Sorry, you need to enable JavaScript to visit this website.

96-ാം വയസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്  നേടിയ കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

ആലപ്പുഴ-രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. 2017-ലെ അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായതാണ് കാര്‍ത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്. 
ചേപ്പാട് മുട്ടം സ്വദേശിയായ കാര്‍ത്ത്യായനിയമ്മ 96-ാം വയസ്സില്‍ അക്ഷരം പഠിച്ചുതുടങ്ങുന്നത്. ആദ്യ പരീക്ഷയില്‍ത്തന്നെ നാല്‍പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടര്‍ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്‌ടോപ് സമ്മാനിച്ചിരുന്നു
കാര്‍ത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്‌കാരവും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാര്‍ത്ത്യയനിയമ്മ താരമായി. സാക്ഷരതാമിഷന്റെ ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാന്‍ പഠിക്കുമ്പോഴാണ് പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായത്. ഏഴാം ക്ലാസിനുശേഷം പത്താംതരം തുല്യത എഴുതി ജയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് കാര്‍ത്ത്യായനിയമ്മ വിടപറഞ്ഞത്. 

Latest News