Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാസ്തികർ സംഘ്പരിവാറുമായി കൈകോർക്കുമ്പോൾ

തിരുവനന്തപുരത്തെ സമ്മേളനത്തിൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നു എന്നത് ശരി തന്നെ. കൊല്ലത്തും അങ്ങനെ തന്നെ. തുടക്കത്തിൽ പറഞ്ഞ പോലെ ഇരുകൂട്ടരും പറയുന്നത് തികച്ചും വിപരീതമായ കാര്യങ്ങളാണെന്നു തോന്നാമെങ്കിലും സൂക്ഷ്മമായ വിശകലനത്തിൽ രണ്ടും പരസ്പരപൂരകമല്ലാതെ മറ്റെന്താണ്?  ഇരുകൂട്ടരും ആധുനിക ജനാധിപത്യ, മതേതര സങ്കൽപത്തിൽ നിന്നു പിറകോട്ടുള്ള യാത്രയിലാണ്. സമകാലിക അവസ്ഥയിൽ അത് സംഘപരിവാർ നിലപാടുകളുമായി കൈകോർക്കുന്നതുമാണ്. 

 

തിരുവനന്തപുരത്തും കൊല്ലത്തും ഈയിടെ രണ്ടു മഹാസമ്മേളനങ്ങൾ നടക്കുകയുണ്ടായി. പ്രത്യക്ഷത്തിൽ തികച്ചും വിരുദ്ധമായ രണ്ട് ആശയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു ഈ സമ്മേളനങ്ങൾ. എന്നാൽ സൂക്ഷ്മപരിശോധനയിൽ  സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അവ രണ്ടും തമ്മിൽ ഒരു അന്തർധാര കാണാനാകും. 

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സമ്മേളനമായിരുന്നു കൊല്ലത്ത് നടന്നത്. തിരുവനന്തപുരത്ത് നവ നാസ്തികർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കാലത്തെ യുക്തിവാദികളുടെ സമ്മേളനവും. ഒന്ന് ആത്മീയതയിൽ അധിഷ്ഠിതമാണെങ്കിൽ രണ്ടാമത്തേത് ഭൗതികതയിൽ അധിഷ്ഠിതമാണ്. ഒന്നിൽ ദൈവമല്ല, ആൾദൈവം തന്നെയാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ രണ്ടാമത്തേത് നൽകുന്ന സന്ദേശം ദൈവമോ ആത്മീയതയോ മതമോ ഇല്ല എന്നതാണ്. അതേസമയം സി. രവിചന്ദ്രൻ എന്ന അവരുടെ നേതാവ് യുക്തിവാദികളുടെ ആൾദൈവമായി മാറിയിരിക്കുന്നു എന്ന വിമർശനം വ്യാപകമാണ്. 

അമൃതാനന്ദമയിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെട്ടതായതിനാൽ ഈ കുറിപ്പിൽ അതിലേക്ക് കാര്യമായി കടക്കാനുദ്ദേശിക്കുന്നില്ല. അതേസമയം അന്തർധാര എങ്ങനെയാണ് സജീവമാകുന്നത് എന്ന് വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. മുമ്പൊക്കെ യുക്തിവാദികൾ എന്നു വിശേഷിക്കപ്പെട്ടവരുടെ പിൻഗാമികളാണ് നവ നാസ്തികർ എന്നാണല്ലോ പൊതുധാരണ. എന്നാൽ അങ്ങനെ പറയുന്നതിൽ വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. രവിചന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന ഇവരിലെ പുതിയ മുഖം സുന്ദരമല്ല, വികൃതമാണെന്നു തന്നെ പറയേണ്ടിവരും. ശാസ്ത്ര - യുക്തിവാദ മൗലിക വാദത്തിലൂടെ ഏതൊരു വിഷയത്തെയും യാന്ത്രികമായി വിശകലനം ചെയ്യുന്ന അവർ അവസാനമെത്തുന്ന പാളയം രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണിയായ ഹിന്ദുത്വത്തിലാണെന്നതാണ് കൗതുകകരം. 

