മക്ക - ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കീഴിൽ മിനായിലും അറഫയിലുമുള്ള തമ്പുകളിൽ 4,500 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. സൗദി അറേബ്യക്കകത്തു നിന്നുള്ള തീർഥാടകർ കഴിയുന്ന തമ്പുകളിൽ 2,500 പുരുഷന്മാരെയും 2,000 വനിതകളെയുമാണ് സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നതെന്ന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി അംഗം മുഹമ്മദ് സഅദ് അൽഖുറശി പറഞ്ഞു. തമ്പുകളിൽ ഇരുപത്തിനാലു മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനികൾ സെക്യൂരിറ്റി കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശാനുസരണം ആഭ്യന്തര തീർഥാടകർക്കുള്ള തമ്പുകളിൽ ആയിരം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് മുഹമ്മദ് സഅദ് അൽഖുറശി പറഞ്ഞു.