ന്യൂദല്‍ഹി - എസ് എന്‍ സി ലാവലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. 35 ാം തവണയാണ് കേസ് മാറ്റിവെയ്ക്കുന്നത്. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്നത് പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതല്‍ സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസില്‍ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് അടക്കമുള്ള കേസുകള്‍ പരിഗണിക്കാന്‍ സമയം കിട്ടാതിരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സി ബി ഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍പും സി ബി ഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.