ജീവനക്കാരിയുടെ അശ്ലീല ചിത്രം നിര്‍മ്മിച്ച് വനിതാ സൂപ്രണ്ട് നാടുമുഴുവന്‍ പ്രചരിച്ചിച്ചു, ഒടുവില്‍ പണി കിട്ടി

തൃശൂര്‍ - കീഴ്ജീവനക്കാരിയുടെ അശ്ലീല ചിത്രം നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ നാട് മുഴുവന്‍ പ്രചരിപ്പിച്ച വനിതാ സൂപ്രണ്ടിന് ഒടുവില്‍ പണി കിട്ടി. ചാലക്കുടി വനം ഡിവിഷനിലെ ജീവനക്കാരിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സീനിയര്‍ സൂപ്രണ്ട് എം വി ഹോബിയെ സസ്‌പെന്‍ഡ് ചെയ്തത്. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പുഗഴേന്തിയാണ് അച്ചടക്ക നടപടിയെടുത്തത്. വനിതാ  ജീവനക്കാരാണ് ഓഫീസില്‍ ഭൂരിപക്ഷവും. പരാതിക്കാരിയായ ജീവനക്കാരിയും സൂപ്രണ്ടും തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. ഇതോടെയാണ് സൂപ്രണ്ട് സഹപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴിയും മറ്റു സൈറ്റുകള്‍ വഴിയും  പ്രചരിപ്പിച്ചത്. ഓഫീസിലെ  ജീവനക്കാര്‍ക്കിടയിലെ തമ്മിലടി വനംവകുപ്പിനു നിരന്തരം തലവേദന സൃഷ്ടിക്കുന്നുണ്ട്.  ഓഫീസിലെ മറ്റു ജീവനക്കാരോടും സൂപ്രണ്ട് സ്ഥിരമായി മോശമായാണ് പെരുമാറുന്നതെന്ന് പരാതിയുണ്ട്. ജീവനക്കാരുമായി അനാവശ്യ കാര്യങ്ങള്‍ക്ക് പോലും വാക്ക് തര്‍ക്കം  ഉണ്ടാവുക പതിവാണ്.  ഓഫിസിലെ എല്ലാ ജീവനക്കാരും ഈ വനിതാ സൂപ്രണ്ടിനെതിരെ പരാതികള്‍ നല്‍കിയിട്ടുണ്ട്.

 

Latest News