തിരുവനന്തപുരം-സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്‌ട്രേഷന്‍ മാറ്റുന്നത്.കെ.എല്‍. 90 -എ സംസ്ഥാനസര്‍ക്കാര്‍, കെ.എല്‍. 90 ബി- കേന്ദ്രസര്‍ക്കാര്‍, കെ.എല്‍. 90 സി -തദ്ദേശം, കെ.എല്‍. 90 ഡി-സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നമ്പര്‍ അനുവദിച്ചിട്ടുള്ളത്.
മോട്ടോര്‍വാഹന ചട്ടത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ കരടും പ്രസിദ്ധീകരിച്ചു. ഒരുമാസത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറങ്ങും. നിലവിലുള്ള വാഹനങ്ങളെല്ലാം കെ.എല്‍. 90-ലേക്ക് മാറ്റാന്‍ ആറുമാസത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്. അതത് സ്ഥാപനങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുക.
ധനവകുപ്പിന്റെ കണക്കുകള്‍പ്രകാരം 327 വകുപ്പുകള്‍ക്കായി 15,619 വാഹനങ്ങളാണുള്ളത്. മറ്റുസ്ഥാനങ്ങളിലായി കുറഞ്ഞത് കാല്‍ലക്ഷം വാഹനങ്ങളെങ്കിലും വേറെയുമുണ്ടാകും.സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ നമ്പര്‍ശ്രേണി കൊണ്ടുവരുന്നത്.