ന്യൂഡൽഹി - പാറശ്ശാലയിലെ ഷാരോൺ രാജ് എന്ന കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ട്രാൻസ്ഫർ പെറ്റീഷൻ സുപ്രിംകോടതി തള്ളി. വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഹരജിയാണ് സുപ്രിംകോടതി തള്ളിയത്.
സംഭവം നടന്ന സ്ഥലം തമിഴ്‌നാട്ടിലാണെന്നും നെയ്യാറ്റിൻകര കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മയും അമ്മാവനും ചേർന്ന് വിചാരണക്കോടതി തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
മാവേലിക്കര സബ് ജയിലിലായിരുന്ന ഗ്രീഷ്മ ഒരു വർഷത്തിനുശേഷം കഴിഞ്ഞ ആഴ്ചയാണ് ഉപാധികളോടെ കേരള ഹൈക്കോടതിയിൽനിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടായത്. അതാണ് സുപ്രിംകോടതിയിൽ ഫലം കാണാതെ പോയത്.