ഉമ്മന്‍ ചാണ്ടി കത്തിനെ ഭയക്കുന്നു; കയ്യക്ഷരം നോക്കണമെന്ന് സരിത

കൊല്ലം- സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയും സരിത എസ് നായരും തനിക്കെതിരെ വ്യാജരേഖകള്‍ ഉണ്ടാക്കി ഗൂഢാലോചന നടത്തിയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി ചോദ്യം ചെയ്ത് സരിതാ നായര്‍. കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തുവെന്നു പറയാന്‍ കത്ത് ഇതിനു മുമ്പ് ഉമ്മന്‍ ചാണ്ടി കണ്ടിട്ടുണ്ടോ എന്ന് സരിത ചോദിച്ചു. കത്ത് താന്‍ തന്നെ എഴുതിയതാണെന്നും സംശയം ഉണ്ടെങ്കില്‍ കയ്യക്ഷരം തെളിയിക്കാന്‍ തന്റെയും ഗണേഷിന്റെയും സാംപിള്‍ എടുക്കട്ടെ എന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത് ബെന്നി ബഹനാന്‍, ഉമ്മന്‍ ചാണ്ടി, തമ്പാനൂര്‍ രവി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണെന്നും ഇതില്‍ നടക്കുന്ന അന്വേഷണത്തെ  ഭയക്കുന്നവരാണ് കത്തിനെതിരെ കോടതികള്‍ കയറി ഇറങ്ങുന്നതെന്നും സരിത പറഞ്ഞു.
സരിത ജയിലില്‍വെച്ച് എഴുതിയതായി പറയുന്ന കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിചേര്‍ത്താണ് ഗൂഢാലോചന നടത്തിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴി.  മന്ത്രി സഭയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിലുള്ള ഗണേഷ്‌കുമാറിന്റെ വിരോധമാണ് ഗൂഢാലോചനക്ക് കാരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സരിത പത്തനംതിട്ട ജില്ലാ ജയിലില്‍ വെച്ച് എഴുതിയതായി പറയുന്ന 21 പേജുള്ള കത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന നാല് പേജുകള്‍ ഗൂഡാലോചനയുടെ ഭാഗമായി പിന്നീട് എഴുതിചേര്‍ത്തതാണെന്നും ഉമ്മന്‍ചാണ്ടി കോടതില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
    

 

Latest News