Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തട്ടത്തിൻ മറയത്ത്

'തട്ടം' നൂറ്റാണ്ടുകളായി മുസ്‌ലിം സ്ത്രീകളുടെ വസ്ത്രത്തിന്റെ ഭാഗമാണ്. എന്നാൽ അതൊരു രാഷ്ട്രീയ ആയുധമായി മാറുന്നത് അടുത്ത കാലത്താണ്. യൂറോപ്പ് മുതൽ ഇങ്ങ് മലബാർ വരെ തട്ടം അഥവാ ബുർഖയെ ചൊല്ലിയുള്ള തർക്കവും വിവാദവും ഉയരുകയാണ്. മതവിശ്വാസത്തിന്റെ ഭാഗം എന്നതിനപ്പുറം തട്ടം ഇന്ന് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപകരണവുമായി മാറുന്നു. കോട്ടയത്തെ സി.പി.എം നേതാവ് അനിൽ കുമാർ ആഴ്ചകൾക്ക് മുമ്പ് നടത്തിയ വിവാദ തട്ടം പരാമർശത്തെ ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോഴും മലബാറിൽ കെട്ടടങ്ങിയിട്ടില്ല. മതത്തിന്റെ വൃത്തങ്ങളിൽ നിന്ന് മാറി അത് മുസ്്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ വിശാലതയിലേക്ക് പ്രവേശിച്ചിരിക്കുന്നു.
ഇടതുപക്ഷത്തിന്റെ സ്വാധീനം കൊണ്ട് മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ തലയിലെ തട്ടം ഉപേക്ഷിച്ചു തുടങ്ങിരിക്കുന്നുവെന്നും ഇത് വലിയ സാമൂഹ്യ പരിഷ്‌കരണവുമാണെന്ന രീതിയിലായിരുന്നു അനിൽ കുമാറിന്റെ പരാമർശം. സി.പി.എം നേതാവ് ഈ പരാമർശം നടത്തിയതാകട്ടെ, സംഘപരിവാറുമായി ബന്ധപ്പെട്ട ഒരു വേദിയിലുമാണ്. പ്രസംഗത്തിന്റ വീഡിയോ ദിവസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ പരന്നതോടെയാണ് വിവാദമായത്. വിവിധ മുസ്‌ലിം സമുദായ നേതാക്കളും സംഘടനകളും മുസ്‌ലിം ലീഗുമെല്ലാം ഇതിനെതിരെ രംഗത്തു വന്നു. സി.പി.എം നേതാവിന്റെ പരാമർശം സംഘപരിവാർ നിലപാടിന് തുല്യമാണെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം പ്രതികരിച്ചത്. ഇത്തരത്തിലുള്ള രഹസ്യ അജണ്ടകൾ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണോ എന്നും ലീഗ് നേതൃത്വം ചോദിച്ചു. അനിൽ കുമാറിന്റെ പ്രസംഗം മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ,പ്രത്യേകിച്ച് മലബാറിൽ പാർട്ടിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ പാർട്ടി ജനറൽ സെക്രട്ടറി ഈ പരാമർശത്തെ തള്ളിപ്പറഞ്ഞു. ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് പറഞ്ഞ് തടിയൂരി. എന്നാൽ വിവാദം ഇപ്പോൾ വഴിമാറി പോകുന്നതാണ് കാണുന്നത്. മുസ്‌ലിം ലീഗും അവരുടെ രാഷ്ട്രീയ അടിത്തറയായ ഇ.കെ സുന്നി വിഭാഗത്തിലെ ഒരു വിഭാഗവും തമ്മിൽ ഇതുസംബന്ധിച്ച് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സമസ്ത നേതാക്കൾക്കെതിരെ മോശമായ പരാമർശം നടത്തിയെന്നാരോപിച്ച് സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തി. ഇപ്പോൾ ഈ തർക്കം അവസാനിപ്പിക്കാൻ നടക്കുകയാണ് മുസ്‌ലിം ലീഗ് നേതാക്കൾ.
സി.പി.എം നേതാവ് അനിൽ കുമാറിന്റെ പരാമർശം സി.പി.എമ്മിനുള്ളിലും തർക്കങ്ങളുണ്ടാക്കിയിട്ടുണ്ട്. മുസ്്‌ലിം സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായം ഒരു ഭാഗത്തു നിന്ന് ഉയരുന്നുണ്ട്. അതേസമയം, പാർട്ടിയുടെ സ്വാധീനം വലിയ സാമൂഹിക മാറ്റമുണ്ടാക്കുന്നുണ്ടെന്ന കാര്യമാണ് അനിൽ കുമാർ വിളിച്ചു പറഞ്ഞതെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. എന്നാൽ ആത്യന്തികമായി ഇത് പാർട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് പാർട്ടി നേതൃത്വം കണ്ടെത്തിയത്. അതുകൊണ്ടാണ് അനിൽ കുമാറിനെ പാർട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞത്.
മതന്യൂനപക്ഷങ്ങളെ കൂടെ നിർത്തുന്ന കാര്യത്തിൽ സി.പി.എമ്മിന് എന്നും ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസത്തിൽ തൊടാതെ അവരുടെ രാഷ്ട്രീയ പിന്തുണ നേടുകയെന്നതാണ് അവർ ഇതുവരെ സ്വീകരിച്ചു പോരുന്ന നയം. അതേസമയം, മതവിശ്വാസത്തിൽ നിന്ന് മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ രഹസ്യമായെങ്കിലും അകറ്റിക്കൊണ്ടു വരണമെന്ന, കമ്യൂണിസത്തിന്റെ അടിസ്ഥാന ആശയത്തിൽ വിശ്വസിക്കുന്ന വലിയൊരു വിഭാഗം പാർട്ടിക്കാർ വാദിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് മലപ്പുറം നഗരസഭയിൽ മുസ്‌ലിം വനിത സി.പി.എം ടിക്കറ്റിൽ വിജയിച്ച് ചെയർപേഴ്്‌സണായപ്പോഴും ഇതേ ആശയക്കുഴപ്പം അവർക്കുണ്ടായിരുന്നു. തലയിൽ തട്ടമിടുന്ന മുസ്്‌ലിം സ്ത്രീയെ മൽസരിപ്പിക്കണോ, തട്ടമിടാത്ത മുസ്‌ലി സ്ത്രീയെ മൽസരിപ്പിക്കണോ എന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് മലബാറിൽ സി.പി.എമ്മിനെ അലട്ടാറുള്ള പ്രശ്‌നമാണ്. തട്ടം ഇടാൻ സ്ഥാനാർഥിയോട് പാർട്ടി നേതാക്കൾ രഹസ്യമായെങ്കിലും നിർദേശിച്ച പ്രാദേശിക തെരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്.
തലയിൽ തട്ടമില്ലാത്തതുകൊണ്ടാണ് നമ്മുടെ സ്ഥാനാർഥി തോറ്റതെന്ന് തെരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തൽ നടത്തിയ പാർട്ടി കമ്മിറ്റികളുമുണ്ട്.
തട്ടത്തെ എതിർക്കുന്നതിലൂടെ മുസ്‌ലിംകൾക്കിടയിൽ എങ്ങനെ അരക്ഷിതാവസ്ഥ സൃഷ്ടിക്കാമെന്ന് പഠിച്ച് പ്രയോഗിക്കുന്ന പാർട്ടി ബി.ജെ.പിയാണ്. കർണാടകയിൽ ബുർഖ വിവാദം അവസാനിക്കാതെ തുടരുന്നതും ഇതുകൊണ്ടാണ്. ബുർഖക്കെതിരെ നിരന്തരം പറയുന്നതിലൂടെ മുസ്‌ലിംകളെ പ്രകോപിപ്പിക്കാമെന്നും അതുവഴി വർഗീയ കലാപത്തിന് വേദിയൊരുക്കാമെന്നും അവർ സ്വപ്‌നം കാണുന്നുണ്ട്. സി.പി.എം നേതാവ് അനിൽ കുമാറും ഇതേ കാര്യമാണ് മറ്റൊരു രീതിയിൽ ചെയ്യുന്നത്. ഇതിന്റെ അപകടാവസ്ഥ മനസ്സിലാക്കി വിവാദം വേഗം അവസാനിപ്പിച്ചത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ രാഷ്ട്രീയ ബുദ്ധിയാണ്.
