കണ്ണൂര്‍-സമസ്ത വിഷയത്തില്‍ കെ.ടി.ജലീലിന് പിന്നാലെ മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് സി.പി.എം നേതാവ് എം.വി.ജയരാജന്‍. കമ്യൂണിസ്റ്റ് മുദ്രകുത്തിയാണ് സമസ്ത നേതാക്കളെ ലീഗുകാര്‍ വേട്ടയാടുന്നതെന്നും അങ്ങനെ ചെയ്യുന്നവര്‍ നരകത്തിലെത്തേണ്ടതല്ലേയെന്നും ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
മുസ്ലിംലീഗില്‍ ചേര്‍ന്നാല്‍ സ്വര്‍ഗത്തിലെത്താമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു ജയരാജന്റെ പോസ്റ്റ്.
സമസ്ത നേതൃത്വം ലീഗുമായി അകലുമ്പോള്‍ മതത്തെ കൂട്ടുപിടിച്ചാല്‍ മാത്രമേ രക്ഷനേടാനാവൂ എന്ന തോന്നലാണ് ഇത്തരത്തില്‍ മതവിശ്വാസികളെ ഇളക്കിവിടുന്ന പ്രസംഗത്തിന് കാരണമെന്ന് ജയരാജന്‍ പറയുന്നു. മലപ്പുറം ആലത്തിയൂരില്‍ നടത്തിയ
പ്രസംഗത്തിലായിരുന്നു സാദിഖലി തങ്ങളുടെ വാക്കുകള്‍. നിരവധി സന്ദര്‍ഭങ്ങളില്‍ സമുദായത്തെ വഞ്ചിച്ചവരാണ് ലീഗുകാര്‍. ഇപ്പോള്‍ കാണിക്കുന്ന സമുദായസ്‌നേഹം കപടമാണെന്നും മുസ്ലീം സമുദായത്തിലെ സാധാരണക്കാര്‍ ഇത് തിരിച്ചറിയുമെന്നും ജയരാജന്‍ പറയുന്നു. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രസംഗമാണ് ലീഗ് നേതാവ് നടത്തിയത്.
കോലീബി കൂട്ടുകെട്ട് ലീഗിന്റെ കൂടി സംഭാവനയാണെന്നും കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിക്കുന്ന ആര്‍.എസ്.എസ് അനുകൂല നിലപാടിനെ നിശ്ശബ്ദമായിപ്പോലും ലീഗ് നേതാക്കള്‍ എതിര്‍ക്കാറില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നു. തട്ടം വിവാദത്തില്‍ ലീഗും സമസ്തയും തമ്മില്‍ ഭിന്നത തുടരുന്നതിനിടെയാണ് ജയരാജന്റെ ഈ പ്രതികരണം. സമസ്തയെ അനുകൂലിച്ചും ലീഗിനേയും സാദിഖലി തങ്ങളേയും രൂക്ഷമായി വിമര്‍ശിച്ചും ആദ്യം രംഗത്തെത്തിയത് മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ കെ.ടി.ജലീല്‍ ആയിരുന്നു. രണ്ടു തവണ ജലീല്‍ സാദിഖലി തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് എം.വി.ജയരാജന്റെ ഫേസ്ബുക് പോസ്റ്റ്.
തട്ടം വിവാദത്തില്‍ പി.എം.എ സലാം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് സമസ്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായെന്ന് സമുദായത്തിലുണ്ടെന്ന് ആയിരുന്നു പരാമര്‍ശം. നേരത്തെ വഖഫ് വിഷയത്തിലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സമസ്ത സ്വീകരിച്ചതും ലീഗിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു.