കൽപറ്റ- വയനാട്ടിൽ പുതിയ ഇനം ജലസസ്യം കണ്ടെത്തി. ആലപ്പുഴ സനാതനധർമ കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ നിലയം ടെക്നിക്കൽ ഓഫീസർ പിച്ചൻ എം. സലിം, ഹരിപ്പാട് സ്വദേശിനി കൽപനമോൾ എന്നിവരടങ്ങുന്ന സംഘമാണ് ചൂരൽമലയിലെ അരുവിയിൽ പുതിയ ഇനം സസ്യം കണ്ടെത്തിയത്. ഇതിനു വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയവുമായി ബന്ധപ്പെടുത്തി 'ലാജേനാന്ദ്ര കുങ്കിച്ചിറ മ്യൂസിയാമെൻസിസ്' എന്നു പേരിട്ടു. മറ്റു ജലസസ്യങ്ങളിൽനിന്നു വ്യത്യസ്തമായി ഇതിന്റെ പൂങ്കുലയ്ക്കും പൂങ്കുലയുടെ പുറംപാളിക്കും 'വാല്' ഇല്ലെന്ന് ഗവേഷകർ പറഞ്ഞു. സസ്യത്തിന്റെ തൈകൾ കുങ്കിച്ചിറ മ്യൂസിയം വളപ്പിൽ നട്ടതായി അവർ അറിയിച്ചു.