ലോകത്തിന് ഇന്നൊരു ശക്തനായ മധ്യസ്ഥനില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നു. ആർക്കും ആരോടും യുദ്ധം പ്രഖ്യാപിക്കാവുന്ന കലുഷമായ കാലം. ഉക്രൈൻ യുദ്ധം എത്രയോ കാലമായി തുടരുന്നു. സമാധാനം സ്ഥാപിക്കാനുള്ള ഒരു ശ്രമവും തുരങ്കത്തിന്റെ അങ്ങേയറ്റത്ത് പോലും കാണാനില്ല. ലോകത്തിന്റെ പല ഭാഗത്തും പോരാട്ടം നടത്തുന്ന ജനതയും സമൂഹങ്ങളും നീറിനീറി കഴിയുന്നു. ഒന്നിനും ഒരവസാനമില്ല. ഇങ്ങനെയൊരവസ്ഥയിൽ ഏറ്റവും പുതിയ സംഭവ വികാസത്തിലും തിരുഗേഹങ്ങളുടെ സേവകരായ സൗദി അറേബ്യ തങ്ങളുടെ പക്വമായ നിലപാട് പ്രഖ്യാപനം വഴി കാലത്തിന് മുന്നിൽ അവരുടെ ഉത്തരവാദിത്തം നിർവഹിച്ചുവെന്ന് മാത്രം വിശ്വസിക്കുക.
ചരിത്രത്തിലേക്ക് മറ്റൊരു പിടിച്ചു കുലുക്കൽ ദിവസം എഴുതിച്ചേർത്താണ് 7 /10/ 2023 കടന്നു പോയത്. ഇൻതിഫാദയെന്നാൽ പിടിച്ചു കുലുക്കൽ, ഞെട്ടിക്കൽ എന്നൊക്കയാണ് വ്യാഖ്യാനം. എന്തർഥം പറഞ്ഞാലും സ്വാതന്ത്ര്യത്തിന്റെ വഴി തേടിയുള്ള പോരാട്ടം തന്നെ. 1973 ലെ അറബ് - ഇസ്രായിൽ യുദ്ധത്തിന് അര നൂറ്റാണ്ട് തികയുന്നതിന്റെ അടുത്ത ദിവസം തന്നെ ഹമാസ് ഇസ്രായിൽ അതിർത്തി കടന്ന് അധിനിവേശ ശക്തികൾക്കെതിരെ നടത്തിയ ചെറുത്തു നിൽപ് മൂന്നാം ഇൻദിഫാദയാണോ എന്ന് ഇനിയും പറയാറായിട്ടില്ല. പഞ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്രായളലിലേക്ക് 5000 റോക്കറ്റുകൾ വിക്ഷേപിച്ചെന്നാണ് ഹമാസ് അവകാശപ്പെട്ടത്. റോക്കറ്റിന്റെ എണ്ണക്കണക്ക് ഹമാസ് പെരുപ്പിച്ച് പറയുന്നതാണെന്ന് കരുതിയാലും 2000 ത്തിന് മേൽ റോക്കറ്റുകൾ അയേൺ ഡോമുകൾ ഉപയോഗിച്ച് തകർത്തുവെന്ന് ഇസ്രായിലും സമ്മതിച്ചു കഴിഞ്ഞു. ഹമാസ് ചെറുത്തു നിൽപിൽ ഇസ്രായിൽ പ്രതിരോധ സേനയിലെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടുവെന്ന വിവരവും പുറത്ത് വന്നിരിക്കയാണ്. ഇസ്രായിൽ സൈന്യം തന്നെയാണ് ഇതറിയിച്ചത്. നഹാൽ ഇൻഫൻട്രി ബ്രിഗേഡിന്റെ കമാന്ററായ കേണൽ ജോനാഥൻ സ്റ്റെയിൻ ബെർഗാണ് ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. തങ്ങളുടെ പൗരന്മാരുടെ ജീവന് വലിയ പ്രധാന്യം നൽകുന്ന രാജ്യമാണ് ഇസ്രായിൽ. അങ്ങനെയൊരു രാജ്യം ഇതു പോലൊരു സൈനിക തലവന്റെ മരണം എത്രമാത്രം ഞെട്ടലോടെയാണ് കാണുക എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇസ്രായിൽ സൈന്യം കനത്ത പ്രത്യാക്രമണം തുടരുന്ന ഗസ്സയിൽ 313 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരം. 2000 ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
1987-93 കാലത്തായിരുന്നു ആദ്യത്തെ ഇൻതിഫാദ. 2000-2005 ൽ രണ്ടാമത്തേത് സംഭവിച്ചു. അന്ന് രണ്ടായിരം ഫലസ്തീനികളും ആയിരം ഇസ്രായേൽ കാരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വന്ന കണക്ക് പറയുന്നത് . യുദ്ധാനന്തര മരണങ്ങളുടെ കണക്ക് എത്ര സത്യ സന്ധമാണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. 