Sorry, you need to enable JavaScript to visit this website.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലാര് ? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹോദരിയുടെ പോസ്റ്റ്

തിരുവനന്തപുരം - പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതിനിടെ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. മകന്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് സി ബി ഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളില്‍ സി ബി ഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. 2018 ഒക്ടോബര്‍ രണ്ടിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിക്കും അന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. വാഹനാപകടമുണ്ടായതില്‍ ദുരൂഹതയില്ലെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും പിന്നീട് അന്വേഷിച്ച സി ബി ഐയും കണ്ടെത്തിയത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ്  ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. 

തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കേസില്‍ ചില നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്‌ക്കറിന്റെ സഹോദരി പ്രിയ. ഫെയ്‌സ് ബുക്കിലൂടെയാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണ രൂപം:

കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും 'വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം' കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന്‍ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പലരായി ഞെട്ടലും സങ്കടവുമൊക്കെ അറിയിക്കുന്നു, ലിങ്ക് അയച്ചുതരുന്നു.. 
പക്ഷെ ഞങ്ങള്‍ ഞെട്ടിയില്ല.
വയലിനെ സ്വന്തം ശരീരാവയവം പോലെ കരുതിയിരുന്ന ഒരു കലാകാരന്‍, ഇത്ര ഡെലിക്കേറ്റ് ആയൊരു ഉപകരണം.. അതില്‍ ബാലുച്ചേട്ടന്‍ മറ്റൊരാളെ അനാവശ്യമായി തൊടാന്‍ പോലും അനുവദിക്കില്ല എന്ന് നിസ്സംശയം പറയാം.
ഞങ്ങള്‍ ഞെട്ടിയത് 2019ല്‍ ഞങ്ങള്‍ സംശയമുന്നയിച്ചവര്‍തന്നെ കള്ളക്കടത്തില്‍ പിടിയിലായപ്പോഴാണ്! 'വളരെ ലാഭകരമായ' 'അപ്പം മെഷീന്‍' ബിസിനസ്സിനും 'കഞ്ഞിക്കട'/റെസ്റ്റോറന്റ് തുടങ്ങാനും, സിനിമാനിര്‍മാണത്തിനും, പിന്നെ സ്വന്തം പ്രൊഡക്ഷന്‍ ഹൌസ് 'ബാലലീല' ക്കും (കൂടെയുള്ളവര്‍ തന്നെ ബിസിനസ് പാര്‍ട്ണര്‍സ് ആയിട്ട്) ഒക്കെ സ്വന്തം പണം ബാലുച്ചേട്ടന്‍ കൂടെയുള്ളവര്‍ക്ക് നിക്ഷേപമായി നല്‍കിയത് ഉപയോഗിക്കപ്പെട്ടത് ഈ വിധമൊക്കെ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്!
അതുവരെ പരിപാടികളില്‍ കിട്ടുന്നത് ക്യാഷ് ആയാണെങ്കിലും നല്ലത് എന്നുകരുതിയുന്ന ആള് ഇവരുടെയൊക്കെ പണമിടപാടുകളിലെ കള്ളത്തരം തിരിച്ചറിഞ്ഞതുകൊണ്ടാകാം അവസാനത്തെ ചില പരിപാടികള്‍ കഴിഞ്ഞ് 'ഇനി ക്യാഷ് ആയി വേണ്ട, account transfer ആണെങ്കില്‍ മതി' എന്ന് നിഷ്‌കര്‍ഷിക്കാന്‍ തുടങ്ങിയതും, 'വിദേശയാത്രകള്‍ ഇനിയില്ല, സ്റ്റേജ് ഷോസും ബാന്റും ഇനിവേണ്ട' എന്ന തീരുമാനത്തിലേക്കെത്തിയതും. ഈ ചിന്തകള്‍ ബാലുച്ചേട്ടന്‍ പങ്കുവച്ചവരില്‍ വല്യമ്മാവനുണ്ട്, അച്ഛനുമമ്മയുമുണ്ട്, ചില സുഹൃത്തുക്കളുമുണ്ട്..
സത്യം അറിയാമായിരിക്കെത്തന്നെ അവിടുന്ന് തുടങ്ങി എന്തൊക്കെ  കഥകള്‍ വേറെയുമുണ്ടാക്കി..
അതുകൊണ്ടു തന്നെ ഇതല്ല അതിനുമപ്പുറം പ്രതീക്ഷിച്ചുതന്നെ ഇരിക്കുകയും ചെയ്യണമല്ലോ..
പിന്നെ വെറുതെ പണം സമ്പാദിക്കുന്നതുമായി 
