Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജാതി സെൻസസിന്റെ പ്രസക്തി

അഞ്ച് നിയമസഭകളിലേക്കും തുടർന്ന് ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കേന്ദ്ര പ്രശ്‌നമായി ജാതി സെൻസസ് മാറുകയാണ്. ബിഹാർ സർക്കാർ ജാതി സെൻസസ് വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു പിറകെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, കർണാടക പോലുള്ള സംസ്ഥാനങ്ങൾ ജാതി സെൻസസ് നടത്താനുള്ള നീക്കത്തിലാണ്.  ജാതി സെൻസസ് പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹരജികൾ സുപ്രീം കോടതി തള്ളുകയും ചെയ്തു. ഇന്ത്യ മുന്നണി തന്നെ ജാതി സെൻസസ് ്‌നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ആ വഴിക്ക് നീങ്ങുമെന്ന് കരുതാം. ബി.ജെ.പിക്ക് ജാതി സെൻസസിനോട് താൽപര്യമില്ല. രാജ്യത്തെ ജാതീയമായി വിഭജിക്കാനുള്ള നീക്കമാണ് ജാതി സെൻസസ് എന്നാണവർ പറയുന്നത്. എന്നാൽ എൻ.ഡി.എയിലെ പല സംഘടനകളും ജാതി സെൻസസിന് അനുകൂലമാണ്. ഏകീകൃത സിവിൽ കോഡെന്ന ബി.ജെ.പി അജണ്ടയെ എതിർത്ത പോലെ പല പാർട്ടികളും ജാതി സെൻസസിലെ ബി.ജെ.പി നിലപാടിനെയും എതിർക്കുന്ന കാഴ്ചയാണ് കാണുന്നത്. 
തീർച്ചയായും ജാതി സെൻസസ് ഒരു കക്ഷി രാഷ്ട്രീയ പ്രശ്‌നമല്ല. എന്നാൽ ഇപ്പോഴത് ഉയർന്നു വരുന്നതിന്റെയും എതിർപ്പുയരുന്നതിന്റെയും പിറകിലതുണ്ട് എന്നതിൽ സംശയമില്ല. അതെളുപ്പം മനസ്സിലാകാൻ മൂന്ന് പതിറ്റാണ്ട് പിറകിലേക്ക് പോയാൽ മതി. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ബാബ്‌രി മസ്ജിദ് തകർത്ത സമയത്ത് തന്നെയായിരുന്നല്ലോ ഹിന്ദു എന്നത് ഏകീകൃത മതമല്ലെന്നും ശ്രേണീബദ്ധമായി നിലനിൽക്കുന്ന ജാതികളുടെ സമുച്ചയമാണെന്നും ഒരിക്കൽ കൂടി തെളിയിച്ച് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. മസ്ജിദ് തകർത്തതിനു ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. 
അതിനുള്ള പ്രധാന കാരണം മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തന്നെയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമാനമായൊരു സാഹചര്യമാണ് ഇപ്പോഴും രൂപം കൊള്ളുന്നത് എന്നു കാണാം. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ, ജനുവരിയിൽ വലിയ ആഘോഷത്തോടെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങാനാണ് സംഘപരിവാർ തീരുമാനം എന്നാണ് വാർത്തകൾ. അതിന്റെ ലക്ഷ്യം ഹൈന്ദവ വോട്ടുകളുടെ ഏകീകരണമല്ലാതെ മറ്റൊന്നല്ല. മണ്ഡൽ കമ്മീഷൻ ചെയ്തപോലെ തന്നെ ഈ നീക്കത്തെ തടയാനാണ് പ്രതിപക്ഷം ഇപ്പോൾ ജാതി സെൻസസ്  ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നതെന്ന വിമർശനമുണ്ട്. അങ്ങനെയാണെങ്കിൽ തന്നെ അതിൽ തെറ്റൊന്നുമില്ല. സംഘപരിവാർ രഥത്തെ തടഞ്ഞുകെട്ടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. 
അതേസമയം ജാതി സെൻസസ് എന്നതൊരു കേവല കക്ഷിരാഷ്ട്രീയ പ്രശ്‌നമല്ല. മറിച്ച് വളരെ ഗൗരവമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നമാണ്. രാജ്യം പുരോഗതിയിൽ ലോകത്തിന്റെ നെറുകയിലേക്കാണ് പോകുന്നതെന്നാണല്ലോ പ്രധാനമന്ത്രിയടക്കമുള്ളവരുടെ അവകാശവാദം. 
അതിലെ യാഥാർത്ഥ്യം എന്താണെന്നത് അവിടെ നിൽക്കട്ടെ. അപ്പോഴും രാജ്യത്തെ സമ്പത്തും അധികാരവും തൊഴിലുമെല്ലാം ആരുടെ കൈവശമാണ്, നിയന്ത്രണത്തിലാണ് എന്ന ചോദ്യത്തെ അദ്ദേഹമടക്കമുള്ളവർ അഭിമുഖീകരിക്കുന്നില്ല. അതാരുടെ നിയന്ത്രണത്തിലാണെന്നു സാമാന്യ രാഷ്ട്രീയ ബോധമുള്ളവർക്കെല്ലാം അറിയാമെങ്കിലും അതിന്റെ കൃത്യമായ കണക്കുകൾ അനിവാര്യമാണ്. അതു പുറത്ത് വന്നാൽ പല അവകാശവാദങ്ങളും തകർന്നുവീഴും. പല സാമൂഹ്യ - സാമ്പത്തിക നയങ്ങളും പൊളിച്ചെഴുതേണ്ടി വരും. രാഷ്ട്രീയമായ വൻ ചലനങ്ങളുണ്ടാകും. നൂറ്റാണ്ടുകളായി തുടരുന്ന പല അനീതികളും തിരുത്തേണ്ടിവരും. പല കസേരകളും ഇളകിയാടും. അതുകൊണ്ടൊക്കെയാണ് ജാതി സെൻസസ് നടപ്പാക്കണമെന്ന നിലപാടിനെ നേരത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പിയിലെ പല നേതാക്കൾ പോലും ഇക്കാര്യം മിണ്ടാത്തത്. 
