കൊച്ചി- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കുന്ന പോലീസ് സംഘം കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പുറപ്പെട്ടു. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ വിമാനമാര്‍ഗം ദല്‍ഹിക്കു തിരിച്ചത്. ഇവിടെ നിന്ന് സംഘം ജലന്ധറിലേക്കു പോകും. ആറു പേരാണ് സംഘത്തിലുള്ളത്. രണ്ടു ദിവസത്തിനകം ബിഷപ്പിനെ സംഘം ചോദ്യം ചെയ്‌തേക്കും. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദല്‍ഹിയിലെ ദമ്പതികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. തന്റെ ഭര്‍ത്താവിനോട് പരാതിക്കാരിയായ കന്യാസ്ത്രീ അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് ഒരു യുവതിയുടെ പരാതിയുണ്ടായിരുന്നു.
കാത്തലിക്ക്് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഉജ്ജയിന്‍ ബിഷപ് എന്നിവരില്‍ നിന്നും പോലീസ് മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്. കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായിരുന്ന കന്യാസ്ത്രീകള്‍ ദല്‍ഹിയിലും മറ്റും ഉണ്ട്. ഇവരില്‍ നിന്നും സംഘം മൊഴിയേടുത്തേക്കും. ഇതിനു ശേഷമാകും സംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുക.