ജിസാൻ- സ്വാംതയിൽ ഹോട്ടൽ ജീവനക്കാരനായ പള്ളിപ്പുറത്ത് അഷ്‌റഫ് എന്ന യാഹു ഒരാഴ്ചയായി അത്യാസന്ന നിലയിൽ കഴിയുന്നു. തിരൂർ മൂച്ചിക്കൽ അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാഹുവിനെ രക്തസമ്മർദത്തെ തുടർന്നാണ് കഴിഞ്ഞ 28ന് അബൂ അരീഷ് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ സഹപ്രവർത്തകർ ഉണർന്നപ്പോൾ ഇദ്ദേഹത്തെ റൂമിന് പുറത്ത് അബോധാവസ്ഥയിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. വിവരമറിഞ്ഞ് സഹോദരൻ റഷീദ് മക്കയിൽ നിന്ന് ജിസാനിലെത്തിയിട്ടുണ്ട്. ജിസാനിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനാ നേതാക്കളായ ഹാരിസ് കല്ലായി, ഫൈസൽ ഇസാഫ്‌കോ, ഹമീദ് മണലായ, ദേവൻ വെന്നിയൂർ, കോശി സാർ, സജി ദഗാരീർ, ബിനു, മോഹനൻ അബൂ അരീഷ് തുടങ്ങിയവർ ഹോസ്പിറ്റലിലെത്തി സന്ദർശിച്ചു. നിർധന കുടുംബത്തിന്റെ അത്താണിയായ യാഹുവിന്റെ രോഗശമനത്തിനായുള്ള പ്രാർഥനയിലാണ് ജിസാനിലെ പ്രവാസി മലയാളികൾ.