Sorry, you need to enable JavaScript to visit this website.

കണ്ണൂർ സീറ്റിനായി അവകാശവാദമുന്നയിക്കാൻ ലീഗ്

കണ്ണൂർ-വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിന് വേണ്ടി അവകാശ വാദമുന്നയിക്കാൻ മുസ്‌ലിം  ലീഗ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കുന്നില്ലെങ്കിൽ ഈ സീറ്റ് ആവശ്യപ്പെടാനാണ് തീരുമാനം. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല ഭാരവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തിൽ അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സി.പി.റഷീദ് മുന്നോട്ട് വെച്ച അഭിപ്രായത്തെ ജില്ലാ ഭാരവാഹികൾ പിന്തുണക്കുകയായിരുന്നു. ജില്ലാ കമ്മറ്റിയുടെ നിർദേശം സംസ്ഥാന കമ്മിറ്റി വഴി യു.ഡി.എഫ് യോഗത്തിൽ അറിയിക്കാനാണ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റായതിനാൽ മത്സരരംഗത്ത് നിന്ന് മാറിനിൽക്കാൻ അനുവദിക്കണമെന്ന് സുധാകരൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അങ്ങനെ സുധാകരൻ മാറി നിൽക്കുകയാണെങ്കിൽ ആ സീറ്റ് ആവശ്യപ്പെടണമെന്നാണ് ലീഗിനുള്ളിലെ പൊതുവികാരം. ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കണ്ണൂർ. ഇവിടെ സുധാകരനില്ലെങ്കിൽ ലീഗ് സ്ഥാനാർഥിക്ക് അനായാസ വിജയം നേടാനാവുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് കണ്ണൂർ ലോക്‌സഭ മണ്ഡലം. ഇതിൽ ധർമടം ഒഴികെയുള്ള മണ്ഡലങ്ങളിൽ ലീഗിന് ശക്തമായ അടിത്തറയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പലതും ലീഗിനൊപ്പമാണ്. ഇതിൽ ലീഗിന്റെ സീറ്റായിരുന്ന അഴീക്കോട്ട് കഴിഞ്ഞ തവണ സി.പി.എം അട്ടിമറി വിജയം നേടിയിരുന്നു. അതിനാൽ കണ്ണൂരിൽ നിന്ന് ലോക്‌സഭയിലേക്കുള്ള
പ്രാതിനിധ്യം ലീഗ് ആഗ്രഹിക്കുന്നുണ്ട്. കോൺഗ്രസിനകത്ത് തന്നെ ലീഗിനനുകൂലമായ വികാരം ഉണ്ടാകുമ്പോൾ കണ്ണൂർ സീറ്റിനായി ആഞ്ഞുപിടിക്കാനുള്ള ശ്രമത്തിലാണ് ലീഗ്. നിലവിൽ മലപ്പുറം, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. അതേസമയം, കണ്ണൂർ സീറ്റ് ആവശ്യപ്പെട്ട് എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. എ വിഭാഗം യുവജന നേതാവ്  മുഹമ്മദ് ബ്ലാത്തൂരിനെ കണ്ണൂരിൽ മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. അതേസമയം, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്തിനെ മത്സരിപ്പിക്കാനാണ് സുധാകരന്റെ നീക്കം.

Latest News