Sorry, you need to enable JavaScript to visit this website.

തീച്ചൂളയിൽ ഉയിർത്ത  ഗസൽ സൂര്യൻ

അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുകി ഉരുവം കൊണ്ടതായിരുന്നു ഉമ്പായിയിലെ മനുഷ്യനും കലാകാരനും. പാട്ടിന്റെ ലഹരിയിൽ ഉരുകിത്തീരുകയും ഇടറി വീഴുകയും ചെയ്ത ഒട്ടേറെ കൊച്ചിക്കാരുടെ പ്രതിനിധിയായിരുന്നു ഉമ്പായി. ജീവിതത്തിന്റെ അത്ഭുതകരമായ വഴികളിലൂടെ അലഞ്ഞു തിരിഞ്ഞ് ഒടുവിൽ കേരളത്തിന്റെ സംഗീത നഭസിൽ വൈകിയുദിച്ചുയർന്ന സൂര്യനായിരുന്നു ഉമ്പായി. 
കൂലിപ്പണി മുതൽ കള്ളക്കടത്ത് വരെ ചെയ്ത ഒരു കാലഘട്ടം ഉമ്പായിയുടെ ജീവിതത്തിലുണ്ട്.  ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു. സോപ്പും പൗഡറും പോലുള്ള സാധനങ്ങൾ കള്ളക്കടത്ത് നടത്തി. എന്നും കൂടെയുണ്ടായിരുന്ന സംഗീതമാണ് പിന്നീട് നേർവഴിക്ക് നയിച്ചത്. മദ്യമടക്കമുള്ള തെറ്റായ മാർഗ്ഗങ്ങളിലേക്ക് വഴുതി വീണപ്പോളയാൾ സംഗീതത്തെ പലപ്പോഴും ഉപേക്ഷിക്കാൻ മുതിർന്നിട്ടുണ്ട്.  പിന്നീട് അതോർത്ത് മനം നൊന്തിട്ടുണ്ട്.
അന്ന് മട്ടാഞ്ചേരിയിലെ ഓരോ മനുഷ്യനും ഒരു ഗ്രാമഫോണായിരുന്നുവെന്നും പട്ടിണി കൊണ്ട് തുപ്പൽ വറ്റിപ്പോയ തൊണ്ടകളിൽ നിന്ന് പലതരം പാട്ടുകൾ കേട്ടിട്ടുണ്ടെന്നും ഉമ്പായി എഴുതിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ കലാകാരന്മാർക്ക് ലക്ഷ്യം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഏറെപ്പേരും പരാജിതരുമായിരുന്നു. അതുകൊണ്ടു തന്നെ തബലയിലുള്ള തന്റെ ഭ്രാന്തിനെ കുടുംബം ആശങ്കയോടെയാണ് കണ്ടത്. പാട്ടുകാരനായാൽ കള്ള്കുടിച്ചും കൂട്ടുകൂടിയും മകൻ നശിച്ചുപോകുമെന്നായിരുന്നു ഉമ്പായിയുടെ പിതാവ് അബുവിന്റെ വിശ്വാസം. കടുത്ത സി പി എം പ്രവർത്തകനായ ആ പിതാവ് മകൻ പഠിച്ചുയരങ്ങളിലെത്തുന്നത് സ്വപ്നം കണ്ടു. അതിനായാണ് സംഗീതത്തിൽ നിന്ന് അവനെ അകറ്റാൻ നോക്കിയതും. എന്നാൽ, എതിർക്കുന്തോറും ഉമ്പായുടെ വാശി ഏറി. ബാപ്പയെ നിഷേധിച്ച് ആ മകൻ വളർന്നു. പിതാവ് തബല പഠിക്കുന്നതിനെ ശക്തമായി എതിർത്തെങ്കിലും ഉമ്പായി തബലയുടെയും പാട്ടിന്റെയും ലഹരിയിൽ 
അലിയാനും അലയാനും വിധിക്കപ്പെട്ടവനായിരുന്നു. അല്ലാരഖയും പണ്ഡിറ്റ് രവിശങ്കറും കൊച്ചിയിൽ വന്നപ്പോൾ പരിപാടി കാണാൻ പോയ ഉമ്പായിയെ വീട്ടിൽ കാത്തിരുന്നത് പിതാവിന്റെ കനത്ത ചൂരൽ പ്രഹരമായിരുന്നു. നിരാശയിൽ അകപ്പെട്ട ജീവിതത്തിന് മദ്യം സാന്ത്വനമായത് അക്കാലത്താണ്. ഒരുപാടുകാലം മദ്യലഹരിയിൽ അലഞ്ഞു. കടത്തിണ്ണകളിലും  കള്ളുഷാപ്പുകളിലും ഖവാലി നടത്തിയ കാലം.  ഉമ്മയാണ് മദ്യത്തിലാണ്ടു പോയ ജീവിതത്തിൽ നിന്ന് ഉമ്പായിയെ തിരിച്ചു കൊണ്ടുവന്നത്. 
