കോഴിക്കോട് - നിപ്പാ വൈറസ് ബാധക്ക് പിന്നാലെ ഗുരുതരമായ വെസ്റ്റ് നൈൽ പനി കോഴിക്കോട് കണ്ടെത്തിയതായി റിപ്പോർട്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. പക്ഷികളിൽനിന്ന് കൊതുകുകൾ വഴിയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. രോഗം ബാധിച്ച പാവങ്ങാട് സ്വദേശി സുൽഫത്ത് (24) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമാന രോഗ ലക്ഷണങ്ങളുമായി മറ്റൊരാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി, തലവേദന, ഛർദ്ദി എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മസ്തിഷ്‌കജ്വരമോ മരണമോ സംഭവിക്കാം. വെസ്റ്റ് നൈൽ വൈറസിനുള്ള പ്രതിരോധവാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊതുകുകടി കൊള്ളാതെ നോക്കുക എന്നതാണ് പ്രധാനം.
കേരളത്തിൽ ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന് വിദഗ്ധർ പറയുന്നു. നേരത്തെ കണ്ടുവന്ന ജപ്പാൻ ജ്വരത്തിന് സമാനമായ രോഗം കൂടിയാണിത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വെസ്റ്റ് നൈൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം കൂടുതലായും പടരുക. 1937ൽ ഉഗാണ്ടയിൽ കണ്ടെത്തിയ ഈ പനി പിന്നീട് 1999ൽ നോർത്ത് അമേരിക്കയിലും റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യരെ കൂടാതെ കുതിരകളിലേക്കും ഈ വൈറസ് പടരും. രക്ത, അവയവ ദാനത്തിലൂടെയും അമ്മയിൽനിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽനിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ നേരിട്ട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗം ബാധിച്ച 75 ശതമാനം പേർക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. രക്ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാൻ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ എടുക്കും.
അതേസമയം, പനി വെസ്റ്റ് നൈൽ തന്നെയോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. രോഗ സ്ഥിരീകരണത്തിനായി വിവിധ സാമ്പിളുകൾ പൂനെയിലുളള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ അയച്ചിരുന്നു. വെസ്റ്റ് നൈൽ രോഗമാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ രണ്ടാമത്തെ സാമ്പിൾ കൂടി അയച്ച് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. രണ്ടാമത്തെ സാമ്പിളുകൾ ഇന്ന് പൂനെയിലേക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും അയക്കും. ഈ റിസൽട്ട് പോസിറ്റീവ് ആയാൽ മാത്രമേ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിക്കുകയുളളൂവെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ വ്യക്തമാക്കി.