പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന്റെ കാലം. പിടഞ്ഞു വീണ് മരിക്കുന്നവർ എത്രയോ ആയിരങ്ങൾ. യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ലോകത്ത് എല്ലാ കാലങ്ങളിലും വലിയ വംശീയ ഉന്മൂലനങ്ങൾ നടത്തിക്കൊണ്ട് സ്വന്തം സംരക്ഷണത്തിനു വേണ്ടി ഭരണാധികാരികൾ അഴിഞ്ഞാട്ടം തുടങ്ങിയതിന്റെ ആയിരത്താണ്ടുകളുടെ കഥ പറയാനുണ്ട്.
ഫലസ്തീനിലേക്കുള്ള ഇസ്രായിലിന്റെ അധിനിവേശം ഒരിക്കലും യോജിക്കാവുന്നതല്ല. എത്രയോ കാലങ്ങളായി ഇസ്രായിൽ ഫലസ്തീന്റെ മുകളിൽ രക്തരൂഷിത സമ്മർദം അടിച്ചേൽപിക്കുന്നു. നിവൃത്തിയില്ലാത്ത ഘട്ടത്തിൽ തിരിച്ചടി സ്വാഭാവികമാണ്. അത്തരം ഒരു വിസ്‌ഫോടനമായി മാത്രമേ ഹമാസിന്റെ ആക്രമണത്തെ കാണാൻ കഴിയൂ.
ചില വ്യക്തിതാൽപര്യങ്ങളുടെ പേരിൽ മാത്രം ഇസ്രായിലിനെ പിന്തുണച്ച ഇന്ത്യയുടെ നിലപാട് പുനഃ പരിശോധിക്കേണ്ടതാണ്. അവിടെ സമാധാനം നിലനിർത്താനാണ് ഇന്ത്യ പോലുള്ള ഒരു രാജ്യം പരിശ്രമിക്കേണ്ടിയിരുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പരിഹാര നിർദേശങ്ങളെ അവഗണിച്ചു മുന്നോട്ട് പോകുന്ന ഇസ്രായിൽ മനുഷ്യാവകാശ ലംഘനം തന്നെയാണ് കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനാണ് അറുതി വരുത്തേണ്ടത്.
ഇനിയും നിസ്സഹായരുടെ രക്തം കൊണ്ട് ഭരണാധികാരികൾ അവരുടെ വിജയകഥകൾ എഴുതരുത്.
അവസാന ശ്വാസവും തീർന്നൊടുങ്ങും വരെ, അവസാനത്തെ അതിരുകളും ഭേദിച്ച്, അവസാനത്തെ ആകാശവും താണ്ടി അവർ എങ്ങോട്ട് പോകാൻ? അതവരുടെ മണ്ണാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല.
പിറന്ന മണ്ണും സ്വപ്നങ്ങളുമെല്ലാം പുറത്തുനിന്ന് വന്നവരാൽ കവർന്നെടുക്കപ്പെട്ട ഒരു ജനത 75 വർഷമായി സഹിച്ചുവരുന്ന ചതിയുടെയും അനീതിയുടെയും പാരമ്യത്തിലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന യുദ്ധത്തെ കാണേണ്ടത്. പഴയ ഫലസ്തീൻ പ്രദേശത്തിന്റെ 13 ശതമാനം പോലും ഇപ്പോൾ ഫലസ്തീൻകാരുടെ നിയന്ത്രണത്തിലില്ല. ഫലസ്തീന് അവകാശപ്പെട്ട വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി ആറേമുക്കാൽ ലക്ഷത്തിലധികം ജൂത കൈയേറ്റക്കാർ താമസമുറപ്പിച്ചിട്ടുണ്ട്.
ഭാവി ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്ന കിഴക്കൻ ജറൂസലം കൈയേറ്റത്തിലൂടെ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് അസാധ്യമെന്ന സ്ഥിതിയുണ്ടാക്കിയിരിക്കുകയാണ് ഇസ്രായിൽ.
ഇതിനിടെ, പലവട്ടം നിരവധി വിട്ടുവീഴ്ച ഫലസ്തീന്റെ ഭാഗത്തുനിന്നുണ്ടായി. അത്തരമൊരു ഘട്ടത്തിൽ 1993 ൽ ഉണ്ടാക്കിയ ഓസ്ലോ കരാർ ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുമെന്ന തോന്നലുമുണ്ടാക്കി.