താന്തോന്നിയായി നടക്കുന്ന മകൻ ഭാരമായപ്പോൾ വീട്ടുകാർ അവനെ പൂനെയിലേക്ക് പഠനത്തിനായി അയച്ചു. അവിടുത്തെ സീമാൻ പഠനത്തിനിടെയും അവൻ സംഗീതത്തെയാണ് സ്‌നേഹിച്ചത്. ക്ലാസിന്റെ ഇടവേളകളിൽ കൂട്ടുകാർക്കുവേണ്ടി ഡെസ്‌ക് തബലയാക്കി. ആ താളത്തിൽ അധ്യാപകരും അലിഞ്ഞു. നിന്റെ വഴി സംഗീതമാണെന്നും ആ വഴിയിലെത്താൻ മുംബൈയിലേക്ക് തിരിക്കാനും അവർ നിർദേശിച്ചു. തബല വായിക്കാനും സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനും തീരുമാനിച്ച് ഹിന്ദുസ്ഥാനി സംഗീതവും മെഹഫിലുകളും കൊണ്ട് സംഗീതസാന്ദ്രമായ മുംബൈ നഗരത്തിലേക്ക് ഉമ്പായി യാത്രയായി. അവിടെ മുജാവർ അലീഖാന്റെ കീഴിൽ സംഗീതം പഠിച്ചു. തബല വായനക്കിടയിൽ ഉമ്പായി പാടിയ പാട്ട് കേൾക്കാൻ ഇടയായ ഉസ്താദ് ആണ് ഉമ്പായിയിലെ ഗായകനെ കണ്ടെത്തിയത്. ഉമ്മയുടെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഉമ്പായി പിന്നെ തന്റെ കർമ്മരംഗമായി തിരഞ്ഞെടുത്തത് കൊച്ചിയാണ്. 
സ്‌നേഹിതനായ ചലച്ചിത്ര പിന്നണി ഗായകൻ മെഹബൂബിന്റെ കൂടെ ഗാനമേളകളിൽ പങ്കെടുത്തും ജീവിക്കാൻ വേണ്ടി വിവിധ ജോലികളിൽ ഏർപ്പെട്ടും കഴിഞ്ഞു വന്നു.  ചുള്ളിക്കൽ അബാദ് ഹോട്ടലിൽ പാടുന്നതു കേട്ട അബാദ് പ്ലാസയുടെ ഉടമ റിയാസ് അഹമ്മദ് കൊച്ചിയിലേക്ക് ക്ഷണിച്ചു. 1984 ഫെബ്രുവരി അഞ്ചിന് അബാദ് പ്ലാസ തുടങ്ങിയതുമുതൽ അവിടെ സന്ദർശക സദസിലെ ഗസൽ ഗായകനായി. അബാദിലെ ഗസൽ രാവുകളിലെ സൗഹൃദങ്ങളാണ് ഉമ്പായിയുടെ വളർച്ചയിൽ നാഴികക്കല്ലുകളായത്. അത്തരമൊരു സൗഹൃദമായിരുന്നു ജോൺ എബ്രഹാമുമായി ഉണ്ടായത്.  'അമ്മ അറിയാൻ' കഴിഞ്ഞ് ജോൺ തിളങ്ങി നിൽക്കുന്ന കാലമാണ്. അബാദിൽവച്ച് ജോൺ പറഞ്ഞു 'പി.എം. ഇബ്രാഹിം എന്ന നീ ഇനി ഉമ്പായി എന്നറിയപ്പെട്ടാൽ മതി'.   ഉമ്പായി ഒരിക്കൽ ദൽഹിയിൽ ഒരു ഗാനസദസ്സിൽ ഹിന്ദി, ഉർദു ഗാനങ്ങൾ ഭംഗിയായി അവതരിപ്പിച്ചപ്പോൾ സദസ്സിന്റെ നിർബന്ധത്തിനു വഴങ്ങി ഭാർഗവീനിലയത്തിലെ 'താമസമെന്തേ വരുവാൻ' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി. മലയാളത്തിൽ എന്തുകൊണ്ട് ഗസലുകൾ ആയിക്കൂടാ എന്ന് ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന് ശേഷമാണ്. മലയാള ഗസൽ എന്ന പുതിയൊരു ശാഖയുടെ പിറവി കുറിച്ച തീരുമാനമായിരുന്നു അത്. തന്റെ പ്രാണപ്രേയസിയെ കുറിച്ചും നഷ്ടപ്രണയത്തെക്കുറിച്ചും നൊമ്പരപ്പെടുന്ന ഗസലുകൾ ഉമ്പായി മലയാളത്തിലേക്ക് പറിച്ചു നട്ടു. മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ ഒ എൻ വി ,യൂസഫലി കേച്ചേരി,സച്ചിദാനന്ദൻ തുടങ്ങിയവരുടെ രചനകളുമായി ഉമ്പായിയുടെ ഗസൽ ആൽബങ്ങൾ ആസ്വാദകലോകം ഏറ്റുവാങ്ങി.പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉർദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്. മലയാളത്തിൽ പ്രണാമം,ഗസൽമാല,പാടുക സൈഗാൾ പാടൂ, അകലെ മൌനം പോൽ,നന്ദി പ്രിയസഖി നന്ദി,ഒരിക്കൽ നീ പറഞ്ഞു, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, ഹൃദയരാഗം, ഒരുമുഖം മാത്രം എന്നീ ആൽബങ്ങളെല്ലാം മലയാളികൾ എന്നും ഇഷ്ടപ്പെടുന്നവയാണ്. ഗസൽ സംഗീതത്തിൽ തിളങ്ങി നിന്ന ഉമ്പായിയെ തേടി സിനിമയിൽ പാടാൻ നിരവധി അവസരങ്ങൾ എത്തി. പക്ഷെ സിനിമയിലേക്കുള്ള ക്ഷണം അദ്ദേഹം സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു. 

 

Latest News