2020 ൽ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സമ്പത്ത് വിതരണം സംബന്ധിച്ച ഓക്സ്ഫാമിന്റെ റിപ്പോർട്ട് പരിശോധിച്ചാൽ മാത്രം ജാതി സെൻസസിന്റെ ആവശ്യകത ബോധ്യമാകും. അതനുസരിച്ച് ജനസംഖ്യയുടെ 10% പേർ മൊത്തം സമ്പത്തിന്റെ 74.3% കൈവശം വെക്കുന്നു. അതേസമയം മധ്യനിരയിലുള്ള 40% വും താഴെയുള്ള 50% വും യഥാക്രമം 22.9% വും വെറും 2.8% വും സമ്പത്താണ് കൈവശം വെക്കുന്നത്.  ഇന്ത്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന സാമ്പത്തിക  അസമത്വത്തിന്റെ വ്യക്തമായ ചിത്രമാണിത്. അതേസമയം ഈ കണക്കിലെ ജാതി അടിസ്ഥാനമാക്കിയുള്ള ഘടനയും പരിശോധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് വേൾഡ് ഇൻ ഇക്വാലിറ്റി ഡാറ്റാബേസ്  2018 ൽ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സമ്പത്തിലെ അസമത്വം, വർഗവും ജാതിയും എന്ന പഠനത്തിലെ വിവരങ്ങൾ വളരെ പ്രസക്തമാണ്. 
സമ്പത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിലാകട്ടെ, ബ്രാഹ്മണരിൽ 50%, രജപുത്രരിൽ 31%, ബനിയയിൽ 44%, കായസ്ഥരിൽ 57% എന്നിവർ സമ്പന്ന വിഭാഗത്തിൽ പെടുന്നു. മറ്റു ജാതി വിഭാഗങ്ങളിൽ 5% എസ്ടി, 10% എസ്സി, 16% ഒബിസി എന്നിവ മാത്രമേ സമ്പന്ന വിഭാഗത്തിൽ പെടുന്നുള്ളൂ. പട്ടികജാതി വിഭാഗങ്ങൾക്ക് മൊത്തം സമ്പത്തിന്റെ 7-8% (ജനസംഖ്യ വിഹിതത്തേക്കാൾ 11 ശതമാനം കുറവ്). എസ്ടി വിഭാഗങ്ങൾക്ക് മൊത്തം സമ്പത്തിന്റെ 5-7% (ജനസംഖ്യ വിഹിതത്തേക്കാൾ 1-2 ശതമാനം കുറവ്) എന്നിങ്ങനെയാണ് ഉടമസ്ഥാവകാശമുള്ളത്. 
ഒബിസി വിഭാഗങ്ങൾ 2002 ൽ മൊത്തം സമ്പത്തിന്റെ 32% സ്വന്തമാക്കിയിരുന്നു. അത് 2012 ൽ നേരിയ തോതിൽ വർധിച്ചു. എന്നാൽ അവരുടെ ജനസംഖ്യ വിഹിതത്തിലെ ഗണ്യമായ വർധന കാരണം ജനസംഖ്യ വിഹിതവുമായുള്ള  വ്യത്യാസം വർധിച്ചു. അങ്ങനെ, സമ്പത്തിന്റെ വിതരണത്തിന്റെ കാര്യത്തിൽ, ഉയർന്ന ജാതി വിഭാഗങ്ങൾ  ജനസംഖ്യ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ  ഉയർന്ന വിഭാഗത്തിൽ കൂടുതലായി പ്രതിനിധീകരിക്കുന്നതായി വ്യക്തമായി കാണാൻ കഴിയും, അതേസമയം ഒബിസി, എസ്ടി, എസ്സി വിഭാഗങ്ങൾ മധ്യത്തിലും താഴെയുമായി പ്രതിനിധീകരിക്കുന്നു.  സാവിത്രിഭായ് ഫുലെ പുനെ യൂനിവേഴ്‌സിറ്റി (എസ്പിപിയു), ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎൻയു), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ദളിത് സ്റ്റഡീസ് എന്നിവ സംയുക്തമായി  2018 ൽ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സമ്പത്തിന്റെ ഉടമസ്ഥതയും അസമത്വവും: ഒരു സാമൂഹിക-മത വിശകലനം എന്ന ലേഖനത്തിൽ ... മൊത്തം ദേശീയ ആസ്തികളിൽ, ഏറ്റവും ഉയർന്ന 41% ഉയർന്ന ജാതി ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. 31% ഒബിസി ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലാണ്. അതേസമയം എസ്ടികളിലും എസ്സികളിലും  യഥാക്രമം 3.7%, 7.6% എന്നിങ്ങനെയാണ്. അങ്ങനെ ഇന്ത്യയിലെ സമ്പത്ത് വിതരണത്തിന്റെ ഘടന ജാതി ഘടനയുടെ ശ്രേണിയെ പ്രതിഫലിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്. 
വർധിച്ചുവരുന്ന ഈ അസമത്വങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കുകൾ അനിവാര്യമാണ്. അതനുസരിച്ചുള്ള നയങ്ങൾ ആവശ്യമാണ്. വിവിധ ജാതി വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ ഡാറ്റ ഉണ്ടായിരിക്കണം. അതാണ് ജാതി സെൻസസിന്റെ പ്രസക്തി.

Latest News