കോട്ടയം- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തുടര്‍ അന്വേഷണത്തിനായി പോലീസ് സംഘം ദല്‍ഹിയിലെത്തി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനും മറ്റ് തെളിവെടുപ്പുകള്‍ക്കുമായാണ് അന്വേഷണ സംഘം തിരിച്ചത്്. ഇന്നലെ രാവിലെ കേസിന്റെ അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടത്. സുഭാഷിനെ കൂടാതെ രണ്ട് എസ്.ഐ, ഒരു വനിതയടക്കം രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരു സൈബര്‍ വിദഗ്ധന്‍ എന്നിവരടങ്ങുന്ന ആറംഗ സംഘമാണ് ദല്‍ഹിയിലെത്തിയത്.
പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയ ബന്ധുവായ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. വത്തിക്കാന്‍ സ്ഥാനപതി, ഉജ്ജയിനിലെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരില്‍ നിന്നു സംഘം മൊഴിയെടുക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സമ്മര്‍ദം മൂലം സന്യാസ ജീവിതം ഉപേക്ഷിച്ചെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നവരെ നേരില്‍ കാണുന്നതിനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.
18 ഓളം പേര്‍ ഇത്തരത്തില്‍ കോണ്‍വെന്റ്് ഉപേക്ഷിച്ചെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതില്‍ ചിലരെ അന്വേഷണ സംഘം കണ്ടിരുന്നുവെങ്കിലും ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ ഇവരാരും തയാറായിരുന്നില്ല. രണ്ടു ദിവസത്തിനകം ജലന്ധറിലെത്തി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനാണ് നീക്കം. കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജലന്ധറിലെ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുംഭാഗത്തിന്റെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാവും സംഘം ബിഷപ്പിനെ കാണുക. ഇതിന് ശേഷം കേസിന്റെ മുഴുവന്‍ വിവരങ്ങളും ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ധരിപ്പിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ജലന്ധര്‍ ബിഷപ്പിനെ അവസാനം ചോദ്യം ചെയ്യണമെന്നും ധൃതി പിടിച്ച് അറസ്റ്റു നടപടികള്‍ പാടില്ലെന്നും അവലോകന യോഗത്തില്‍ ഡി.ജി.പി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ് പറയുന്നു. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും അന്വേഷിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിവൈ.എസ്.പി പറയുന്നു.
ബിഷപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതുവരെ ചോദ്യം ചെയ്യാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. വൈദ്യ പരിശോധന ഫലത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ജലന്ധര്‍ ബിഷപ്പ് 13 തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ്് കന്യാസ്ത്രീയുടെ പരാതി.