മദീന - മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. മദീന എയര്‍പോര്‍ട്ടിലെ പുതിയ ഓപ്പറേഷന്‍സ് ബേസില്‍ നിന്നാണ് ഡിസംബര്‍ മുതല്‍ അഞ്ചു വിദേശ നഗരങ്ങളിലേക്കും രണ്ടു ആഭ്യന്തര നഗരങ്ങളിലേക്കും ഫ്‌ളൈ നാസ് പുതുതായി സര്‍വീസുകള്‍ ആരംഭിക്കുക. മദീന വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് ഹബ് തുറക്കുന്നതോടെ സൗദിയില്‍ നാലു ഓപ്പറേഷന്‍ ഹബുകളുള്ള വിമാന കമ്പനിയായി ഫ്‌ളൈ നാസ് മാറും. റിയാദിലും ജിദ്ദയിലും ദമാമിലും ഫ്‌ളൈ നാസിന് നേരത്തെ മുതല്‍ ഓപ്പറേഷന്‍സ് ഹബുകളുണ്ട്.
ഡിസംബര്‍ ഒന്നു മുതല്‍ ദുബായ്, ഒമാന്‍, ബഗ്ദാദ്, ഇസ്താംബൂള്‍, അങ്കാറ എന്നീ വിദേശ നഗരങ്ങളിലേക്കും അബഹ, തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കുമാണ് മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് സര്‍വീസുകള്‍ ആരംഭിക്കുക. നിലവില്‍ റിയാദ്, ജിദ്ദ, ദമാം, കയ്‌റോ എന്നിവിടങ്ങളിലേക്ക് മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതുതായി ഏഴു നഗരങ്ങളിലേക്കു കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് സര്‍വീസുള്ള ഡെസ്റ്റിനേഷനുകളുടെ എണ്ണം 11 ആയി ഉയരും.