ജിദ്ദ - അടുത്ത വര്‍ഷം സൗദിയില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നാലു ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായിരിക്കും സൗദിയിലേത്. അടുത്ത കൊല്ലം സൗദിയില്‍ വളര്‍ച്ചാ നിരക്ക് 2.8 ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്.
ഈ വര്‍ഷം സൗദിയില്‍ സാമ്പത്തിക വളര്‍ച്ച 0.8 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.എം.എഫ് പറഞ്ഞു. ഈ കൊല്ലം 0.03 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സൗദി ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. ഇതിലും ഉയര്‍ന്ന വളര്‍ച്ചയാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. അടുത്ത കൊല്ലം 4.4 ശതമാനം സാമ്പത്തിക വളര്‍ച്ച സൗദി ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഐ.എം.എഫ് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് ഇതിലും കുറവാണ്.
ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി എണ്ണയുല്‍പാദനം കുറച്ചതാണ് സൗദിയില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണം. വന്‍കിട പദ്ധതികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പെട്രോളിതര മേഖലയിലെ വളര്‍ച്ച തുടരാന്‍ സഹായിക്കും. അടുത്ത കൊല്ലം യു.എ.ഇയും നാലു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ഐ.എം.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ഈജിപ്ത്, മൊറോക്കൊ എന്നീ രാജ്യങ്ങള്‍ അടുത്ത കൊല്ലം 3.6 ശതമാനം വളര്‍ച്ച കൈവരിക്കും.
അള്‍ജീരിയ 3.1 ഉം തുര്‍ക്കി 3 ഉം ഇറാഖ് 2.9 ഉം ഒമാന്‍ 2.7 ഉം ജോര്‍ദാന്‍ 2.7 ഉം ഇറാന്‍ 2.5 ഉം ഖത്തര്‍ 2.2 ഉം തുനീഷ്യ 1.9 ഉം സുഡാന്‍ 0.3 ഉം ശതമാനം തോതില്‍ അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച നേടും. ഈ വര്‍ഷം യു.എ.ഇ 3.4 ഉം ബഹ്‌റൈന്‍ 2.7 ഉം ഈജിപ്ത് 4.2 ഉം മൊറോക്കൊ 2.4 ഉം അള്‍ജീരിയ 3.8 ഉം തുര്‍ക്കി 4 ഉം ജോര്‍ദാന്‍ 2.6 ഉം ഇറാന്‍ 3 ഉം ഖത്തര്‍ 2.4 ഉം തുനീഷ്യ 1.3 ഉം ശതമാനം തോതില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കും.