ജിദ്ദ - സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി ഇലക്ട്രിസിറ്റി കമ്പനിയും ചേർന്ന് പുതിയ കമ്പനി ആരംഭിച്ചു. ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ 75 ശതമാനം പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനും 25 ശതമാനം സൗദി ഇലക്ട്രിസിറ്റി കമ്പനിക്കുമാണ്. സൗദിയിൽ ഇലക്ട്രിക് കാറുകൾക്ക് അതിവേഗ ചാർജിംഗ് സേവനങ്ങളെ പിന്തുണക്കുന്നതിനായി ഉയർന്ന ഗുണനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇത് സൗദിയിൽ ഇലക്ട്രിക് വാഹന ഉപയോഗം വേഗത്തിലാക്കാനും ഇലക്ട്രിക് കാർ മേഖല ശക്തിപ്പെടുത്താനും സഹായിക്കും. സൗദിയിലെ വ്യത്യസ്ത നഗരങ്ങളിലും റോഡുകളിലുമായി 2030 ഓടെ ആയിരത്തിലധികം സ്ഥലങ്ങളിൽ സേവനങ്ങൾ നൽകാനും 5,000 ലേറെ ഫാസ്റ്റ് ചാർജറുകൾ ലഭ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെയും ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ ചാർജിംഗ് പോയിന്റുകൾ നൽകുന്നതിലൂടെയും രാജ്യത്ത് വാഹന മേഖലയുടെ വളർച്ച വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ചാർജിംഗ് പോയിന്റുകളുടെ ശൃംഖല വികസിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിർമാണം എന്നിവ പ്രാദേശികവൽക്കരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനും കമ്പനി പ്രവർത്തിക്കും.
ഉയർന്ന നിലവാരമുള്ള പശ്ചാത്തല സൗകര്യം വികസിപ്പിച്ചും കൂടുതൽ വിശാലമായ പ്രദേശങ്ങളിൽ അവ ലഭ്യമാക്കിയും ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിലേക്കുള്ള പരിവർത്തനത്തിന് ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി സഹായിക്കുമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലെ മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്ക ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം മേധാവി ഉമർ അൽമാദി പറഞ്ഞു. ഇത് സൗദിയിൽ വാഹന മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കും. സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായുള്ള പങ്കാളിത്തം വൈദ്യുതി കാറുകൾക്കുള്ള ഫാസ്റ്റ് ചാർജറുകൾക്കായി വിവിധ തലങ്ങളിലുള്ള വിതരണ ശൃംഖലകൾ പ്രയോജനപ്പടുത്താനും സഹായിക്കും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി ഇലക്ട്രിസിറ്റി കമ്പനിയും തമ്മിലുള്ള പങ്കാളിത്തം വിഷൻ 2030 ന് അനുസൃതമായി സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുമെന്നും ഇലക്ട്രിക് വാഹന മേഖലയിൽ സൗദിയുടെ മുൻനിര സ്ഥാനം ഉറപ്പിക്കുമെന്നും ഉമർ അൽമാദി പറഞ്ഞു.
സുസ്ഥിര ഊർജ മേഖലയിൽ സൗദി അറേബ്യയുടെ ആഗോള മുൻനിര സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി ഇലക്ട്രിസിറ്റി കമ്പനി ഫലപ്രദമായ പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതായി കമ്പനി സി.ഇ.ഒ ഖാലിദ് ബിൻ ഹമദ് അൽഖനൂൻ പറഞ്ഞു. രാജ്യത്ത് നൂതന ഊർജ പരിഹാരങ്ങൾ നൽകാനും ഈ മേഖലയിൽ അധിക മൂല്യം വർധിപ്പിക്കാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് പുതിയ കമ്പനി സ്ഥാപനമെന്നും ഖാലിദ് ബിൻ ഹമദ് അൽഖനൂൻ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ സമാരംഭം വാഹന മേഖലയിൽ സൗദി അറേബ്യയുടെ കഴിവുകളും ആഗോള മത്സരക്ഷമതയും വർധിപ്പിക്കാനും ഈ മേഖലയിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം കൈവരിക്കുകയെന്ന ലക്ഷ്യം നേടാനുമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രത്തിന് അനുസൃതമാണ്. വാഹന, ഗതാഗത മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെ കമ്പനി പിന്തുണക്കും. രാജ്യത്ത് സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെ പുതിയ കമ്പനി പിന്തുണക്കുകയും മൊത്തം ആഭ്യന്തരോൽപാദന വളർച്ച വർധിപ്പിക്കുകയും ചെയ്യും.