- സയ്‌ന, പ്രണീത് പുറത്ത്
നാൻജിംഗ് - കഴിഞ്ഞ വർഷത്തെ ആവേശകരമായ ഫൈനലിലെ വികാരനിർഭരമായ തോൽവിക്ക് പി.വി സിന്ധു കണക്കുതീർത്തു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻ നൊസോമി ഒകുഹാരയെ 21-17, 21-19 ന് സിന്ധു തോൽപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ അടുത്തെങ്ങുമെത്തിയില്ലെങ്കിലും രണ്ടാം ഗെയിമിൽ 19-19 വരെ ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങി. നാലാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. മറ്റൊരു ജപ്പാൻ താരം അകാനെ യാമാഗുചിയുമായി സിന്ധു സെമി കളിക്കും.
എന്നാൽ സയ്‌ന നേവാളും ബി. സായ്പ്രണീതും പുറത്തായി. നിലവിലെ ഒളിംപിക് ചാമ്പ്യൻ കരൊലൈന മാരിനെതിരെ ഒട്ടും ഫോമിലേക്കുയരാതിരുന്ന സയ്‌ന 6-21, 11-21 ന് പൊരുതാതെ കീഴടങ്ങി. 2015 ലെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്. അന്നും മാരിനാണ് ജയിച്ചത്. ഏഴാം സീഡായ മാരിൻ പത്താം സീഡ് സയ്‌നക്ക് ഒരവസരവും നൽകിയില്ല. മാരിന്റെ വേഗവുമായി പിടിച്ചുനിൽക്കാൻ സാധിച്ചില്ലെന്ന് സയ്‌ന പറഞ്ഞു. ഹെ ബിംഗ്ജിയാവോയുമായി മാരിൻ സെമി കളിക്കും. ഇരുപത്തഞ്ചുകാരി മൂന്നാം ലോക കിരീടമാണ് ലക്ഷ്യമിടുന്നത്.
പുരുഷ സിംഗിൾസിൽ അവശേഷിച്ച ഏക ഇന്ത്യൻ താരമായ സായ്പ്രണീതിനും നിറം കെട്ട ദിനമായിരുന്നു. ഏഷ്യൻ ചാമ്പ്യൻ ജപ്പാന്റെ കെൻഡൊ മൊമോതയോട് ഇന്ത്യൻ താരം 12-21, 12-21 ന് കീഴടങ്ങി. ഡബ്ൾസിൽ അവശേഷിച്ച ഏക ഇന്ത്യൻ ജോഡി സത്‌വിക്‌സായ്‌രാജ് രംഗിറെഡ്ഢി-അശ്വിനി പൊന്നപ്പ കൂട്ടുകെട്ടിന്റെ മെഡൽ സ്വപ്‌നവും അവസാനിച്ചു. ടോപ് സീഡുകളായ ചൈനയുടെ ഷെംഗ് സിവെയ്-ഹുവാംഗ് യാക്വിയോംഗ് കൂട്ടുകെട്ടിനോട് അവർ 17-21, 10-21 ന് കീഴടങ്ങി.
പുരുഷ ചാമ്പ്യനും പുറത്ത്
നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ഡെന്മാർക്കിന്റെ വിക്ടർ ആക്‌സൽസൻ, വനിതാ ടോപ് സീഡ് തായ് യിംഗ് സു എന്നിവരും ക്വാർട്ടർ ഫൈനൽ കടന്നില്ല. ഒളിംപിക് ചാമ്പ്യൻ ചൈനയുടെ ചെൻ ലോംഗാണ് ആക്‌സൽസനെ കീഴടക്കിയത്. ഈ വർഷം 36 കളികളിൽ ഒരു തോൽവി മാത്രം നേരിട്ട തായ് സു യിംഗിനെ ചൈനയുടെ ഹെ ബിംഗ്ജിയാവൊ മൂന്നു ഗെയിമിൽ കീഴടക്കി (21-18, 7-21, 21-13).
ചൈനീസ് താരങ്ങൾ തമ്മിലാണ് പുരുഷ സെമി. ചൂ ടാൻ ചൂവിനെ 21-16, 15-21, 21-18 ന് കീഴടക്കിയ ഷി യുക്വിനുമായി ചെൻ ലോംഗ് കളിക്കും. മൊമോതയും മലേഷ്യയുടെ ഡാരൻ ലിയുവുമായാണ് രണ്ടാം സെമി.