എന്നാൽ അതിനെയും വഞ്ചിച്ച് ഫലസ്തീനിലെ മതനിരപേക്ഷ ശക്തികളെ പാടെ തകർക്കുകയാണ് ഇസ്രായിൽ ചെയ്തത്.
ആ സാഹചര്യം മുതലാക്കി, അതുവരെ മതനിരപേക്ഷ സംഘടനയായ ഫത്താഹ് കൈയാളിയിരുന്ന ഇടത്തിലേക്കാണ് ഹമാസ് വളർന്നുകയറിയത്.
തുടർന്ന് ഹമാസിന്റെ പേരിൽ ഫലസ്തീൻ ജനതയെ അടിച്ചമർത്താൻ പുതിയ ന്യായങ്ങൾ ചമയ്ക്കുകയായിരുന്നു ജൂതരാഷ്ട്രം. 2006 ൽ നടന്ന ഫലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചപ്പോൾ പാശ്ചാത്യ രാജ്യങ്ങളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരണം തടഞ്ഞു.
ഒടുവിൽ ഫത്താഹുമായി ചേർന്ന് ഭരിക്കാൻ ഹമാസ് നിർബന്ധിതമായതും പാശ്ചാത്യ ഇടപെടലുകളുടെ ഫലമായി അധികം വൈകാതെ ആ ബന്ധം അലസിപ്പിരിഞ്ഞതും വെസ്റ്റ് ബാങ്ക് ഫത്താഹിന്റെയും ഗാസ ഹമാസിന്റെയും നിയന്ത്രണത്തിലായതും ചരിത്രം. തുടർന്ന് ഒന്നര പതിറ്റാണ്ടിലധികമായി കടുത്ത ഉപരോധത്തിൽ ദുരിതം അനുഭവിക്കുകയാണ് ഗാസയിലെ ജനങ്ങൾ. വെസ്റ്റ്ബാങ്കിലുള്ളവരാകട്ടെ, ഇസ്രായിലി അധിനിവേശ ഭരണക്കാരുടെ ദയാദാക്ഷിണ്യത്തിലും.
ഈ സാഹചര്യത്തിലാണ് ഗാന്ധിജിയുടെ പഴയ മുന്നറിയിപ്പ് പ്രസക്തമാകുന്നത്. ഐക്യരാഷ്ട്ര പൊതുസഭ ഫലസ്തീൻ വിഭജന പദ്ധതി അംഗീകരിക്കുന്നതിന് എട്ടു വർഷം മുമ്പ്, 1939 നവംബറിൽ ഫലസ്തീൻ വിഭജിച്ച് ഇസ്രായിൽ രൂപീകരിക്കുന്നതിനെ ഗാന്ധിജി എതിർത്ത് എഴുതിയിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതെന്ന പോലെ ഫലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണ് എന്നാണ് തന്റെ പ്രതിവാര പത്രികയായ 'ഹരിജനി'ൽ ഗാന്ധിജി എഴുതിയത്.
യൂറോപ്പിൽനിന്ന് പുറന്തള്ളപ്പെടുന്ന ജൂതർക്കായി അറബ് ഭൂമി വെട്ടിമറിക്കുന്നത് സൃഷ്ടിക്കാവുന്ന കുഴപ്പങ്ങൾ മുൻകൂട്ടി കണ്ടാകാം ഗാന്ധിജി ഇങ്ങനെ പറഞ്ഞത്. ഇതിന് ചുവടുപിടിച്ചായിരുന്നു തുടർന്ന് നാലു പതിറ്റാണ്ടിലേറെ കാലം സ്വതന്ത്ര ഇന്ത്യയുടെ നിലപാട്.
ഇതിനു മാറ്റമുണ്ടായത് 1991 ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ്.
ഇസ്രായിലുമായി നയതന്ത്ര ബന്ധം ആരംഭിച്ചുകൊണ്ടുള്ള ചുവടുമാറ്റം ഇന്ന് നരേന്ദ്ര മോഡിയുടെ കീഴിൽ ആ വംശീയ രാഷ്ട്രത്തിന്റെ ഏത് അതിക്രമത്തെയും അംഗീകരിക്കുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു.
സാമ്രാജ്യത്വ വിരുദ്ധമായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ തന്നെയാണ് മോഡി സർക്കാർ ഒറ്റുകൊടുത്തിരിക്കുന്നത്.