2005 ലെ യുദ്ധാന്തരീക്ഷം ഗൾഫ് നാടുകളിൽ കഴിയുന്ന എല്ലാ മനുഷ്യരുടെയും ഓർമയിലുണ്ടാകും. അന്നുണ്ടായ വെടിനിർത്തലിന് ശേഷം 2014 ൽ ആയിരുന്നു ഗാസയിൽ നിന്ന് അധിനിവേശക്കാർക്കെതിരെ ഹമാസിന്റെ രണ്ടാമത്തെ കടുത്ത റോക്കറ്റാക്രമണം. അന്ന് ഇസ്രായിലിൽ കടന്നു കയറിയ ഹമാസ് മൂന്ന് പേരെ തട്ടിക്കൊണ്ടു പോയ സംഭവം ശരിക്കും ഞെട്ടിക്കൽ തന്നെയായിരുന്നു. ഇതിന്റെ പേരിലായിരുന്നു ഏഴാഴ്ച നീണ്ട യുദ്ധം. പിന്നീട് മൂന്ന് കൊല്ലത്തോളം വലിയ തോതിലുള്ള സംഘർഷമൊന്നുമില്ലാതെ കടന്നുപോയി - സമാധാന വഴി തുറന്നു എന്ന് ലോകം വെറുതെ ആഗ്രഹിച്ച വർഷങ്ങൾ. 2021 ലാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. 2021 മേയിൽ വിശുദ്ധ അൽ അഖ്‌സ മസ്ജിദ് പരിസരത്ത് അധിനിവേശക്കാരും ഫലസ്തീൻ ജനതയും ഏറ്റുമുട്ടി. 11 ദിവസമാണ് ആ പോരാട്ടം നിലനിന്നത്. ഇപ്പോഴിതാ വീണ്ടും. സയണിസത്തിന്റെ ഹൃദയത്തിലേക്ക് പോരാട്ടം എത്തിച്ചേർന്നതായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ പറഞ്ഞു കഴിഞ്ഞു. മഹത്തായ വിജയത്തിന്റെ അരികിലാണ് തങ്ങളെന്നും അദ്ദേഹം ആവേശ ഭരിതനാകുന്നു.
ഇൻതിഫാദയുടെയും വിപ്ലവത്തിന്റെയും അധ്യായങ്ങൾ ആവർത്തിക്കും, ഫലസ്തീൻ ഭൂമിയെ വിമോചിപ്പിക്കുന്നതുവരെ, ഫലസ്തീനികളെ ഇസ്രായിൽ ജയിലുകളിൽനിന്ന് മോചിതരാക്കുംവരെ വിശ്രമമില്ല -ടെലിവിഷനിൽ നടത്തിയ പ്രസ്താവനയിൽ ഹനിയ പറയുന്നു.
ഇസ്രായിൽ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞതിലൂടെ അവരും ഹമാസിനൊപ്പമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുകയും ഇസ്രായിൽ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതിൽ ഫലസ്തീൻ ജനതയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം നൽകണമെന്നും ഉന്നതതല യോഗത്തിൽ മഹ്മൂദ് അബ്ബാസ് നിർദേശം നൽകിയിട്ടുണ്ട്.
ഗുരുതരമായ തെറ്റാണ് ഹമാസ് നടത്തിയതെന്നും ഇസ്രായിലിനെതിരെ അവർ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നുമാണ് ഇസ്രായിൽ നിലപാട്. ഇസ്രായിൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ശത്രുവിനെതിരെ എല്ലാ സ്ഥലങ്ങളിലും പോരാടുകയാണെന്നും സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ ഇസ്രായിൽ പൗരന്മാരോട് അഭ്യർഥിക്കുകയാണെന്നും ഈ യുദ്ധത്തിൽ ഇസ്രായിൽ രാഷ്ട്രം വിജയിക്കുമെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹമാസ് നടപടി കഴിഞ്ഞയുടൻ നിലപാട് പറഞ്ഞിട്ടുണ്ട്.
പുതിയ സംഭവ വികാസത്തെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ശരിയാംവണ്ണമാണ് വിലയിരുത്തിയത്. ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാന പ്രക്രിയ സജീവമാക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തം അതിവേഗം ഏറ്റെടുക്കണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്.
ലോകത്തിന് ഇന്നൊരു ശക്തനായ മധ്യസ്ഥനില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നു. ആർക്കും ആരോടും യുദ്ധം പ്രഖ്യാപിക്കാവുന്ന കലുഷമായ കാലം. ഉക്രൈൻ യുദ്ധം എത്രയോ കാലമായി തുടരുന്നു. സമാധാനം സ്ഥാപിക്കാനുള്ള ഒരു ശ്രമവും തുരങ്കത്തിന്റെ അങ്ങേയറ്റത്തു പോലും കാണാനില്ല. ലോകത്തിന്റെ പല ഭാഗത്തും പോരാട്ടം നടത്തുന്ന ജനതയും സമൂഹങ്ങളും നീറിനീറി കഴിയുന്നു. ഒന്നിനും ഒരവസാനമില്ല. ഇങ്ങനെയൊരവസ്ഥയിൽ ഏറ്റവും പുതിയ സംഭവ വികാസത്തിലും തിരുഗേഹങ്ങളുടെ സേവകരായ സൗദി അറേബ്യ തങ്ങളുടെ പക്വമായ നിലപാട് പ്രഖ്യാപനം വഴി കാലത്തിന് മുന്നിൽ അവരുടെ ഉത്തരവാദിത്തം നിർവഹിച്ചുവെന്ന് മാത്രം വിശ്വസിക്കുക.