ഗുഹക്കുള്ളിൽ അകപ്പെട്ട എലികളെപ്പോലെ ഗാസ നിവാസികൾ. ഏത് നിമിഷവും വാതിൽ തുറന്നെത്താവുന്ന മരണത്തെ ഭയന്ന് ഇസ്രായിലികൾ. കടുത്ത മാനുഷിക ദുരന്തത്തിന് നടുവിൽ ഒരു ജനത നിസ്സഹായരായി നിൽക്കുമ്പോൾ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് വാദിച്ചു സമയം കളയുന്നതിൽ അർഥമില്ല. ഗാസയെ ഇല്ലാതാക്കിയാൽ ഇസ്രായിൽ സുരക്ഷിതമായി എന്ന് കരുതുന്നതിൽ എന്ത് ന്യായമാണുള്ളത്.
ഗാസയും അതിലെ താമസക്കാരും മുച്ചൂടും ഇല്ലാതാകണമെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു ഇസ്രായിൽ പ്രധാനമന്ത്രിയായിരുന്ന യിസ്ഹാഖ് റാബിൻ. ഇതിനായി ഗാസയെ മറ്റൊരു ഹിരോഷിമയാക്കി മാറ്റാൻ അദ്ദേഹം ആഗ്രഹിച്ചു. റാബിൻ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായിരുന്നു ഇസ്രായിൽ രാഷ്ട്രീയത്തിൽ എന്നും വിവാദ നായകനായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എങ്കിലും റാബിന്റെ അഭിലാഷം സാക്ഷാത്കരിച്ചു നൽകാനുള്ള ദൃഢനിശ്ചയമാണ് നെതന്യാഹുവിന്റെ പ്രവൃത്തികളിൽ കാണുന്നതെന്ന് നിരീക്ഷിക്കുന്നത് പ്രമുഖ ഫലസ്തീനി മാധ്യമ പ്രവർത്തകൻ ബാകിർ ഉവൈദിയാണ്. ഗാസയെ ഇസ്രായിലിന്റെ ഹിരോഷിമയാക്കി നെതന്യാഹു മാറ്റുമെന്ന് അദ്ദേഹം ഭയക്കുന്നു.
കടുത്ത മാനുഷിക ദുരന്തത്തിന് നടുവിൽ ഒരു ജനത നിസ്സഹായരായി നിൽക്കുമ്പോൾ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് വാദിച്ചു സമയം കളയുന്നതിൽ അർഥമില്ല. ഗാസ എന്ന ഭൂപ്രദേശത്തെ മാത്രമല്ല, അവിടത്തെ നിവാസികളെയും ഉന്മൂലനം ചെയ്യണമെന്നാണ് നെതന്യാഹുവും ഇസ്രായിലിന്റെ രാഷ്ട്രീയ നേതൃത്വവും ആഗ്രഹിക്കുന്നത്. ഗാസയിലെ ജനങ്ങൾക്കെതിരെ നടത്തുന്ന നിഷ്ഠുരമായ ആക്രമണങ്ങളിൽ രോഷവും സങ്കടവുമുള്ളവർ ഇസ്രായിലിൽ തന്നെയുണ്ടെങ്കിലും തീവ്രദേശീയതയുടെ ഗ്വാഗ്വാ വിളികൾക്കിടയിൽ അവരുടെ ശബ്ദം മുങ്ങിപ്പോകുന്നു.
ഗാസ മുനമ്പിനെ എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയുന്ന സൈനിക ശക്തിയും വിനാശകരമായ കഴിവുകളും ഇസ്രായിലിനുണ്ട്. ഗാസയെ ഹിരോഷിമക്ക് തുല്യമായ ജനശൂന്യ പ്രദേശമായി മാറ്റാൻ അവരുടെ പ്രഹരശേഷിക്ക് കഴിയുമായിരിക്കും. സാധ്യത വളരെ കുറവായ ഈ സാങ്കൽപിക സാഹചര്യം വന്നു ചേരുന്നു എന്ന് കരുതുക. നെതന്യാഹു പ്രഖ്യാപിച്ച പോലെ ഗാസ വിജന മരുഭൂമിയായി മാറിക്കഴിഞ്ഞാൽ അത് ഇസ്രായിലി സുരക്ഷ എന്ന ആശയത്തിലെ കളങ്കം മായ്ക്കുകയോ സമീപകാല സംഭവങ്ങളുടെ അനന്തരഫലങ്ങളെ മാറ്റുകയോ ചെയ്യുമാ? ഇല്ല എന്നു തന്നെയാണുത്തരം.
