Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നവരെ തടയിടാന്‍ ശൈലജ ടീച്ചറുടെ ഹമാസ് വെടി

കണ്ണൂര്‍ - ഫലസ്തീനിലെ പോരാട്ടത്തെക്കുറിച്ച് സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടില്‍നിന്ന് വിരുദ്ധമായ അഭിപ്രായം പറയാന്‍ മുന്‍ ആരോഗ്യമന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ ശൈലജയെ പ്രേരിപ്പിച്ചതെന്താണ്. ശൈലജ ടീച്ചര്‍ ഹമാസ് വിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നത് സി.പി.എമ്മില്‍ വലിയ ആശയക്കുഴപ്പമാണുണ്ടാക്കിയത്. ടീച്ചറുടെ പ്രസ്താവനയെ പരോക്ഷമായി തള്ളിപ്പറഞ്ഞ് താരതമ്യേന ജൂനിയറായ എം സ്വരാജ് കടുത്ത വാക്കുകളുമായി രംഗത്തുവന്നതും പാര്‍ട്ടിയിലെ ഉന്നതരുടെ അറിവോടെയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയുമായി മാനസികമായി അകന്ന നിലയിലാണ് ശൈലജ ടീച്ചര്‍. കോവിഡ് വിരുദ്ധ പോരാളിയെന്ന ടീച്ചറുടെ പ്രതിച്ഛായ പാര്‍ട്ടിക്ക് അത്ര പിടിക്കുന്നില്ല. വലിയ സമ്മര്‍ദത്തിനൊടുവിലാണ് മത്സരിക്കാന്‍ സീറ്റ് ലഭിച്ചത്. മന്ത്രിയാക്കിയതുമില്ല. പൊതുവേ ടീച്ചറെ അവഗണിക്കുകയാണ് പാര്‍ട്ടി. ഇതിനിടെ ലോക്‌സഭയിലേക്ക് നിര്‍ത്തി മത്സരിപ്പിക്കാനും ആലോചിക്കുന്നു. ജയിച്ചാല്‍ ദല്‍ഹിയില്‍ ഒതുക്കാം, തോറ്റാല്‍ ഇവിടെയും എന്ന ചിന്തയാണെന്നാണ് ടീച്ചറോട് അടുപ്പമുള്ളവര്‍ കരുതുന്നത്.

ലോക്‌സഭാ സീറ്റിലേക്ക് മത്സരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന് തടയിടാനുള്ള നീക്കമാണ് ഹമാസ് വിരുദ്ധ പ്രസ്താവനയിലൂടെ ടീച്ചര്‍ നടത്തിയതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സ്വരാജിനെ വെച്ച് ഇതിന് മറുപടി നല്‍കിയതുകൂടാതെ മുഖ്യമന്ത്രി തന്നെ ഇത് തള്ളാതെ തള്ളുകയും ചെയ്തു.

ലോക്‌സഭയില്‍ മത്സരിക്കാന്‍ ശൈലജക്ക് താല്‍പര്യക്കുറവുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലോക്‌സഭയിലേയ്ക്ക് മല്‍സരിച്ച് ജയിച്ചാലും തോറ്റാലും അത് സംസ്ഥാന രാഷ്ട്രീയത്തിലുള്ള ശൈലജയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകും. പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്ന വിഭാഗമാണ് ലോക്‌സഭയിലേക്ക് തന്റെ പേര് പരിഗണിക്കുന്നതെന്ന ആശങ്കയാണ് ശൈലജക്കുള്ളത്.

ശൈലജ ലോക്‌സഭയിലേയ്ക്ക് വിജയിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തിന് പുറത്താകും. സാദാ എംപിയായി ദല്‍ഹിയില്‍ ഒതുങ്ങും. അഥവാ പരാജയപ്പെട്ടാല്‍ ജനപ്രീതി നഷ്ടപ്പെട്ടുവെന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന രാഷ്ട്രീയത്തിലെ കൂടുതല്‍ ഉത്തരവാദിത്വങ്ങളില്‍നിന്നു മാറ്റി നിര്‍ത്തുകയുമാകാം.

ഇത് കണ്ടറിഞ്ഞുതന്നെയാണ് പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കവേ പാര്‍ട്ടി നിലപാടിനെതിരെ ശൈലജ രംഗത്തുവന്നതെന്ന് വ്യക്തം. അതോടുകൂടി ശൈലജയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്ക് പുനരാലോചന വേണ്ടിവരും.
കഴിഞ്ഞ ദിവസം ശൈലജയുടെ നിലപാടിന് ഘടകവിരുദ്ധമായി ഹമാസ് വിഷയത്തില്‍ പാര്‍ട്ടി ലൈനിലുള്ള പോസ്റ്റുമായി എം. സ്വരാജ് രംഗത്തുവന്നതും ശൈലജക്കുള്ള പാര്‍ട്ടിയുടെ മുന്നറിയിപ്പായിരുന്നു.

 

Latest News