ജിദ്ദ - കൊലക്കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുടെ മോചനത്തിന് ആവശ്യമായ ഭീമമായ ദിയാധനം സമാഹരിക്കാന്‍ ഇടപെട്ട ഏതാനും സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ നടപടികളെടുക്കുന്നു. ചോദ്യം ചെയ്യാന്‍ വേണ്ടി ഇവരെ അതോറിറ്റി വിളിപ്പിച്ചിട്ടുണ്ട്. കൊലക്കേസ് പ്രതികള്‍ക്ക് മാപ്പ് ലഭ്യമാക്കുന്നതുമായും കേസുകള്‍ക്ക് അനുരഞ്ജന പരിഹാരമുണ്ടാക്കുന്നതുമായും ബന്ധപ്പെട്ട് പുറത്തിറക്കിയ നിയമാവലികള്‍ പാലിക്കാതെ ഭീമമായ ദിയാധനങ്ങള്‍ സമാഹരിക്കാന്‍ ഇടപെട്ടതാണ് സെലിബ്രിറ്റികള്‍ക്കെതിരായ നടപടികള്‍ക്ക് കാരണം.
കൊലക്കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതിനു പകരം ഭീമമായ തുക ദിയാധനമായി ആവശ്യപ്പെടുന്ന പ്രവണതയും ഇത്തരം സംഭവങ്ങളെ വിലപേശലുകള്‍ക്കുള്ള തുറപ്പുചീട്ടുകളാക്കി മാറ്റുന്നതും നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്ന നിലക്ക് ഭീമമായ ദിയാധനം സമാഹരിക്കാനും കൊലക്കേസ് പ്രതികള്‍ക്ക് മാപ്പ് ലഭ്യമാക്കാനും സാമൂഹികമാധ്യമ സെലിബ്രിറ്റികള്‍ രംഗത്തെത്തിയ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. പൊതുജന വികാരവും കലഹങ്ങളും ഇളക്കിവിടുന്ന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ദിയാധന തുകകള്‍ റോക്കറ്റ് പോലെ കുതിച്ചുയരാന്‍ ഇടയാക്കുന്ന നിലക്കുള്ള വിലപേശലുകള്‍ക്ക് സോഷ്യല്‍മീഡിയ സെലിബ്രിറ്റികളുടെ ഇടപെടലുകള്‍ വഴിവെക്കുകയാണെന്ന് നിയമ വിദഗ്ധന്‍ ഉബൈദ് അല്‍അയാഫി പറഞ്ഞു. ദിയാധനം സമാഹരിക്കുന്നതില്‍ പങ്കാളികളാകാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികള്‍ പ്രചരിപ്പിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ കൊലപാതക കേസുകളില്‍ സെലിബ്രിറ്റികള്‍ നടത്തുന്ന ഇടപെടലുകള്‍ സമൂഹത്തില്‍ പിരിമുറുക്കത്തിന് കാരണമാകുന്നു.
കൊലക്കേസ് പ്രതികള്‍ക്ക് മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ ഗവര്‍ണറേറ്റുകളിലെ അനുരഞ്ജന കമ്മിറ്റികളും ബന്ധപ്പെട്ട വകുപ്പുകളുമല്ലാത്തവര്‍ നടത്തുന്ന ഇടപെടലുകള്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാന്‍ ഇടയാക്കിയേക്കും. ദിയാധന സമാഹരണവുമായി ബന്ധപ്പെട്ട പരസ്യങ്ങളും റിപ്പോര്‍ട്ടുകളും ദിയാധനത്തിലേക്ക് സംഭാവനകള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങളും സംഭാവനകള്‍ നല്‍കാനുള്ള അക്കൗണ്ട് നമ്പറുകളും പരസ്യപ്പെടുത്തല്‍ അടക്കം ദിയാധനം കുതിച്ചുയരാന്‍ കാരണമാകുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വിലക്കിയിട്ടുണ്ടെന്നും ഉബൈദ് അല്‍അയാഫി പറഞ്ഞു.