പെരുമ്പാവൂർ (കൊച്ചി) - ലോകസഭാ തെരഞ്ഞെടുപ്പും മഹിളാ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വനിതകളെ സജ്ജരാക്കാനുള്ള മഹിളാ കോൺഗ്രസിന്റെ കൺവെൻഷൻ ചേരിതിരിഞ്ഞ് നടത്തി. മഹിളാ കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടപ്പിച്ച 'ഉത്സാഹ്' എന്ന പരിപാടിയാണ് ഒരേസമയം രണ്ട് വേദികളിൽ അരങ്ങേറിയത്.
ഔദ്യോഗിക പക്ഷത്തിന്റെ പരിപാടിയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും എം.പിയുമായ ജെബി മേത്തർ പങ്കെടുത്തപ്പോൾ വിമതർക്ക് പിന്തുണയുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വവും പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയും രംഗത്തെത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലും എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഭവനിലുമാണ് കൺവെൻഷൻ നടന്നത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് വെവ്വേറെ പരിപാടി സംഘടിപ്പിക്കാൻ ഇടയാക്കിയതെന്നാണ് വിവരം. ഇരുപക്ഷവും തങ്ങളുടേതാണ് ഔദ്യോഗിക പരിപാടിയെന്ന് അവകാശപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകളെ കോൺഗ്രസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഉത്സാഹ്' എന്ന പേരിൽ കൺവെൻഷൻ നടത്തുന്നതെന്ന് ജെബി മേത്തർ എം.പി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദിരാ ഭവനിൽ നടന്ന പരിപാടിയെ കുറിച്ച് അറിയില്ല. താൻ പങ്കെടുത്തത് ഔദ്യോഗിക പരിപാടിയാണെന്നും മറ്റ് കാര്യങ്ങൾ പരിശോധിക്കുമെന്നും അവർ പ്രതികരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സമാന്തര കൺവെൻഷൻ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് സംഘടന പരിശോധിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചോദ്യങ്ങളോടായി പ്രതികരിച്ചു.