തന്റെ ഈശ്വരനായ സംഗീതത്തെ ബാലുച്ചേട്ടന്‍ കൂട്ടിക്കെട്ടില്ലായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് സിനിമ അവസരങ്ങള്‍ക്ക് വേണ്ടിയോ റിയാലിറ്റി ഷോകളിലെ നാടകങ്ങള്‍ക്ക് വേണ്ടിയോ അദ്ദേഹം വഴങ്ങിക്കൊടുത്തിട്ടില്ല, മറിച്ച് അവിടങ്ങളിലൊക്കെ സ്വന്തം അഭിപ്രായത്തിനുവേണ്ടിത്തന്നെ നിലകൊണ്ട് പലപ്പോഴും 'ധിക്കാരി' 'അഹങ്കാരി' എന്ന പേര് സമ്പാദിക്കാനും ബാലുച്ചേട്ടന്‍ മടിച്ചില്ല എന്നതാണ്.. 
ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കെല്‍പ്പുള്ളവര്‍ ഇനിയും എന്തും ചെയ്യാം.. സ്‌നേഹമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അതെന്തായാലും അങ്ങനെ തന്നെ ആകട്ടെ, സത്യം കൂടുതല്‍ തെളിവോടെ സമൂഹത്തിനു മുന്നിലെത്തുമല്ലോ! 
വളരെ കൃത്യമായ ഹൈക്കോടതി വിധി വന്ന സ്ഥിതിയ്ക്ക് വെറും 'കാപ്‌സ്യൂള്‍' ഒന്നും പോര, ഈ വന്നതും ഇനി വരാനിരിക്കുന്നതും ഹൈഡോസ് ഇന്‍ജെക്ഷന്‍ ആണ്, ആവണം.. പെട്ടെന്ന് പടരണം, ഏല്‍ക്കണം, ലഹരി പോലെ! 
ഏതായാലും ഇതുവരെ വന്ന വാര്‍ത്തകളിലും കഥകളിലും ഈ കേസുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ മുതല്‍ ഞാന്‍ ഈ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായോ പുതുമയുള്ളതോ ആയി എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ..  അപ്പോള്‍ ഞെട്ടാം! ??
ഇന്ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണ് ആദ്യം കാണുന്നത്.. കഴിഞ്ഞ 4 വര്‍ഷവും ഇതൊക്കെ ക്രൈം ബ്രാഞ്ചിന്റെയും സിബിഐ യുടെയും മാദ്ധ്യമങ്ങളുടെയും മുന്നില്‍ ഉണ്ടായിരുന്നിട്ടും ഇതിവിടം വരെ എത്തേണ്ടി വന്നില്ലേ. അന്നും ഇതേ വാര്‍ത്തകള്‍ ഇടയ്ക്കിടെ കേട്ടവരും കണ്ടവരും ഞെട്ടുകയും മറക്കുകയും ഇപ്പോള്‍ വീണ്ടും ഞെട്ടുകയും ചെയ്തില്ലേ.. ഇതായി ഇപ്പോള്‍ നാട്ടുനടപ്പ്! അത്രേയുള്ളൂ!
#Justice4Balabhaskar പടങ്ങളുടെ കൂട്ടത്തില്‍ 'ഇതൊക്കെ ആധികാരികമായിപ്പറയാന്‍ ഇവളാര്?' എന്ന ഫേക്ക് ഐഡികളുടെ പഴയ ചോദ്യം ആര്‍ക്കെങ്കിലും ബാക്കിയുണ്ടെങ്കില്‍, കുടുംബവുമായി ബാലുച്ചേട്ടന് ബന്ധമില്ലായിരുന്നു എന്ന് ഇരുട്ടത്തിരുന്ന് ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കാണാന്‍ ബാലുച്ചേട്ടന്‍ പണ്ടയച്ച ചില ഇമെയിലുകള്‍.. കൂടെയുള്ളവരെപ്പറ്റി പറയേണ്ടത് നിഷ്‌കളങ്കമായും സത്യസന്ധമായും ബാലുച്ചേട്ടന്‍ വീട്ടിലും പങ്കുവച്ചിരുന്നു. അതുകൊണ്ടുതന്നെ സംഗീതവുമായി ബന്ധപ്പെട്ട ഒരുവിധം എല്ലാ കൂട്ടുകാരെയുംപറ്റി നല്ല ധാരണ ഞങ്ങള്‍ക്കുമുണ്ടായിരുന്നു!
മറ്റുകാര്യങ്ങള്‍ക്കായി കൂടെക്കൂട്ടിയവരില്‍ പണ്ടത്തെ നല്ല സ്റ്റാഫ് പലരും പുറത്തായതെങ്ങനെ എന്നും, ബാലുച്ചേട്ടന്‍ പലതവണ പുറത്താക്കിയവര്‍ എങ്ങനെ വീണ്ടും വീണ്ടും അടുത്തുകൂടി എന്നും ബാലുച്ചേട്ടന്‍ അനിയനെപ്പോലെക്കണ്ടു വിശ്വസിച്ചവര്‍ എങ്ങനെ ഇത്രയും വലിയ ചതി ആളോട് ചെയ്തുവെന്നും അവരുടെ യഥാര്‍ത്ഥ പ്രേരകശക്തികള്‍ വെളിപ്പെടുന്നമുറയ്ക്ക് നമുക്കറിയാം
അപ്‌ഡേറ്റ് : 'കലാഭവന്‍ സോബി എന്ന സാക്ഷി കള്ളം പറഞ്ഞുവെന്ന് സിബിഐ' എന്ന മുന്‍നിര ചാനല്‍ വാര്‍ത്തകള്‍ കഴിഞ്ഞ കൊല്ലങ്ങളില്‍ പലപ്പോഴായി നിങ്ങളും കണ്ടുകാണും. അദ്ദേഹത്തിനെതിരെ സിബിഐ 'കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു' എന്നപേരില്‍ ക്രിമിനല്‍ കേസെടുത്തു എന്നതും കേട്ടുകാണും. പക്ഷെ, പോളിഗ്രാഫ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് കോടതി കണ്ടു. അതിലെന്താണ് എന്നല്ലേ? ഞെട്ടണ്ടേ?
1. സോബിയുടെ മേല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല
ഒന്നൂടെ ഇരുന്നു ഞെട്ടിക്കോളൂ -
2.  'ബാലഭാസ്‌കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നല്‍കിയ മറുപടി 'അതെ' എന്നായിരുന്നു. അത് കള്ളമാണെന്ന് ടെസ്റ്റില്‍ സ്ഥിരീകരിച്ചു
ആരും അറിഞ്ഞില്ലല്ലോ ഇതുവരെ? അറിഞ്ഞാലല്ലേ ഞെട്ടാന്‍ പറ്റൂ അല്ലേ!

 

Latest News