റിയാദ്-ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം കുറക്കുന്നതിന് സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ടെലിഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഗാസയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന സൈനിക നടപടികളെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പുലര്‍ച്ചെ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സംഘര്‍ഷം തടയുന്നതിന് അന്താരാഷ്ട്ര, പ്രാദേശിക കക്ഷികളുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ ശ്രമങ്ങളും സൗദി നടത്തുന്നുണ്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഏതെങ്കിലും വിധത്തില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനുമെതിരെ അദ്ദേഹം സൗദിയുടെ നിലപാട് ആവര്‍ത്തിച്ചു. ഗാസ മുനമ്പിലെ മോശം മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും അത് സിവിലിയന്‍മാരില്‍ ഏല്‍പിക്കുന്ന ആഘാതത്തെ കുറിച്ചും ഉത്കണ്ഠ പ്രകടിപ്പിച്ച കിരീടാവകാശി അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങള്‍ മാനിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.