Sorry, you need to enable JavaScript to visit this website.

ഇടുക്കി ഡാമും ഭാവി വെല്ലുവിളികളും

ഉത്തരേന്ത്യൻ നദികളുമായി യാതൊരു താരതമ്യവുമില്ലെങ്കിലും 40ൽപരം നദികളാൽ സമൃദ്ധമാണ് കേരളം എന്നാണല്ലോ പറയാറ്. ചെറിയ നദികളാണെങ്കിലും പൊതുവിൽ മഴ കൊണ്ട് സമൃദ്ധമായതിനാൽ ഇവയിൽ സാമാന്യം വെള്ളമുണ്ടാകാറുണ്ട്. അതിനാൽ തന്നെ വൈദ്യുതോൽപ്പാദനത്തിനും ജലസേചനത്തിനും മറ്റുമായി നിരവധി അണക്കെട്ടുകളും കേരളത്തിലുണ്ട്. അതേസമയം മുൻകാലങ്ങളിൽ നിന്നു സമീപകാലത്ത് മഴക്കുണ്ടായ കുറവ് മൂലം വേനൽകാലത്ത് ഈ നദികളും ഡാമുകളുമൊക്കെ ജലരഹിതമാകുകയാണ് പതിവ്. വർഷകാലത്ത് പകുതിപോലും നിറയാറുമില്ല. എന്നാൽ ഈ വർഷം ഇതുവരേയും ലഭിച്ച കനത്ത മഴ കാര്യങ്ങളെയാകെ മാറ്റി മറിച്ചിരിക്കുന്നു. പുഴകളും ഡാമുകളുമെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. 25ഓളം ഡാമുകൾ തുറന്നു കഴിഞ്ഞു. ഇടുക്കി അണകെട്ട് തുറക്കണോ, തുറന്നാലുണ്ടാകുന്ന ജലപ്രവാഹം എങ്ങനെയായിരിക്കും എന്ന വിഷയമാണ് ഏറെ ദിവസമായി നടക്കുന്ന ചർച്ച. ജലനിരപ്പ് 2398 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നാണ് മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ തീരുമാനം. അപ്പോൾ ഒരു ട്രയൽ നടത്തും. എന്നിട്ട് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ വെള്ളം ഷട്ടറുകൾ തുറന്ന് പുറത്തേക്കൊഴുക്കും. എന്നാൽ മിക്കവാറും അതിന്റെ ആവശ്യം വരില്ല എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ഡാമിലെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ടത്രെ. അത്രയും ആശ്വാസം. 
പെരിയാർ നദിക്കു കുറുകെ  വൈദ്യുതോല്പാദനത്തിനായി നിർമിച്ചിട്ടുള്ള, ഏറെക്കുറെ പ്രകൃതിദത്തമായ ഒന്നാണ് ഇടുക്കി അണക്കെട്ട്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്  ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി  ഉയരത്തിൽ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. 5000 തൊഴിലാളികൾ ജോലിചെയ്ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു. 
1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതാണ് ഇടുക്കി ഡാമിനു കാരണമായത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി.  കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി. പിന്നീട് ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.  1961-ൽ ആണ് അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963 ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുത്തു. കോൺക്രീറ്റ് കൊണ്ടു പണിത ഈ ആർച്ച് ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഷട്ടറുകളില്ല എന്നതാണ് മറ്റൊരു  പ്രത്യേകത.  രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഡാം നിർമ്മിച്ചിരിക്കുന്നത് വലിയ ആസൂത്രണമികവോടെയാണ്. എന്നാൽ അതുകൊണ്ടായില്ലല്ലോ. ഡാം തുറക്കുകയാണെങ്കിൽ വെള്ളമൊഴുകുന്ന ഭാഗങ്ങളിലെ അവസ്ഥ എന്താണ്? 