കൊച്ചി- ഖുൽഅ് ചൊല്ലി വിവാഹ മോചനം നേടിയ മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽനിന്നും ജീവനാംശം അവകാശപ്പെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി.
ഖുൽഅ് മുഖേനയുള്ള വിവാഹമോചനം ഭാര്യയുടെ സമ്മതത്തോടെയുള്ള വിവാഹ മോചനമാണ്. അതിനാൽ ജീവനാംശം അവകാശപ്പെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനത്തിന് ശേഷം ഭാര്യ മറ്റൊരു വിവാഹം കഴിക്കുകയോ അഥവാ മതിയായ കാരണങ്ങൾ ഇല്ലാതെ ഭർത്താവിനൊപ്പം ജീവിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ അഥവാ രണ്ടുപേരുടെയും സമ്മതപ്രകാരം പിരിഞ്ഞ് താമസിക്കുകയോ ആണെങ്കിൽ ഭാര്യക്ക് ജീവനാംശത്തിനുള്ള അവകാശമില്ലെന്ന് ജസ്റ്റിസ് എ ബദറുദീൻ വ്യക്തമാക്കി.
എന്നാൽ ഖുൽഅ് നടപ്പാക്കുന്നതുവരെയുള്ള കാലയളവിലെ ജീവനാംശം നൽകാൻ കോടതി ഹരജിക്കാരനോട് പറഞ്ഞു. 2018 ഡിസംബർ വരെ ഹർജിക്കാരനോടോപ്പം താൻ താമസിച്ചുവെന്നും അവിഹിതബന്ധം ആരോപിച്ച് ഭർത്താവ് ക്രൂരമായി പെരുമാറിയതിനെ തുടർന്നാണ് താൻ ഭർത്താവിന്റെ വീട് വിട്ട് പോന്നതെന്നും ഹർജിക്കാരന്റെ ഭാര്യ വ്യക്തമാക്കി. 2021 മെയ് മുതൽ ഖുൽഅ് പ്രാബല്യത്തിൽ വന്നതായി ഭാര്യ അവകാശപ്പെട്ടു.