കൊച്ചി- നിരോധിത ലഹരി പദാര്‍ഥമായ എം. ഡി. എം. എ, ഹഷീഷ് ഓയില്‍ എന്നിവയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് ശിവപുരം വട്ടോളി ബസാര്‍ തിയ്യക്കണ്ടി വീട്ടില്‍ അശ്വിന്‍ എസ് കുമാര്‍ (24), തൃശ്ശൂര്‍ ആറ്റൂര്‍ മണലടി മുണ്ടനാട്ടുപീടികയില്‍ ഫഹദ് മോന്‍ എം എസ് (20), കോഴിക്കോട് മേപ്പയ്യൂര്‍ കൂനംവള്ളികാവ് ചെറുകുന്നുമേല്‍ വീട്ടില്‍ അലന്‍ ഡി ബാബു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാന്‍ എസ്റ്റേറ്റ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും മയക്കുമരുന്നിനത്തില്‍പ്പെട്ട 1.17 ഗ്രാം എം. ഡി. എം. എയും 4.58 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.
ഉപയോഗത്തിനും വില്‍പ്പന നടത്തുന്നതിനുമായാണ് ഇവ രണ്ടും കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കളമശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോജിന്റെ നേതൃത്വത്തില്‍ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ സബ് ഇന്‍സ്‌പെക്ടറായ അരുണ്‍കുമാര്‍, എ. എസ്. ഐ ജോസ്, എസ്. സി. പി. ഒ സജീവ്, ഡി. വി. ആര്‍. സി. പി. ഒ ആദര്‍ശ് എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.