കണ്ണൂർ - വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ടെന്നും പക്ഷേ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കണ്ണൂരിൽ വിവിധ എൽ.ഡി.എഫ് കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അബുദാബി മാരത്തൺ നടത്താൻ പോലും അനുമതി തന്നില്ല. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാൻ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 2021 നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ വാചകങ്ങൾ പങ്കിട്ടെടുത്തു. ആളുകൾ വെറുക്കുന്ന ശക്തിയാക്കി എൽ.ഡി.എഫിനെ മാറ്റാനായിരുന്നു ശ്രമം. പക്ഷെ കോൺഗ്രസും ബി.ജെ.പിയും വിചാരിച്ചാൽ അത് നടക്കില്ല. ഒരു ഘട്ടത്തിലും കോൺഗ്രസും പ്രതിപക്ഷവും കേരളത്തിന് അനുകൂലമായ നിലപാട് എടുത്തില്ല. എൽ.ഡി.എഫ് വിരുദ്ധ തരംഗം അലയടിക്കുകയാണെന്ന് അവർക്ക് തോന്നി. കേരളത്തിലെ ബി.ജെ.പി മുഖേന കോൺഗ്രസ് കേന്ദ്രത്തെ സമീപിച്ചു. അന്വേഷണ ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു.- മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷമുളളതുകൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ് അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. വാരാനും കോരാനും കഴിയുന്നവരാണ് കോൺഗ്രസെന്ന് ബി.ജെ. പിക്ക് അറിയാം. നവംബർ ഒന്ന് മുതൽ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷം ബഹിഷ്‍കരിക്കും എന്ന് പ്രഖ്യാപിച്ചു. ഈ നിലപാട് നാടിന് ചേർന്നതല്ല. നവകേരള സദസും ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെയെല്ലാം ജനങ്ങൾ എങ്ങനെ ഇത് സ്വീകരിക്കുമെന്ന് കാണാം. - പിണറായി പറഞ്ഞു.
കോൺഗ്രസ് ബി.ജെ.പിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം ബി.ജെ.പിയുടെ വർഗീയ നയങ്ങൾ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാർ മനസോടെ പ്രതികരിക്കാൻ അവർ തയ്യാറാണ്. ബി.ജെ.പിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യുന്നുമില്ല. കേന്ദ്രം കേരളത്തോട് പകയോടെ പെരുമാറുമ്പോഴും ഒരുമിച്ച് നിന്ന് അർഹമായ ആനുകൂല്യങ്ങൾ നേടാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എം.പിമാർ തയ്യാറാകുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകാനോ നിവേദനത്തിൽ ഒപ്പിടുവാനോ അവർ തയ്യാറല്ല. ഇത് നമ്മൾ മനസിലാക്കണം. സംസ്ഥാനത്തിന് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്താൻ കേരളത്തിലെ യു.ഡി.എഫ്. പ്രതിനിധികൾ തയ്യാറാകുന്നില്ല. എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ യു.ഡി.എഫ്. എം.പി.മാർ കേന്ദ്രസർക്കാരിന് കൂട്ടുനിൽക്കുകയാണ്. കേരളം ഒരു തരത്തിലും വികസിക്കാൻ പാടില്ല എന്ന കാഴ്ചപ്പാടാണ് യു.ഡി.എഫിന് ഉള്ളത്. - പിണറായി പറഞ്ഞു.
മൂന്നാമതും ബി.ജെ.പി അധി കാരത്തിലെത്തുന്നത് അപരിഹാര്യമായ ആപത്താണെന്ന് രാജ്യത്തെ ജനങ്ങൾ പൊതുവേ അംഗീ കരിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ് എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ വന്നത് അതിനാണ്. തുടർഭരണം ബി.ജെ.പിയുടെ കൈകളിൽ എത്താതിരിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. സംഘപരിവാർ മനസ്സുള്ള ബി.ജെ.പിയിതരരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചിട്ട് കാര്യമില്ല എന്ന കാര്യം ഓർക്കണം. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് രാജ്യത്തെങ്ങും നടക്കുന്നത്. ഇനിയൊരുതവണ കൂടി ഭരണം അസാധ്യമാ ണെന്ന തിരിച്ചറിവ് ബി.ജെ.പിക്കുമുണ്ട്. അത് കൂടുതൽ ആപൽക്കരമായ നീക്കങ്ങൾക്ക് അവരെ പ്രേരിപ്പിക്കും. സമീപദിവസങ്ങളി ലെ റെയ്ഡ് അടക്കമുള്ള സംഭവ ങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. ഇനിയും ഇത്തരം നീക്കം പ്രതീ ക്ഷിക്കാം. പ്രതിപക്ഷ പാർടികൾ അധികാര ത്തിലിരിക്കുന്ന നാല് സംസ്ഥാന ങ്ങളിൽ കഴിഞ്ഞ ദിവസം ഒരേസ മയം ഇഡി റെയ്ഡ് നടത്തി. പു തിയ സാഹചര്യത്തിൽ ബിജെപി എങ്ങനെ പ്രതികരിക്കുമെന്നതിന് തെളിവാണിത്. മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി സർക്കാർ ഇഡിയെ കയറൂരിവിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മതനിരപേക്ഷതയ്ക്കുവേണ്ടി ഉറച്ച മനസ്സോടെ നില കൊള്ളുന്നവരും വർഗീയതയെ ചെറുക്കുന്നവരുമാണ് വിജയിച്ചു വരേണ്ടത്. കോൺ ഗ്രസിന് ഒരിക്കലും ഇക്കാര്യത്തിൽ തീർച്ചയും മൂർച്ചയുമുള്ള നിലപാടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കുടുംബയോഗങ്ങളിൽ, മുഖ്യമന്ത്രിക്ക് പുറമേ എം.വി. ജയരാജൻ, എം.സുരേന്ദ്രൻ, കെ. ശശിധരൻ, പി. ശശി, സി.എൻ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.