മലപ്പുറം- പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണ പുതുക്കാൻ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ സൗദി പൗരൻ പാണക്കാട്ടെത്തി. ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തുക്കളിലൊരാളായിരുന്ന സൗദി അറേബ്യയിലെ ജിദ്ദ സ്വദേശി ഉസ്മാൻ അൽ ഹമൂദിയാണ് ഇന്നലെ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. ഒമ്പതാം ചരമ വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടക്കുന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഹമൂദി ശിഹാബ് തങ്ങളുടെ ഖബറിടം സന്ദർശിക്കാനും കുടുംബങ്ങളുമായി ആത്മബന്ധം പുതുക്കാനുമാണ് പാണക്കാട്ടെത്തിയത്. ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ഉസ്മാൻ അൽ ഹമൂദിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ഇന്നും പാണക്കാട് കുടുംബവുമായി ഈ സൗദി പൗരൻ അടുത്ത ബന്ധമാണ് പുലർത്തുന്നത്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമായും ബഷീറലി തങ്ങളുമായും ആ സൗഹൃദം തുടർന്നു പോരുന്നുണ്ട്. ശിഹാബ് തങ്ങൾ മരിച്ച സമയത്തും ഹമൂദി നാട്ടിലെത്തിയിരുന്നു.