2 പതിറ്റാണ്ടുമുമ്പ് തുറന്നപ്പോൾ അതു വലിയ വിഷയമായിരുന്നില്ല. എന്നാൽ അടുത്തകാലത്ത് വികസനമെന്ന പേരിൽ നമ്മൾ നടപ്പാക്കുന്ന നടപടികളാണ് പ്രശ്‌നം സങ്കിർണ്ണമായിരിക്കുന്നത്. പെരിയാറിന്റെ കരകളിലാകെ കെട്ടിടങ്ങളും ചെറുപട്ടണങ്ങളും ഫാക്ടറികളും നിറഞ്ഞു കഴിഞ്ഞു. കയ്യേറ്റം മൂലം പലയിടത്തും പുഴക്ക് തീരെ വീതിയില്ലാതായി കഴിഞ്ഞു. ഡാം തുറന്നാലുണ്ടാകുന്ന നീരൊഴുക്ക് താങ്ങാൻ ഇവക്കാകുമോ എന്നു ചോദിച്ചാൽ അത് മാധ്യമങ്ങൾ വെറുതെ സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണെന്ന് ആക്ഷേപിച്ചിട്ട് കാര്യമില്ല. അഥവാ പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ സൂചിപ്പിച്ച പോലെ ഇത്തവണ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിൽ തന്നെ വരും വർഷങ്ങളിൽ മഴ കുറെ കൂടി കൂടിയാൽ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിക്കേണ്ട സമയം കൂടിയാണിത്. പുഴ ഒഴുകിയിരുന്ന വഴികളിൽ ഒട്ടനവധി തടസ്സങ്ങൾ നാം തന്നെ നിർമ്മിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഏറ്റവും എളുപ്പമായ വഴിയിലൂടെ അതൊഴുകും. മുംബൈയിലെ മൈതി നദി ഉദാഹരണം. അങ്ങനെ വഴിവിട്ടു ഒഴുകിയാൽ അതിനെ അതിജീവിക്കാൻ എന്ത് സംവിധാനമാണ് വേണ്ടത്? മുമ്പ് പാടങ്ങളും കുളങ്ങളും തണ്ണീർത്തടങ്ങളും തടകളായി ഉണ്ടായിരുന്നു. അവയെല്ലാം ഇനിയൊരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്തവിധം നശിപ്പിച്ചു. പിന്നെയുള്ളത് നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ടാണ്. അതുണ്ടാക്കുന്ന ദുരന്തകൾ ദയനീയമായിരിക്കും. അതിന്റെ സാമ്പിളാണ് ആലപ്പുഴയിലും കോട്ടയത്തും നമ്മൾ കണ്ടത്.  
ഇനി പെരിയാറിന്റെ സവിശേഷമായ ഒരു പ്രശ്‌നം. പെരിയാറിന്റെ പ്രധാന കൈവഴി അവസാനിക്കുന്നത് ഏലൂർ വഴി വേമ്പനാട്ടു കായലിലാണ്. ഏലൂർ എടയാർ വ്യവസായമേഖല എപ്പോഴും പൊട്ടാവുന്ന ബോംബാണ്. അവിടെ നൂറു കണക്കിന് രാസ വ്യവസായ ശാലകളിൽ ആയിരക്കണക്കിന് ടൺ അപകടകരമായ രാസവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. അത് എത്രമാത്രം അപകടകരമാണെന്ന് ജപ്പാനിലെ അനുഭവം പറഞ്ഞുതരും.  സുനാമി തിരമാലകൾ അടിച്ചു കയറിയത് മൂലമാണ് ജപ്പാനിലെ ഫുകുഷിമയിലെ ആണവ ദുരന്തമുണ്ടായത്. അവിടെ സൂക്ഷിച്ചിരുന്ന വികിരണ വസ്തുക്കൾ തീരത്തും ശാന്തസമുദ്രത്തിലും കലർന്നിട്ടുണ്ട്. അതിന്റെ ദുരന്തങ്ങൾ  പതിറ്റാണ്ടുകൾ  നിലനിൽക്കും. അതു തന്നെയായിരിക്കും വെള്ളം അമിതമായി കയറിയാൽ ഏലൂരിലേയും അനുഭവം. വേമ്പനാട്ടുകായലിനേയും കൊച്ചിനഗരത്തേയും അറബികടലിനേയും അത് ബാധിക്കാം. വേലിയേറ്റ സമയത്തതാണ് ഈ ജലം എത്തുന്നതെങ്കിൽ ഈ വെള്ളപ്പൊക്കം അത്യന്തം അപകടകരമാകുമെന്നും വിദഗ്ധർ പറയുന്നു. ഇത്തരമൊരു സാധ്യതകൂടി കണക്കിലെടുത്തുള്ള നടപടികൾ ഇപ്പോൾ തന്നെ സ്വീകരിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വൻദുരന്തമായിരിക്കും. ഇത്തവണ വലിയ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിൽ തന്നെ ഇത്തരമൊരു ദീർഘവീക്ഷണം ഇന്ന് അനിവാര്യമായിരിക്കുന്നു. 

 

Latest News