കൊച്ചി- എറണാകുളം റൂറൽ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം എഴുപതിനായിരം കടന്നു. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്‌ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്.ആലുവ റെയിൽവേ സ്റ്റേഷനിൽ കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടർ തുറന്ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ പ്രത്യേക സ്ഥലം തീരുമാനിച്ച് രജിസ്‌ട്രേഷൻ നടത്തും. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് ചെന്ന് ഡാറ്റ കളക്ട് ചെയ്യുന്നുണ്ട്. രജിസ്‌ട്രേഷൻ നടപടികൾക്ക് പ്രത്യേക വളന്റിയർ സേവനവും തേടുന്നുണ്ട്.
എസ്.പി.സി, എൻ.എസ്.എസ്, എൻ,സി.സി, റസിഡൻസ് അസോസിയേഷൻ, ക്ലബുകൾ മറ്റു സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നുമാണ് വളന്റിയർമാരെ തിരഞ്ഞെടുക്കുന്നത്. ജനമൈത്രി പോർട്ടൽ വഴിയാണ് അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 9250 അതിഥി ത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6900 ,മൂവാറ്റുപുഴ സ്റ്റേഷനിൽ 6100 പേരും, രജിസ്റ്റർ ചെയ്തു. കുന്നത്തു നാട് 5300, കുറുപ്പംപടി 4900, കോതമംഗലം 4400 പേരും രജിസ്റ്റർ ചെയ്തു. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്‌ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിലുള്ള കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. അതിഥി ത്തൊഴിലാളികൾക്ക് വിവിധ ക്ഷേമ പ്രവർത്തനങ്ങളും നടത്താനുള്ള തയ്യാറെടുപ്പിലാണ് റൂറൽ പോലീസ്.