പെരിന്തല്‍മണ്ണ-അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. നിലമ്പൂര്‍ അമരമ്പലം സ്വദേശി പനങ്ങാടന്‍ അബ്ദുള്‍റഷീദി(39)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്്. പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളിലും ഫ്‌ളാറ്റിലുമെത്തി മരുന്നു കച്ചവടം ആണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞു തൊഴിലാളികളെ കബളിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിവരികയായിരുന്നു ഇയാള്‍. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 20ലേറെ മോഷണ കേസുകളും വഞ്ചനാകേസുകളും കവര്‍ച്ച കേസുകളും നിലവിലുണ്ട്. പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ വ്യാപകമായി മോഷണം പോകുന്നതായി
പോലീസിനു പരാതി ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ മോഷ്ടിച്ചാല്‍ പരാതി കുറയും എന്നതാണ് പ്രതിയെ ഇത്തരം കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പെരിന്തല്‍മണ്ണ ബൈപ്പാസിലെ ലോഡ്ജില്‍ നിന്നു പിടികൂടിയത്. പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു എസ്.ഐ പ്രദീപന്‍, സീനിയര്‍ സി.പി.ഒ ജയമണി, സി.പി.ഒമാരായ ഷിജു സത്താര്‍, സല്‍മാന്‍ പള്ളിയാല്‍തൊടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.