ജനാധിപത്യത്തിന്റെ ഉത്സവം

ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനെ സെമിഫൈനൽ എന്നാണ് സാധാരണ വിശേഷിപ്പിക്കാറുള്ളത്. അനുഭവത്തിൽ പലപ്പോഴും ഫൈനൽ ഫലവും സെമി ഫൈനലുമായി വലിയ ബന്ധമുണ്ടാകാറില്ലെന്ന് മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണായകമാണ്. രാജ്യത്തിന്റെ ഹൃദയ സ്പന്ദനമറിയാൻ ഈ വിധിയെഴുത്ത് സഹായകമാകും.  മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.  രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസാണ് നിലവിലെ ഭരണകക്ഷി. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയും മിസോറമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് അധികാരത്തിൽ. ഇതിൽ മൂന്ന് സംസ്ഥാനങ്ങൾ കോൺഗ്രസ് നേടുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്- മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന. രാജസ്ഥാനിൽ ബി.ജെ.പിക്കാണ് സാധ്യത. 
2023 ഡിസംബറിനും 2024 ജനുവരിക്കുമിടയിൽ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭ കാലാവധി അവസാനിക്കും. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറമിൽ ഡിസംബർ 17 ന് കാലാവധി പൂർത്തിയാകും. നവംബർ ഏഴ് മുതൽ ആരംഭിക്കുന്ന വോട്ടെടുപ്പ് നവംബർ മുപ്പതിനാണ് പൂർത്തിയാകുക. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ. തീയതി പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിലും മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. 
മധ്യപ്രദേശ് വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ശക്തമായ ഒരുക്കമാണ് കോൺഗ്രസും ബിജെപിയും നടത്തുന്നത്. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്നാണ്  കോൺഗ്രസ് നേതാക്കൾ കരുതുന്നത്. അതേസമയം,  സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ നേട്ടമാകുമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിന്. കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അഴിമതിയുടെ കാര്യത്തിലും കർണാടകക്കൊപ്പമാണ്  മധ്യ പ്രദേശെന്നത് കോൺഗ്രസിന് പ്രതീക്ഷക്ക് വക നൽകുന്നു. 
230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 116 സീറ്റ് നേടുന്ന പാർട്ടിക്കോ മുന്നണിക്കോ ഭരണം നടത്താം. ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്കും ബിജെപിയിലേക്കും കൂറുമാറുന്നുണ്ട്. ബിഎസ്പി, എസ്പി എന്നീ പാർട്ടികൾക്ക് സ്വാധീനമുള്ള ഏതാനും മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും മുഖ്യ പോരാട്ടം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്.
ബി.ജെ.പി സർക്കാരിനെതിരെ വലിയ ഒരുക്കമാണ് 2018 ലും കോൺഗ്രസ് നടത്തിയത്. ഇതിന്റെ ഫലം തെരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു. 114 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി. എന്നാൽ കേവല ഭൂരിപക്ഷം നേടാനായില്ല. ചില സ്വതന്ത്രരെയും മറ്റും കൂട്ടുപിടിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് മുഖ്യമന്ത്രിയായി കമൽനാഥിനെ നിയമിച്ചു. ബിജെപിക്ക് 109 സീറ്റാണ് ലഭിച്ചിരുന്നത്. കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് സീറ്റ് മാത്രം കുറവ്. ഏത് സമയവും ചില കോൺഗ്രസ് എംഎൽഎമാർ കാലുമാറുമെന്ന് വാർത്തകൾ വന്നിരുന്നു. 15 മാസം തികയുന്ന വേളയിൽ തന്നെ അത് സംഭവിച്ചു. പ്രമുഖ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഒരു കൂട്ടം എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് ദേശീയ നേതൃത്വത്തെ  ഞെട്ടിച്ച നീക്കമാണ് സിന്ധ്യയുടെ നേതൃത്വത്തിൽ നടന്നത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു സിന്ധ്യ. 