ചരിത്രത്തിൽ ഇസ്രായിൽ നടുങ്ങിയ രണ്ട് സംഭവങ്ങളുണ്ട്. ഒന്ന്,
ഈജിപ്ത് സൂയസ് കനാൽ കടന്നതാണ്. മറ്റൊന്ന് ഗോലാൻ കുന്നുകളിലേക്കുള്ള സിറിയൻ കടന്നുകയറ്റം. ഈ രണ്ടു സംഭവങ്ങളുടെയും അമ്പതാം വാർഷികത്തിന്റെ പിറ്റേന്നാണ് ഇസ്രായിൽ ചരിത്രത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത മൂന്നാമത്തെ നടുക്കം ഹമാസ് സമ്മാനിച്ചത്. ഇസ്രായിലിനും സഖ്യകക്ഷികൾക്കും അചിന്ത്യമായ ആക്രമണമായിരുന്നു ശനിയാഴ്ച നടന്നത്. നിരപരാധികൾ വധിക്കപ്പെട്ടു, ബന്ദികളായി. സൈനികർ മാത്രമല്ല, സാധാരണക്കാരും കുഞ്ഞുങ്ങളും ഹമാസിന്റെ പിടിയിലുണ്ട്. അതിശക്തമായ ജൂതരാഷ്ട്രത്തെ വരുതിക്ക് കൊണ്ടുവരാൻ ഇത്തരം കടന്ന പ്രവൃത്തികൾ അനിവാര്യമാണെന്ന് ഹമാസ് കരുതുന്നുണ്ടാകാം. ഗാസയിൽ നടത്തുന്ന മുന്നറിയിപ്പില്ലാത്ത ഓരോ ആക്രമണത്തിനും മറുപടിയായി ഓരോ ബന്ദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഹമാസ് അത് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വിലപേശാൻ ബന്ദികളെ അവർ ഉപയോഗിച്ചേക്കാം. മാത്രമല്ല, അവരെ കൊലപ്പെടുത്തുന്നതും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ഹമാസിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഹമാസ്, ഇസ്‌ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകര സംഘടനയല്ല. അതൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് എന്നതിനാൽ അത്തരം കിരാതത്വങ്ങളിലേക്ക് പോകില്ലെന്നാണ് രാജ്യാന്തര സമൂഹത്തിന്റെ പ്രതീക്ഷ.
മറുവശത്ത്, ഗാസയിലെ ജനങ്ങൾ സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ബഹുനില മന്ദിരങ്ങളുടെ അസ്തിവാരത്തിലേക്ക് തുരന്നുകയറുന്ന ഇസ്രായിലി മിസൈലുകൾ കെട്ടിടങ്ങളെ ഒന്നാകെ എടുത്തുമറിക്കുകയാണ്. കൊല്ലപ്പെടുന്നവരിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഒട്ടേറെയുണ്ട്. ഗാസയിലെ ഒരിഞ്ച് പ്രദേശം പോലും സുരക്ഷിതമല്ല. യാതൊരു യുദ്ധനീതിയും അവിടെ പാലിക്കപ്പെടുന്നില്ല. മാരകമായ പരിക്കുകളോടെ രക്ഷപ്പെടുന്നവർക്കാകട്ടെ, ചികിത്സ കിട്ടുന്നില്ല. മരുന്നോ മെഡിക്കൽ ഉപകരണങ്ങളോ ഇല്ല. രക്തം തുടയ്ക്കാൻ കോട്ടൺ പോലുമില്ലെന്ന് ഒരു ഡോക്ടർ വിലപിക്കുന്നു. വെളിച്ചമില്ല. ഭക്ഷണമോ വെള്ളമോ ഇല്ല. ഗാസയിലേക്ക് കടക്കാനുള്ള എല്ലാ വഴികളും അടഞ്ഞു. ഈജിപ്തുമായുള്ള റഫാ ക്രോസിംഗ് പോലും ഇതെഴുമ്പോഴും അടഞ്ഞുകിടക്കുകയാണ്. ഒരു ഗുഹക്കുള്ളിൽ എലികളെപ്പോലെ അകപ്പെട്ടിരിക്കുകയാണ് ഗാസക്കാർ.
ഇരുകൂട്ടരും സഹിക്കുന്ന ഈ കഷ്ടപ്പാടുകൾ ആവശ്യമാണോ? നേരെയുള്ള ഉത്തരം ഇല്ല, അത് തികച്ചും അനാവശ്യമാണ് എന്ന് തന്നെ. മറ്റൊരു ചോദ്യവും ഉയർന്നുവരുന്നു: രണ്ട് കക്ഷികൾക്കും അവർ അനുഭവിക്കുന്ന വേദന ഒഴിവാക്കാമായിരുന്നോ? യാതൊരു സംശയവുമില്ലാതെ, അതെ എന്നായിരിക്കും ഉത്തരം. അത് പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഖേദകരമെന്നു പറയട്ടെ, പുരാതന ഇസ്രായിലിലെ യഹൂദ്യ-ശമര്യ രാജ്യങ്ങൾ തമ്മിലോ ആയിരക്കണക്കിന് വർഷം മുമ്പ് ഫിലിസ്ത്യർക്കെതിരെയോ അല്ലെങ്കിൽ 75 വർഷം മുമ്പ് ഫലസ്തീന്റെ മിക്ക ഭാഗങ്ങളും കവർന്നെടുത്തുകൊണ്ട് ഇസ്രായിൽ ഒരു രാഷ്ട്രമായി സ്ഥാപിതമായതിന് ശേഷമോ അത്തരം ഒരു ശാന്തതയുടെ സാഹചര്യം ഉണ്ടായിട്ടില്ല. വിദൂര ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് ഒഴിവാക്കുകയും ഈ ചോദ്യത്തിന് ശക്തമായ ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ നമ്മുടെ മുമ്പിൽ വികസിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ബുദ്ധിപരമായിരിക്കാം: എന്തുകൊണ്ടാണ് ഈ കഷ്ടപ്പാടുകളെല്ലാം?
