അബുദാബി - ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായിലിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ യു.എ.ഇയിലെ അല്‍ദഫ്‌റ വ്യോമതാവളത്തിലെത്തിയതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകള്‍ക്കനുസൃതമായാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അല്‍ദഫ്‌റ വ്യോമതാവളത്തിലെത്തിയത്. ഇസ്രായിലിനെ പിന്തുണക്കുന്നതിന് യു.എ.ഇയിലെ അല്‍ദഫ്‌റ വ്യോമതാവളത്തില്‍ അമേരിക്കന്‍ സൈനിക വിമാനങ്ങളുടെ ഒരു സ്‌ക്വാഡ്രന്‍ എത്തിയെന്ന നിലക്ക് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട ആരോപണങ്ങള്‍ ശരിയല്ല.
ഈ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അമേരിക്കയും യു.എ.ഇയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരമാണ് അമേരിക്കന്‍ വിമാനങ്ങള്‍ അല്‍ദഫ്‌റ വ്യോമതാവളത്തിലെത്തിയത്. ഇതിന് മേഖലയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ല - യു.എ.ഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.