ബിജെപിയിലെത്തിയ സിന്ധ്യ രാജ്യസഭ വഴി പാർലമെന്റിലുമെത്തി. വൈകാതെ രാജ്യത്തിന്റെ വ്യോമയാന മന്ത്രിയുമായി.  അദ്ദേഹത്തെ പിന്തുണച്ച് രാജിവെച്ച എംഎൽഎമാർ ബിജെപിയുടെ പുതിയ സർക്കാരിൽ മന്ത്രിമാരായി. 2020 മാർച്ചിൽ സിന്ധ്യയുടെ പിന്തുണയോടെ ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയായി. എന്നാൽ ഇത്തവണ ചൗഹാനെതിരെ ബിജെപിയിൽ പടയൊരുക്കമുണ്ട്. കേന്ദ്ര മന്ത്രിമാരെ ബിജെപി മൽസരിപ്പിക്കുന്നത് ചൗഹാന് ഭീഷണിയാണെന്നത് ശ്രദ്ധേയമാണ്.
മധ്യപ്രദേശിൽ കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്  ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. ജബൽപൂരിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിയങ്ക കോൺഗ്രസിന്റെ അഞ്ച്  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കം 1500 രൂപ വീതം മാസ ധനസഹായം, 500 രൂപക്ക് ഓരോ വീട്ടിലും ഒരു എൽപിജി ഗ്യാസ് സിലിണ്ടർ, 100 യൂനിറ്റ് സൗജന്യ വൈദ്യുതി, 200 യൂനിറ്റ് വൈദ്യുതി പകുതി വിലയ്ക്ക്, കാർഷിക കടങ്ങൾ എഴുതിത്തളളും, വയോജന പെൻഷൻ പദ്ധതി നടപ്പാക്കും എന്നിവയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച വഴിയാണ് മധ്യപ്രദേശിലും കോൺഗ്രസ് പുറത്തെടുത്തത്. കർണാടകയിലും ഇതേപോലെ അഞ്ച് വാഗ്ദാനങ്ങൾ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് വിജയിച്ച് സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുളള നടപടികളും കോൺഗ്രസ് സർക്കാർ ആരംഭിച്ചു. ഇത് മധ്യപ്രദേശിലെ വോട്ടർമാരെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു
കോൺഗ്രസും ബിജെപിയും മാറിമാറി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. 1990 ന് ശേഷം ഒരിക്കൽ പോലും ഒരു പാർട്ടിക്കും സംസ്ഥാനത്ത് തുടർഭരണം ലഭിച്ചിട്ടില്ല. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് ചരിത്രം കുറിക്കുമോയെന്നാണ് അറിയേണ്ടത്. 200 അംഗ നിയമസഭയിൽ 2018 ൽ 100 സീറ്റുകൾ നേടിയായിരുന്നു വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ കോൺഗ്രസ് താഴെയിറക്കിയത്. സംസ്ഥാനത്തെ പതിവ് തെറ്റിച്ച് ഭരണത്തുടർച്ച നേടുമെന്ന ബിജെപി അവകാശവാദങ്ങളെ തകർത്തെറിയുകയായിരുന്നു കോൺഗ്രസ്. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ 73 സീറ്റുകളായിരുന്നു ലഭിച്ചത്.
