Sorry, you need to enable JavaScript to visit this website.

ലോക ബാഡ്മിന്റൺ: ക്വാർട്ടറിൽ 'ഫൈനൽ'

നാൻജിംഗ് - ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധു നിലവിലെ ചാമ്പ്യൻ ജപ്പാന്റെ നൊസോമി ഒകുഹാരയെയും സയ്‌ന നേവാൾ നിലവിലെ ഒളിംപിക് ചാമ്പ്യൻ കരൊലൈന മാരിനെയും നേരിടും. സയ്‌ന-മാരിൻ പോരാട്ടം 2015 ലെ ഫൈനലിന്റെ ആവർത്തനമാണ്. സിന്ധു-ഒകുഹാര ക്വാർട്ടർ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്ന് എന്ന് വിശേഷിക്കപ്പെട്ട കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനവും. തലനാരിഴക്കാണ് സിന്ധു അന്ന് കീഴടങ്ങിയത്.
എന്നാൽ ഇന്ത്യയുടെ ഒന്നാം നമ്പർ പുരുഷ താരം കിഡംബി ശ്രീകാന്ത് പുറത്തായി. പുരുഷ സിംഗിൾസിൽ ബി. സായ്പ്രണീതാണ് അവശേഷിക്കുന്ന ഏക ഇന്ത്യൻ താരം. മുൻ ചാമ്പ്യൻ ചൈനയുടെ ലിൻ ദാനും പ്രി ക്വാർട്ടറിൽ പുറത്തായി. 
2015 ലും 2017 ലും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടിയ സയ്‌ന 2013 ലെ ചാമ്പ്യൻ രചനോക് ഇന്തനോണിനെ അട്ടിമറിച്ചാണ് ക്വാർട്ടറിൽ ഇടം പിടിച്ചത് (21-16, 21-19). മറ്റൊരു സൂപ്പർ ക്വാർട്ടർ പോരാട്ടത്തിലേക്കാണ് സയ്‌നയും ടിക്കറ്റെടുത്തത്. രണ്ടു തവണ ലോക ചാമ്പ്യനായ നിലവിലെ ഒളിംപിക് ചാമ്പ്യൻ കരൊലൈന മാരിനുമായാണ് സയ്‌ന ക്വാർട്ടറിൽ ഏറ്റുമുട്ടുക. 
പരിക്കിനു ശേഷം തിരിച്ചുവരുന്ന രചനോക് ഫോമിലായിരുന്നില്ലെങ്കിലും സയ്‌നയുടെ വിജയം എടുത്തുപറയേണ്ടതായിരുന്നു. സമീപകാലത്ത് പ്രമുഖ താരങ്ങൾക്കെതിരെ സയ്‌ന പൊരുതിത്തോൽക്കുകയായിരുന്നു. രണ്ടാം ഗെയിം 19-19 ലെത്തിയപ്പോൾ എന്തും സംഭവിക്കാമായിരുന്നു. എന്നാൽ കോച്ച് പി. ഗോപിചന്ദിന്റെ നിർദേശം ആ ഘട്ടത്തിൽ വലിയ ഗുണം ചെയ്തതായി സയ്‌ന വെളിപ്പെടുത്തി. എട്ടാം തവണയാണ് സയ്‌ന ലോക ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തുന്നത്. മറ്റൊരു കളിക്കാരിയും ഇതുവരെ ഇത്രയധികം ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ കണ്ടിട്ടില്ല.
സിന്ധു ഒമ്പതാം സീഡ് തെക്കൻ കൊറിയയുടെ സുംഗ് ജി ഹ്യൂനിനെ 21-10, 21-18 ന് മറികടന്നു.


സായ്പ്രണീത് 21-13, 21-11 ന് ഡെന്മാർക്കിന്റെ ഹാൻസ് ക്രിസ്റ്റ്യൻ സോൾബർഗ് വിറ്റിൻഗസിനെ തോൽപിച്ചു. കിരീടസാധ്യത കൽപിക്കപ്പെടുന്ന ജപ്പാന്റെ യുവ താരം കെൻഡൊ മൊമോതയുമായാണ് സായ്പ്രണീതിന്റെ ക്വാർട്ടർ. ഏഷ്യൻ ചാമ്പ്യനാണ് മൊമോത. 
മിക്‌സഡ് ഡബ്ൾസിൽ സത്‌വിക്‌സായ്‌രാജ് രംഗിറെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യവും മെഡൽ നേട്ടത്തിന് ഒരു ജയം അരികിലാണ്. ലോക ഏഴാം നമ്പർ മലേഷ്യയുടെ ഗോ സൂൻ ഹുവാത്-ഷെവോൺ ജെമി ലായ് ജോഡിയെ അവർ 20-22, 21-14, 21-6 ന് കെട്ടുകെട്ടിച്ചു. 
പുരുഷ അഞ്ചാം നമ്പർ ശ്രീകാന്തിന്റെ തോൽവിയാണ് ഇന്ത്യക്ക് ഇന്നലെ ഏറ്റവും വലിയ തിരിച്ചടി. മുപ്പത്തൊമ്പതാം റാങ്കുകാരനായ മലേഷ്യയുടെ ഡാരൻ ലിയു 21-18, 21-18 ന് ശ്രീകാന്തിനെ അട്ടിമറിച്ചു.
അഞ്ചു തവണ ചാമ്പ്യനായ ലിൻ ദാനെ ചൈനയുടെ തന്നെ ഷി യുക്വി 21-15, 21-9 ന് അനായാസം തോൽപിച്ചു. നിലവിലെ റണ്ണർഅപ്പാണ് ലിൻ. ഹോങ്കോംഗിന്റെ ആൻഗസം എൻഗ് കാ ലോംഗിനെ 21-19, 21-18 ന് മറികടക്കാൻ  നിലവിലെ ചാമ്പ്യൻ ഡെന്മാർക്കിന്റെ വിക്ടർ ആക്‌സൽസൻ ഏറെ പണിപ്പെട്ടു. ഒളിംപിക് ചാമ്പ്യൻ ചെൻ ലോംഗുമായാണ് ആക്‌സൽസന്റെ ക്വാർട്ടർ.
വനിതാ ടോപ് സീഡ് തായ് സു യുംഗ് 21-19, 21-14 ന് അമേരിക്കക്കാരി ഷാംഗ് ബെയ്‌വനെ കീഴടക്കി. ഈ വർഷം 36 കളികളിൽ ഒരെണ്ണം മാത്രമാണ് തായ് തോറ്റത്. ജനുവരിയിൽ രചോനോക്കിനോടായിരുന്നു തോൽവി. രണ്ടാം സീഡ് അകാനെ യാമാഗുചി, അഞ്ചാം സീഡ് ചെൻ യുഫെയ്, ആറാം സീഡ് ഹെ ബിൻഗ്ജിയാവൊ എന്നിവരും ക്വാർട്ടർ ഫൈനലിലെത്തി.

Latest News