതിൽ സനൂപ്, ഫായിസ് എന്നിവർ അറസ്റ്റിലായി. അതിനിടെ പോലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് പുല്ലൂക്കര മുക്കിൽപീടികയിൽ വെച്ച് ചൊക്ലി സബ് ഇൻസ്‌പെകടർ ആർ.രജ്ജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ബഹളം നടന്നത്.
ഫോട്ടോ- സനൂപ്