ഇത്തവണ അധികാരത്തുടർച്ച നേടുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. എന്നാൽ അത് അത്ര എളുമല്ലെന്ന് നേതൃത്വം  സമ്മതിക്കുന്നുമുണ്ട്. ഭരണ വിരുദ്ധ വികാരവും പാർട്ടിക്കുളളിലെ ആഭ്യന്തര തർക്കങ്ങളുമെല്ലാം കോൺഗ്രസിന് വലിയ വെല്ലുവിളിയാണ്. മുഖ്യമന്ത്രി അശോക് ഗലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയാണ് കോൺഗ്രസിന് പ്രധാന തലവേദന. 2020 ൽ ഗലോട്ടിനെതിരെ വിമത നീക്കം നടത്തി വിശ്വസ്തരായ 18 എം.എൽ.എമാരുമായി ഒരു മാസത്തിലധികം ക്യാമ്പ് ചെയ്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്റെ നടപടിയോടെയാണ് പ്രതിസന്ധിയുടെ തുടക്കം.  മുഖ്യമന്ത്രി സ്ഥാനത്ത് ഗലോട്ടിനെ മാറ്റി നിർത്താതെ വിട്ടുവീഴ്ചക്കില്ലെന്നായിരുന്നു സച്ചിന്റെ നിലപാട്. ഹൈക്കമാന്റ് ഇടപെട്ടായിരുന്നു സച്ചിനെ മടക്കിയെത്തിച്ചത്. പിന്നീടും സർക്കാരിനെതിരെ കടുത്ത ഭാഷയിൽ പല അവസരങ്ങളിലും സച്ചിൻ പരസ്യ വിമർശനം ഉയർത്തി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.
ഒടുവിൽ ദേശീയ നേതൃത്വം ഇടപെടുകയും പാർട്ടി പ്രവർത്തക സമിതിയിൽ സച്ചിനെ ഉൾപ്പെടുത്തി അദ്ദേഹത്തെ അനുനയിപ്പിക്കുകയുമായിരുന്നു. ഇനി ഒന്നിച്ച് പോകുമെന്ന് സച്ചിനും ഗലോട്ടും ആവർത്തിച്ച് പറയുമ്പോഴും ഗലോട്ടിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നേതൃത്വം പ്രഖ്യാപിച്ചാൽ അത് പുതിയ തർക്കങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാനിലെ ബിജെപിയിലും ആഭ്യന്തര തർക്കം രൂക്ഷമാണ്. പാർട്ടി അധ്യക്ഷൻ സതീഷ് പൂനിയയും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലാണ് തർക്കം.  ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നൽകുമെന്ന് ഇതുവരെ ബി. ജെ.പി പ്രഖ്യാപിച്ചിട്ടില്ല.
തെലങ്കാനയിൽ  തുടർച്ചയായ മൂന്നാം തവണയും ബിആർഎസ് അധികാരം നേടാൻ ശ്രമിക്കുമ്പോൾ മേഖലയിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് പ്രയത്‌നിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ബിജെപിയും ഇത്തവണ ശക്തമായി രംഗത്ത് വരുന്നതോടെ പല മണ്ഡലങ്ങളും ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാനാണ് സാധ്യത. ഹൈദരാബാദിലും മറ്റും രാഹുൽ ഗാന്ധി നടത്തിയ യാത്രകളിലെ ജനപങ്കാളിത്തം വോട്ടുകളായി മാറുമെന്നാണ് സർവേകളിൽ തെളിഞ്ഞത്. അവിഭക്ത ആന്ധ്ര പ്രദേശ് ഒരു കാലത്ത് കോൺഗ്രസിന്റെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തിദുർഗമായിരുന്നു. 
ഛത്തീസ്ഗഢഡ് കോൺഗ്രസ് നിലനിർത്തുന്നതിലും വലിയ അത്ഭുതമില്ല. മിസോറമിൽ മണിപ്പൂർ വിഷയം എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വോട്ടെടുപ്പിൽ വ്യക്തമാവും. 
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളും ബിജെപി സ്വന്തമാക്കുമെന്ന് പാർട്ടി  ദേശീയാധ്യക്ഷൻ ജെ.പി. നദ്ദ അവകാശപ്പെട്ടു. വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ബിജെപിയുടെ വിട വാങ്ങലായെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് വരുന്ന തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് ജനങ്ങളിലെത്തുമെന്നും ബിജെപിയുടെ വിട വാങ്ങലാണ് നടക്കാൻ പോകുന്നതെന്നും കുറിച്ചത്.  ആറോ, എട്ടോ മാസങ്ങൾക്കകം പാർലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ മൂന്നാമതും അധികാരത്തിലേറുമോ അതോ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഭരണത്തിലേറുമോയെന്നതാണ് അറിയാനുള്ളത്.
 

Latest News