കാസർകോട്: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അനധികൃതമായി കൈയിൽ സൂക്ഷിച്ച 14,12800 രൂപയും 969.280 ഗ്രാം സ്വർണ്ണവും പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ സൈബർ സ്കോഡും ടൗൺ എസ്. ഐ എം. വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് രേഖകൾ ഇല്ലാത്ത പണവും സ്വർണവും പിടികൂടിയത്. തളങ്കര ഹൊന്നമൂലയിലെ ബായിക്കര ഹൗസിൽ അഹമ്മദ് ഇർഫാന്റെ(30) കയ്യിൽ നിന്നാണ് പണവും സ്വർണവും പിടിച്ചെടുത്തത്. ടൗണിലെ ജാൽസൂർ ജംഗ്ഷൻ അടുത്ത സബ് ജയിലിന് തെക്കുഭാഗത്തുള്ള ജ്വല്ലറിക്ക് സമീപം പതുങ്ങി നിൽക്കുന്നതായി കണ്ട അഹമ്മദ് ഇർഫാനെ ജില്ലാ പോലീസ് മേധാവിയുടെ സൈബർ സ്ക്വാഡ് അംഗങ്ങളായ എ വി നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവർ സംശയം തോന്നി തടഞ്ഞു വെച്ച് ടൗൺ എസ് ഐയെ വിവരം അറിയിക്കുകയായിരുന്നു. വിഷ്‌ണു പ്രസാദിന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ ശാർങ്ങധരൻ, കെ. വി ജോസഫ്,, അഭിലാഷ് എന്നിവരും എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പണത്തിന്റെയും സ്വർണത്തിന്റെയും രേഖകൾ ഒന്നും ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് പരിശോധന നടത്തി പിടികൂടുകയായിരുന്നു. 10 സ്വർണക്കട്ടികളും ഒരു സ്വർണ്ണ റിങ്ങുമാണ് പ്ലാസ്റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.