റിയാദ്- റിയാദിൽനിന്ന് മുംബൈയിലേക്ക് പോകാനിരുന്ന ജെറ്റ് എയർവേയ്‌സ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി. റിയാദ് വിമാനതാവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴ് ജീവനക്കാരടക്കം 149 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും ജെറ്റ് എയർവേയ്‌സ് ട്വിറ്റ് ചെയ്തു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ജെറ്റ് എയർവേയ്‌സ് വ്യക്തമാക്കി. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. യാത്രക്കാർക്ക് റിയാദ് വിമാനതാവളത്തിൽ സൗകര്യമൊരുക്കി. മറ്റൊരു വിമാനത്തിൽ ഇവരെ മുംബൈയിലെത്തിക്കുമെന്നും വിമാനകമ്പനി അധികൃതർ അറിയിച്ചു.