Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ പ്രതീക്ഷയുടെ ചിറക് മുളക്കുന്നു, മലബാറിലെ പ്രവാസികള്‍ക്ക് ആഹ്ലാദം

കൊണ്ടോട്ടി- മലബാറിലെ 11.5 ലക്ഷം യാത്രക്കാരുടെ പ്രതീക്ഷയായ കരിപ്പൂര്‍-ജിദ്ദ, റിയാദ് സര്‍വീസുകള്‍ക്ക് വീണ്ടും ആകാശ പാതയൊരുങ്ങുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി ലഭിക്കുന്ന കരിപ്പൂരില്‍നിന്ന് ജിദ്ദ, റിയാദ് സര്‍വ്വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സും എയര്‍ഇന്ത്യയും രംഗത്തുവന്നതോടെയാണിത്. മലബാര്‍ മേഖലയില്‍നിന്ന് 11.5 ലക്ഷം പേരാണ് സൗദി അറേബ്യയില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് പുറമെ ഹജ്, ഉംറ തീര്‍ഥാടകരുമുണ്ട്.
എയര്‍ ഇന്ത്യ 2002 മുതലും സൗദി എയര്‍ലൈന്‍സ് 2009 മുതലുമാണ് കരിപ്പൂരില്‍ ജിദ്ദ, റിയാദ് മേഖലയിലേക്ക് സര്‍വീസ് തുടങ്ങിയത്. 2015 ഏപ്രില്‍ 30ന് റണ്‍വേ റീ-കാര്‍പ്പറ്റിംഗിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ രണ്ടു വിമാന കമ്പനികള്‍ക്കുംകൂടി 52 സര്‍വീസുകളാണ് ആഴ്ചയില്‍ നിര്‍ത്തലാക്കേണ്ടി വന്നത്. കരിപ്പൂര്‍ വിമാന സര്‍വീസുകള്‍ പിന്നീട് കൊച്ചിയിലേക്ക് മാറ്റി. കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ അഞ്ച് മണിക്കൂര്‍ പറന്നെത്താന്‍ ചെറിയ വിമാനങ്ങള്‍ക്ക് കഴിയാത്തതിനാല്‍ നേരിട്ടുളള സര്‍വീസ് ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല. ഇതോടെ മലബാറില്‍നിന്നുളള 70 ശതമാനം യാത്രക്കാരും കരിപ്പൂരിനെ കൈയൊഴിഞ്ഞു. സംസ്ഥാന ഹജ് കമ്മിറ്റിയുടേതടക്കം സര്‍വീസുകള്‍ കൊച്ചിയിലേക്ക് മാറ്റേണ്ടിവന്നു. മലബാറില്‍നിന്ന് ഓരോ വര്‍ഷവും 1.2 ലക്ഷം പേര്‍ ഹജ് ഉംറ തീര്‍ഥാടകരായും വിനോദ സഞ്ചാരികളായി 15000 പേരും സൗദി സെക്ടറിലുണ്ട്. കരിപ്പൂര്‍-ജിദ്ദ സര്‍വീസ് പുനരാരംഭിക്കാനായാല്‍ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണത്തിലും നല്ല വളര്‍ച്ചയുണ്ടാകും.
എയര്‍പോര്‍ട്ട് അഥോറിറ്റിക്കും വലിയ വിമാനങ്ങളെത്തുന്നത് വരുമാനം ഉയര്‍ത്തും. വലിയ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയാല്‍ അഥോറിറ്റിക്ക് മൂന്ന് ലക്ഷം വരെയാണ് ലാന്‍ഡിംഗ് ഇനത്തിലും പാര്‍ക്കിംഗ് ഇനത്തിലും കിട്ടുക. റണ്‍വേ നവീകരണത്തിന് മുമ്പ് കരിപ്പൂരില്‍ മൂന്നിലൊന്ന് പേരും വലിയ വിമാനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. സൗദിയിലേക്കുളള കാര്‍ഗോ കയറ്റുമതിയില്‍ 60 ശതമാനവും വലിയ വിമാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ അഥോറിറ്റിയുടെ വരുമാനത്തില്‍ 34 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2015-ല്‍ 34 ലക്ഷം യാത്രക്കാര്‍ വന്നിറങ്ങിയ കരിപ്പൂരില്‍ പിന്നീടത് നേര്‍പകുതിയായി കുറഞ്ഞു.

 

 

Latest News