മനുഷ്യൻ കേവലം ഭൗതിക ജീവിയാണെന്ന നിലപാടിൽ നിന്നു തന്നെയാണ് ഈ തെറ്റുകളുടെ തുടക്കം. ആത്മീയ ജീവി മാത്രമാണെന്നു പറയുന്നതിന്റെ മറുവശം തന്നെയാണത്. ലാബിൽ തെളിയിക്കപ്പെടാത്ത ഒന്നും അവർക്ക് സത്യമല്ല. ബഹുസ്വരതയോ വൈവിധ്യങ്ങളോ ഇല്ലെന്നും മനുഷ്യരെല്ലാം ഒരുപോലെയാണെന്നുമാണ് ആത്യന്തികമായി ഇവർ പറയുന്നത്. അതിന്റെ സ്വാഭാവികമായ തുടർച്ചയാണ് തുല്യതയില്ലാത്ത ഒരു സമൂഹത്തിൽ സാമൂഹിക നീതിക്കായി ഭരണഘടനശിൽപികൾ ആവിഷ്‌കരിച്ച സംവരണത്തെ ഇവരെതിർക്കുന്നത്. ജാതി എന്ന ജനാധിപത്യ വിരുദ്ധ പ്രതിഭാസത്തെ കുറിച്ച് സവർണ ജാതി വിഭാഗങ്ങളാൽ നയിക്കപ്പെടുന്ന ഇവർക്ക് മനസ്സിലാകുന്നില്ല. സംവരണം ഇന്ത്യൻ സമൂഹത്തെ വിഘടിപ്പിക്കുന്നു. അതിന്റെ ഐക്യത്തെ , കെട്ടുറപ്പിനെ, അഖണ്ഡതയെ ഇല്ലാതാക്കുന്നു അല്ലെങ്കിൽ ദുർബലപ്പെടുത്തുന്നു എന്നാണ് രവിചന്ദ്രന്റെ പക്ഷം.  
ഇന്ത്യൻ സമൂഹം ജാതിയിൽ വിഭജിക്കപ്പെട്ട ഒന്നാണെന്നും അതില്ലാതാക്കാനാണ് പോരാടേണ്ടതെന്നും അദ്ദേഹം മനസ്സിലാക്കുന്നില്ല. ജാതീയമായ അപകർഷത എന്നത് സാമൂഹികമായതോ സാമ്പത്തികമായതോ അല്ലെങ്കിൽ രാഷ്ട്രീയമായതോ ആയ വർത്തമാനകാല അവസ്ഥകളിൽ നിന്നും ഉരുത്തിരിയുന്ന ഒന്നല്ലെന്നും അത് കേവലം ദളിത് ജനതകളുടെ ഒരു മാനസിക വൈകല്യം മാത്രമാണെന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. പണ്ട് ആര്യൻ സിനിമയിൽ മോഹൻലാൽ പറഞ്ഞതുപോലെ ''ജാതിയും അയിത്തവും ഉള്ളത് നിന്റെ മനസ്സിലാണ്. നീയാണ് തേച്ചു കുളിക്കേണ്ടത്, അല്ലാതെ നമ്പൂതിരിയായ ഞാനല്ല' എന്ന് തന്നെ. 

ജാതിയുടെ പേരിൽ സവർണർ ഇപ്പോഴും കൈവശം വെച്ചനുഭവിക്കുന്ന അധികാരവും സമ്പത്തും അതേപടി തുടരണമെന്നും ദളിതർ ജാതി പറഞ്ഞ് ് അതില്ലാതാക്കരുത് എന്നും  തന്നെയാണ് ഇവർ ഫലത്തിൽ പറയുന്നത്. 
ഈ നിലപാടുകൾ അവസാനം സംഘ്പരിവാർ നിലപാടുകളുമായി താദാത്മ്യം പ്രാപിക്കുന്നു. 

ഇന്ത്യ ഒരു മതരാഷ്ട്രമല്ലാത്ത പോലെ തന്നെ  മതവിരുദ്ധ രാഷ്ട്രവുമല്ല എന്നവർ മനസ്സിലാക്കുന്നില്ല. മതേതര രാജ്യമെന്ന നിലയിൽ എല്ലാ മതങ്ങളിൽ പെട്ടവർക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച്,  ജീവിക്കാനുള്ള അവകാശത്തെ അവരംഗീകരിക്കുന്നില്ല. ബാബ്‌രി മസ്ജിദ് വെറും കെട്ടിടമാകുന്നതും തട്ടം പ്രാകൃതമാകുന്നതും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും കശ്മീരിനു പ്രത്യേക പദവി പാടില്ലെന്നും വാദിക്കുന്നതെല്ലാം അങ്ങനെയാണ്. ഇസ്‌ലാമോഫോബിയയുടെ കാര്യത്തിൽ സംഘപരിവാറിനു മുന്നിലാണ് നവ നാസ്തികർ.   നൂറ്റാണ്ടുകളായി കേരളത്തിന്റെയും ഇന്ത്യയുടെയും ബഹുസ്വരതയോട് ചേർന്നു ജീവിക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തെയും വർത്തമാനത്തെയും റദ്ദ് ചെയ്ത് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ജൂതന്മാരെ ചൂണ്ടിക്കാട്ടി ഹിറ്റ്‌ലർ ജർമനിയിൽ നടത്തിയ പ്രചാരണങ്ങൾക്ക് സമാനമാണ്. ആഗോള തലത്തിലാകട്ടെ, ഇസ്രായിലിന്റെ ഫലസ്തീൻ അധിനിവേശത്തെയും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെയുമൊക്കെ ഇക്കൂട്ടർ പിന്തുണച്ചിരുന്നു. ആഗോള തലത്തിൽ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇസ്‌ലാമോഫോബിയയുടെ ചരിത്രവും രാഷ്ട്രീയവുമെല്ലാം മറച്ചുവെക്കുകയും ചെയ്യുന്നു.

തിരുവനന്തപുരത്തെ സമ്മേളനത്തിൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നു എന്നത് ശരി തന്നെ. കൊല്ലത്തും അങ്ങനെ തന്നെ. തുടക്കത്തിൽ പറഞ്ഞ പോലെ ഇരുകൂട്ടരും പറയുന്നത് തികച്ചും വിപരീതമായ കാര്യങ്ങളാണെന്നു തോന്നാമെങ്കിലും സൂക്ഷ്മമായ വിശകലനത്തിൽ രണ്ടും പരസ്പരപൂരകമല്ലാതെ മറ്റെന്താണ്?  ഇരുകൂട്ടരും ആധുനിക ജനാധിപത്യ, മതേതര സങ്കൽപത്തിൽ നിന്നു പിറകോട്ടുള്ള യാത്രയിലാണ്. സമകാലിക അവസ്ഥയിൽ അത് സംഘപരിവാർ നിലപാടുകളുമായി കൈകോർക്കുന്നതുമാണ്. 

 

Latest News