തട്ടം വിവാദത്തോടൊപ്പം ഉയർന്നുവരുന്ന അടിസ്ഥാന ചോദ്യം യഥാർഥത്തിൽ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നുണ്ടോ എന്നുള്ളതാണ്. മുതിർന്നു വരുന്ന പെൺകുട്ടികളിൽ മഹാഭൂരിഭാഗവും തലയിൽ തട്ടമില്ലാതെ മലബാറിൽ വീടിന് പുറത്തിറങ്ങാറില്ല. തട്ടത്തിന്റെ രൂപത്തിലും ഉപയോഗിക്കുന്ന രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. വർഷങ്ങൾക്ക് മുമ്പ് തല പൂർണമായും മറച്ച് പിന്ന് കുത്തി മുടിയിൽ ഉറപ്പിച്ചിരുന്ന തട്ടത്തിന് ഇന്ന് വിപണിയുടെ സ്വാധീനത്തിന്റെ ഭാഗമായി രൂപമാറ്റം വന്നിട്ടുണ്ട്. വിപണിയിൽ സുലഭമായ പലതരത്തിലുള്ള ഷാളുകളാണ് ഇന്ന് ഏറെയും മുസ്്‌ലിം പെൺകുട്ടികൾ ഉപയോഗിക്കുന്നത്. തട്ടം എന്ന വാക്കിന്റെ ഉപയോഗം തന്നെ കുറഞ്ഞിരിക്കുന്നു. പകരം ഷാളാണ്. ഇത്തരം ഷാളുകൾ പല നീളത്തിലും വീതിയിലുമുള്ളവയാണ്. തലയിൽ ചേർന്നു കിടക്കാതെ ഊർന്നു വീഴുന്നവയാകാം. ഇത് ഇടക്കിടെ തലയിലേക്ക് പിടിച്ചിടുന്നതാണ് പതിവ്. അതേസമയം, മുഖമൊഴികെ തലയാകെ മറക്കുന്ന ബുർഖ ഉപയോഗിക്കുന്ന മുസ്‌ലിം പെൺകുട്ടികളെയും മലപ്പുറത്ത് ഏറെ കാണാം.
തട്ടത്തിന്റെ ഉപയോഗത്തിലുണ്ടായ ഈ മാറ്റമൊഴിച്ചാൽ, മലപ്പുറത്ത് മുസ്‌ലിം കുട്ടികൾ തട്ടമുപേക്ഷിക്കുന്നുവെന്നത് അതിശയോക്തി കലർന്ന പ്രയോഗമാണ്. സ്ത്രീകൾ പൊതുവിൽ കൂടുതലായി വീടിന് പുറത്തിറങ്ങി സഞ്ചരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ട് കാലമേറിയായി. പല റൂട്ടുകളിലും ബസുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. ജോലിക്കോ വിദ്യാഭ്യാസത്തിനോ ആയി മുസ്‌ലിംകൾ അടക്കമുള്ള സ്ത്രീകൾ വലിയ തോതിൽ എല്ലാ ദിവസവും വീടിന് പുറത്തിറങ്ങി സഞ്ചരിക്കുന്നത് മലപ്പുറത്തടക്കമുള്ള കാഴ്ചയാണ്. ഇതാണ് യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റം. ഇത്തരത്തിൽ മാറുന്ന സാഹചര്യങ്ങളിൽ, മുഖ്യധാരയുമായി ഇടപെടുമ്പോൾ വസ്ത്രധാരണ രീതിയിൽ വരുന്ന ബാഹ്യമായ മാറ്റങ്ങളെ കാലത്തിന്റെ മാറ്റമായി മാത്രമേ കാണാനാകൂ. അത് മതനിരാസമോ അടിസ്ഥാന വിശ്വാസത്തിൽ നിന്നുള്ള മാറി നടക്കലോ ആയി ചിത്രീകരിക്കുന്നത് യാഥാർഥ്യത്തോട് വിയോജിക്കുന്ന വിവരക്കേടാകും.

Latest News