Sorry, you need to enable JavaScript to visit this website.

ഫാഷിസ്റ്റുകൾക്കെതിരെ സോഷ്യലിസ്റ്റുകളുടെ ഐക്യനിര ആവശ്യം- തേജസ്വി യാദവ്

കോഴിക്കോട്- ഫാഷിസ്റ്റ് ശക്തികൾക്കെതിരെ സോഷ്യലിസ്റ്റുകളുടെ ഐക്യ നിര ആവശ്യമാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ജെ.ഡി- ആർ.ജെ.ഡി ലയന സമ്മേളനത്തിന് കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 
സത്യം പറയുന്ന ആരെയും ബി.ജെ.പി. വെറുതെ വിടുന്നില്ല. അവർ രാഷ്ട്രീയ പ്രവർത്തകരാകട്ടെ മാധ്യമപ്രവർത്തകരോ കലാകാരന്മാരോ കായിക പ്രതിഭകളോ ആരാവട്ടെ സർക്കാറിനെ എതിർക്കണമെന്നില്ല വാസ്തവം പറഞ്ഞാൽ മതി അവതെ തെരഞ്ഞ് അന്വേഷണ ഏജൻസികളെത്തുകയാണ്. 
ബീഹാറിൽ നിന്ന് രാജ്യത്തിന് വലിയ സന്ദേശം ഉണ്ട്. അവിടെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് കക്ഷികളുമെല്ലാം ഒന്നിച്ചിരിക്കുന്നു. അഴിമതിയുടെ കാര്യത്തിൽ മോദി വാഷിംഗ് മെഷീനെ പോലെയാണ്. അതുവരെ കോടികളുടെ അഴിമതിക്കാരെന്ന് പറഞ്ഞ് വേട്ടയാടിയെങ്കിൽ മോദിയെ അനുകൂലിക്കുന്നതോടെ എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നു. അജിത് പവാറിന്റെയും ഹേമന്ദ് ബിശ്വാസിന്റെയും എല്ലാം കാര്യത്തിലതാണ് സംഭവിക്കുന്നത്. 
ജാതി സെൻസസിനെ ബി.ജെ.പി. ഭയക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ വസ്തുത അിറയേണ്ടതുണ്ട്. ജാതി സെൻസസ് ആർക്കും എതിരല്ല. ബി.ജെ.പി. തന്നെയും ഇത് ആവശ്യപ്പെട്ടതുമാണ്. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്നവരാണ് ജാതി സെൻസസ് ഭിന്നിപ്പിക്കുമെന്ന് പറയുന്നത്. 
ഫലസ്തീന്റെ കാര്യത്തിൽ ആർ.ജെ.ഡിക്ക് മഹാത്മാഗാന്ധിയുടെ അഭിപ്രായമാണ്. ഹമാസായാലും ഇസ്രയേലായാലും അക്രമം വെടിയണം. മണിപ്പൂരിൽ എന്ത് സംഭവിക്കുന്നുവെന്ന് കാണാത്തവരാണ് ഇസ്രയേലിനെ കുറിച്ച് വ്യാകുലപ്പെടുന്നത്- അദ്ദേഹം പറഞ്ഞു.
ആർ.ജെ.ഡി. സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദീഖി, മനോജ് കുമാർ ഝാ, സഞ്ജയ് യാദവ്, ശ്രേയാംസ്‌കുമാർ, കെ.പി.മോഹനൻ എം.എൽ.എ. സംബന്ധിച്ചു.
 

Latest News