ഉത്തരം കണ്ടെത്തുന്നതിന്, ബ്രിട്ടന്റെയും അവരുടെ കോളനി താൽപര്യങ്ങളുടെയും ചരിത്രപരമായ പങ്ക് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇസ്രായിൽ രാഷ്ട്രം സ്ഥാപിതമാകുന്നതിന് മുമ്പ് അറബ് മേഖലയിലുണ്ടായ സംഭവങ്ങളുടെ വിവിധ ഘട്ടങ്ങളിൽ ബ്രിട്ടന്റെ ഇടപെടലിന്റെ സമഗ്രമായ വിലയിരുത്തൽ ആവശ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫലസ്തീനിൽ നടന്ന സംഭവങ്ങൾക്ക് പ്രേരണ നൽകിയതിന് ബ്രിട്ടീഷ് ഗവൺമെന്റുകൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നത് വസ്തുനിഷ്ഠ യാഥാർഥ്യമാണ്. 1917 നവംബർ രണ്ടിന് നടത്തിയ ബാൽഫോർ പ്രഖ്യാപനത്തോടെയാണ് ഈ പ്രശ്‌നം ആരംഭിച്ചത്. തുടർന്ന് ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം സുഗമമാക്കുകയും ഒടുവിൽ 1948 ഏപ്രിൽ 29 ന് ഇസ്രായിൽ രാഷ്ട്രം നിലവിൽ വരികയുമായിരുന്നു. ഫലസ്തീൻ കാര്യങ്ങളിൽ ബ്രിട്ടീഷുകാർ ഇടപെടുന്നതിന് മുമ്പ് ഫലസ്തീനിലെ വിവിധ മതവിശ്വാസികൾക്കിടയിൽ സഹവർത്തിത്വമുണ്ടായിരുന്നുവെന്നതാണ് യാഥാർഥ്യം.
പക്ഷേ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരുമായുള്ള ലണ്ടന്റെ സഖ്യം അതിന്റെ ഭാവി ദിശക്ക് അടിത്തറയിടുകയായിരുന്നു. മതപരമായ സഹവർത്തിത്വം അവസാനിക്കുകയും അതിക്രമത്തിന്റെ രാഷ്ട്രീയം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് സൈനികരെ പോലും ലക്ഷ്യം വെച്ചുള്ള സയണിസ്റ്റ് തീവ്രവാദ സംഘടനകൾ കൂടി സ്ഥാപിക്കപ്പെട്ടതോടെ അത് ഉച്ചസ്ഥായിയിലായി. ഫലസ്തീനിലെ അധിനിവേശത്തിന്റെ രാഷ്ട്രീയ ഉത്തരവാദി പൂർണമായും ബ്രിട്ടനാണ്.
ഭൂതകാലം ചികഞ്ഞെടുക്കുന്നതിലൂടെ കഴിഞ്ഞ ശനിയാഴ്ച മുതലുള്ള സംഭവങ്ങളുടെ ഗതി മാറ്റാൻ കഴിയില്ല എന്നത് ശരിയാണെങ്കിലും ചരിത്രത്തിന്റെ കണ്ണടയിലൂടെ വർത്തമാന കാലത്തെ മനസ്സിലാക്കുന്നത് മൂല്യവത്തായ ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുമെന്ന് ഉറപ്പാണ്. ഇപ്പോൾ നിർണായകമായ ചോദ്യം ഇതാണ്: രക്തച്ചൊരിച്ചിലിന്റെ ഈ പാത ആത്യന്തികമായി എവിടേക്ക് നയിക്കും? അത് കൂടുതൽ നാശത്തിൽ കലാശിക്കുമെന്നതിൽ സംശയമില്ല. ആ നാശത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കുകയും ചെയ്യും. എല്ലാം കൈവിട്ടുപോകും മുമ്പേ പ്രവർത്തിക്കുക എന്നത് മാത്രമാണ് സമാധാനമാഗ്രഹിക്കുന്ന എല്ലാവരുടെയും ചുമതല. അത് രാഷ്ട്രങ്ങളായാലും സമൂഹങ്ങളായാലും.